കരിമണലും കുഴല്‍നാടനും

In Special Story
August 13, 2023

കൊച്ചി: ആലുവയിലെ കരിമണല്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് ‘പണം’ പററിയതിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ എം എല്‍ എയെ കാത്തിരിക്കുന്നത് അന്തരിച്ച പി..ടി. തോമസിന്റെ ‘ഗതി’ ആയിരിക്കുമെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആര്‍.. പരമേശ്വരന്റെ മുന്നറിയിപ്പ്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മാത്യു കുഴല്‍നാടന്‍ 140 നിയമസഭാഠഗങ്ങളില്‍ ഒറ്റപ്പെട്ട് വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷെ, പി. ടി. തോമസിനെക്കാള്‍ ഒരു പടി മേലെ. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു ശേഷം തോമസ് നേരിട്ട വിധിയാകും അയാളെ പക്ഷെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസ്സിന് ഇന്നത്തെ കാലാവസ്ഥയില്‍ അത്തരം ഒരാളെ താങ്ങാന്‍ ആവില്ല.കാരണം, കോണ്‍ഗ്രസ്സ് മറ്റെല്ലാ പാര്‍ട്ടികളെയും പോലെ തന്നെ സ്വയം നിര്‍ണ്ണയാവകാശം ഉള്ള സംഘടനയല്ല. മതാധികാരികളും ക്രോണിസാമ്പത്തികശക്തികളും തന്നെയാണ് അതിന്റെ നയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്.കൂടാതെ,പിണറായിക്ക്, കുഞ്ഞാലിക്കുട്ടിയിലൂടെ അതിനെ നന്നായി നിയന്ത്രിക്കാന്‍ കഴിയുന്നത് കൊണ്ട് അത് ഇന്ന് ഒരു പ്രതിപക്ഷമേ അല്ല.

പോരാത്തതിന്,പണ്ടേക്ക് പണ്ടേ കോണ്‍ഗ്രസ് ഇന്ത്യയില്‍ അഴിമതിയുടെ അമ്മപ്പാര്‍ട്ടിയാണ്. ബി.ജെ.പി. യും സി. പി. എമ്മും അഴിമതിയുടെ കാര്യത്തില്‍ പിന്തുടരുന്നത് അതിന്റെ കാല്‍നഖേന്ദുമരീചികള്‍ ആണ്. കേട്ടില്ലേ, ഇന്നലെ ഒരുത്തന്‍ പത്രസമ്മേളനത്തില്‍ ഉളുപ്പില്ലാതെ കര്‍ത്താവിന്റെ കയ്യില്‍ നിന്ന് കിട്ടിയ കങ്കാണിപ്പണത്തെ സംഭാവനയെന്ന് വിശേഷിപ്പിച്ചത്?

അന്ന് വി.എം. സുധീരന്‍ പ്രസിഡന്റായി ഉണ്ടായിരുന്നത് കൊണ്ടാണ് പി. ടി. തോമസ് പുനരധിവസിക്കപ്പെട്ടത്. ഇന്ന് അങ്ങിനെയുള്ളവര്‍ കോണ്‍ഗ്രസില്‍ ഇല്ല.