വീരപ്പൻ ദൗത്യം ; ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് നീതി

ചെന്നൈ :  കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. .4 ഐഎഫ്എസുകാരടക്കം വനംവകുപ്പിലെ 126 പേർ, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥരാണു കേസിലെ പ്രതികൾ. സംഭവം നടന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം 2011 സെപ്റ്റംബറിലാണു പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്.

 2011 മുതൽ പ്രതികൾ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി.വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ‌ സെഷൻസ് കോടതിക്കു ജഡ്ജി നിർദേശം നൽകി. 1992 ജൂണിലാണ് 18 യുവതികൾ പീഡിപ്പിക്കപ്പെട്ടത്. ഇരകൾക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണമെന്നു കോടതി ഉത്തരവിട്ടു. മരണപ്പെട്ട 3 സ്ത്രീകളുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം നൽകണമെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങൾക്കും, വാചാതി പ്രദേശത്തെ ഗോത്രവർഗക്കാരുടെ ജീവിത നിലവാരം ഉയർത്താനും നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വീരപ്പനെ സഹായിക്കുന്നെന്നും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചെന്നും രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് അന്വേഷണസംഘം അന്ന് വാചാതി ഗ്രാമം വളഞ്ഞത്. ഉദ്യോഗസഥർ വീടുകൾ ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി നാട്ടുകാർ ആരോപിച്ചിരുന്നു. ദിവസങ്ങൾക്കു ശേഷം, റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികൾ പരാതിപ്പെട്ടു. 1995ൽ സിപിഎം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി സിബിഐയ്ക്കു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News