ന്യൂഡൽഹി നേരിട്ട് വിമാന സർവീസും 2020 മുതൽ നിർത്തിവച്ച കൈലാഷ് മാനസരോവർ യാത്ര തുടങ്ങാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു.
ഈ വേനൽ കാലത്തു തന്നെ യാത്ര പുനരാരംഭിക്കും. ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ 75ാം വർഷത്തിലാണ് യാത്ര പുനരാരംഭിക്കുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈന വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ചർച്ചകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യാനും ധാരണയായി. സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകളും ചർച്ച ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷീ ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ യാത്ര പുനരാരംഭിക്കുന്നതിനു വഴി തുറന്നത്.
2020ൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് യാത്ര നിർത്തി വച്ചു. പിന്നീട് ഗൽവാൻ സംഘർഷത്തെ തുടർന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ യാത്ര പൂർണമായും അനിശ്ചിതത്വത്തിലായി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ശാന്തമായി ഇരു രാജ്യങ്ങളും സേനയെ പിൻവലിച്ചതോടെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങി.