February 18, 2025 6:09 am

സേവനത്തിനു നികുതി ; എന്തൊരു അസംബന്ധമാണത്

കൊച്ചി:മിത്തിനോട് കളിച്ചപോലെ..കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് കാര്യവുമില്ല .. അയാൾ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ… നടൻ ജോയ് മാത്യു ഫേസ്ബുക്കിലെഴുതുന്നു.
GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണക്കുക.സമരം ആളിക്കത്തിക്കൂ…എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ ..നടൻ ജോയ് മാത്യു തുടരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :-

“സേവനത്തിനു നികുതി ഈടാക്കുക “ഹോ എന്തൊരു അസംബന്ധമാണത് !
അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി മേൽപ്പറഞ്ഞ നികുതികൾ അടക്കാൻ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴൽ നാടൻ
മനസ്സിലാക്കാതെ പോയി .
GST,IGST എന്നീ സേവന നികുതികൾ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ളബൂർഷ്വാ ഏർപ്പാടാണെന്ന് ആർക്കാണറിയാത്തത് !
സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂർഷ്വാ -മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെൺകുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇ ബു ജി (ഇടത് ബുദ്ധി ജീവികൾ )കളോ പണിയെടുത്ത് ജീവിക്കുന്നതിൽ വിശ്വാസമില്ലാത്ത
വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ .
ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളർത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി പിഴിയൽ പരിപാടിയായ
GST,IGST ചൂഷണങ്ങളിൽ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തിൽ നാം ചെയ്യേണ്ടത് ? അങ്ങിനെയെങ്കിൽ
എന്റെ പിന്തുണ ഇപ്പോൾ തന്നെ ഇതാ റൊക്കമായി (GST,IGST എന്നിവ ഇല്ലാതെ )തരുന്നു .
അല്ലാതെ കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.അയാൾ
മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മൾ വിപ്ലവകാരികളെ നാണം കെടുത്തുകയാണ് .അത് അയാളുടെ തന്ത്രമാണ് ,നമ്മൾ വിപ്ലവകാരികൾ അതിൽ വീണുപോകരുത് .മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട അയാൾ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ .
അതിനാൽ GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണക്കുക.
സമരം ആളിക്കത്തിക്കൂ.
എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ ..

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News