പെരിയാറിനെ പനിനീരാക്കിയ മധുരഗായകന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം

1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും.

തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ തീവണ്ടി പതുക്കെ മുന്നോട്ടു നീങ്ങാന്‍ തുടങ്ങിയതോടെ ഓടിവന്ന് ട്രെയിനില്‍ ചാടി കയറി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന് പിടികിട്ടിയില്ല.

പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയില്‍ അബദ്ധവശാല്‍ വീണു പോയ ദക്ഷിണേന്ത്യയുടെ പ്രിയഗായകന്റെ ശരീരത്തിലൂടെ തീവണ്ടിചക്രങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങി. വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭാര്യ ജിക്കിയുടെ മുമ്പില്‍ വെച്ചു തന്നെ പിടഞ്ഞുമരിച്ച എ എം രാജയുടെ ദുരന്തവാര്‍ത്ത ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും.

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ജനിച്ച ഏയ്മല മന്മഥരാജ ‘വിശപ്പിന്റെ വിളി ‘എന്ന ചിത്രത്തില്‍ പ്രേംനസീറിന് പിന്നണി
പാടിക്കൊണ്ടാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ സത്യന്‍ നായകനായി അഭിനയിച്ച സ്‌നേഹസീമയിലെ ‘കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാരപ്പൊന്നുമകളേ….’

എന്ന ഗാനത്തോടെയാണ് എ എം രാജ മലയാള സിനിമയില്‍ സജീവമാകുന്നത്. ഉദയായുടെ ‘ഭാര്യ’ എന്ന ചിത്രത്തില്‍ സുശീലയോടൊപ്പം പാടിയ ‘പെരിയാറേ പെരിയാറേ പര്‍വ്വതനിരയുടെ പനിനീരേ….’

 

എന്ന ഗാനം വളരെയധികം ജനപ്രീതി നേടിയതോടുകൂടി മലയാളത്തിലെ നമ്പര്‍ വണ്‍ ഗായകനായി രാജ ഉയര്‍ന്നു.
ഈ ചിത്രത്തില്‍ തന്നെ
എ എം രാജയും ഭാര്യ ജിക്കിയും
ചേര്‍ന്ന് പാടിയ

‘ മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളി തന്നാട്ടെ ….’

എന്ന ഗാനവും വമ്പിച്ച ജനശ്രദ്ധ നേടിയെടുത്തു. മലയാളത്തിലെ ദേവരാഗങ്ങളുടെ ശില്പി ദേവരാജന്റെ പ്രിയഗായകനായിരുന്നു എ.എം രാജ. ദേവരാജന്‍ തന്നെയാണ് രാജയെക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ മലയാളത്തില്‍ പാടിപ്പിച്ചതും.

‘ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ … ‘
( ഓമനക്കുട്ടന്‍ -വയലാര്‍ – ദേവരാജന്‍ )
‘ദേവദാരു പൂത്ത നാളൊരു … ‘
(മണവാട്ടി – വയലാര്‍ – ദേവരാജന്‍ )
‘മയില്‍പീലി കണ്ണുകൊണ്ട് ..’.(കസവുതട്ടം – വയലാര്‍ – ദേവരാജന്‍)
‘കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ … ‘
( വെളുത്ത കത്രീന – ശ്രീകുമാരന്‍ തമ്പി – ദേവരാജന്‍)

‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ …. ‘
‘മാനസേശ്വരി മാപ്പ് തരൂ …’
( രണ്ടു ഗാനങ്ങളും അടിമകള്‍ എന്ന ചിത്രത്തില്‍ നിന്ന്, രചന വയലാര്‍- സംഗീതം ദേവരാജന്‍)
‘കിഴക്കേമലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനി പെണ്ണ് ….”
(ബി വസന്തയോടൊപ്പം – ചിത്രം, ലോറാ നീ എവിടെ – രചന വയലാര്‍ – സംഗീതം ബാബുരാജ് )
‘അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു …’
.( ഉണ്ണിയാര്‍ച്ച – രചന പി ഭാസ്‌കരന്‍ – സംഗീതം കെ രാഘവന്‍ )
‘കിളിവാതിലില്‍ മുട്ടി വിളിച്ചത് ..’.( റബേക്കാ – വയലാര്‍ –
കെ രാഘവന്‍ )
‘ കണ്‍മണി നീയെന്‍ കരംപിടിച്ചാല്‍ …. ‘
(കുപ്പിവള
പി ഭാസ്‌കരന്‍ – ബാബുരാജ് )
‘പാലാണ് തേനാണ് ..’
(ഉമ്മ- രചന പി ഭാസ്‌കരന്‍ – സംഗീതം ബാബുരാജ് )
‘ചന്ദനപ്പല്ലക്കില്‍ വീടു കാണാന്‍ വന്ന … ‘
(ചിത്രം പാലാട്ടുകോമന്‍ – വയലാര്‍ – ബാബുരാജ് )
‘പാലാഴി കടവില്‍ നീരാട്ടിനിറങ്ങിയ … ‘
( കടലമ്മ വയലാര്‍ – ദേവരാജന്‍ ) ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം …’
( ചിത്രം ഭാര്യമാര്‍ സൂക്ഷിക്കുക – ശ്രീകുമാരന്‍ തമ്പി – ദക്ഷിണാമൂര്‍ത്തി)

https://www.youtube.com/watch?v=UAmU3uqrb0o

‘നന്ദനവനിയില്‍
പ്രേമപഞ്ചമിനാളില്‍ … ‘
(ചിത്രം കളിത്തോഴന്‍ –
രചന പി ഭാസ്‌കരന്‍ -സംഗീതം ദേവരാജന്‍ -ആലാപനം
എ.എം രാജ, എസ് ജാനകി)
എന്നിവയെല്ലാം എ എം.രാജയുടെ തേന്‍നിലാവ് പോലെയുള്ള ശബ്ദമാധുര്യത്തിലൂടെ കേരളക്കരയ്ക്ക് ലഭിച്ച ശ്രുതിമധുരമായ ഗാനങ്ങളാണ്. 1970-ല്‍ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അമ്മ എന്ന സ്ത്രീ ‘ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് എ എം രാജയായിരുന്നുവെങ്കിലും തമിഴിലും തെലുങ്കിലും സംഗീത സംവിധാന രംഗത്ത് നേടിയ വിജയം മലയാളത്തില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

എങ്കിലും അദ്ദേഹം പാടിയ ഒട്ടനവധി മധുര ഗാനങ്ങളിലൂടെ സംഗീത കേരളം ഈ ഗായകനെ എന്നുമെന്നും ഓര്‍ക്കും.


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365)


Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News