കേന്ദ്ര നേതാക്കള്‍ ഒഴുകിയെത്തും: കേരളത്തില്‍ ഇലക്ഷന്‍ ചൂട് കടുക്കും

In Main Story
April 07, 2024

തിരുവനന്തപുരം: രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ കേന്ദ്രനേതാക്കളുടെ വരവിനൊരുങ്ങി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു ജില്ലകളില്‍ വീണ്ടും പ്രചാരണത്തിനെത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഇറക്കി കോണ്‍ഗ്രസും യച്ചൂരി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കൊണ്ടുവന്ന് സിപിഎമ്മും കളംനിറയ്ക്കും.

പത്തനംതിട്ടയിലാണ് ഇത്തവണ ആദ്യം മോദിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നേയെത്തിയത് രണ്ടു തവണ തൃശ്ശൂരും ഒരിക്കല്‍ തിരുവനന്തപുരത്തും. വരുന്ന പതിനഞ്ചിനാണ് അഞ്ചാം വരവ്. കുന്നംകുളവും ആറ്റിങ്ങലുമാകും വേദികള്‍. തൃശ്ശൂര്‍, ആലത്തൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായാവും നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന. ആരോഗ്യപ്രശ്‌നങ്ങളാല്‍ നിശ്ചയിച്ച തീയതിക്ക് വരാന്‍ കഴിയാതിരുന്ന അമിത്ഷാ ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും ഇറങ്ങും.

വയനാട്ടില്‍ കെ. സുരേന്ദ്രന് വേണ്ടിയായിരിക്കും കൂടുതല്‍ ബിജെപി കേന്ദ്ര നേതാക്കളെത്തുക. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യവുമായിട്ടായിരിക്കും വയനാട്ടിലേക്ക് കേന്ദ്ര നേതാക്കള്‍ ചുരം കയറുക. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപയിനര്‍ ഇക്കുറി പ്രിയങ്ക ഗാന്ധിയാണ്. വയനാടിന് പുറമെ ആലപ്പുഴ ഉള്‍പ്പടെയുള്ള മറ്റു മണ്ഡലങ്ങളിലും എത്തിയേക്കും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പരമാവധി മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തും. ഡികെ ശിവകുമാറിനെപ്പോലെ കേരളത്തില്‍ ആരാധകരുള്ള നേതാക്കളെ കോണ്‍ഗ്രസ് ഇറക്കിത്തുടങ്ങി.

ഈമാസം 22 ന് കണ്ണൂരില്‍ സമാപിക്കുന്ന തരത്തിലുള്ള പ്രചാരണ ഷെഡ്യൂളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം തുടരുന്നത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി രാജയും അടക്കമുള്ള ഇടതുപക്ഷത്തിന്റെ ദേശീയ നേതാക്കളും അടുത്തയാഴ്ചയോടെ എത്തും. മൂന്നുമുന്നണികളുടെയും പ്രധാന നേതാക്കളിറങ്ങുന്നതോടെ മീനച്ചൂട് മേടത്തിലേക്ക് കടക്കും.