സച്ചിദാനന്ദൻ പറഞ്ഞത് കേരളത്തിൻ്റെ മനസ്സ്; സതീശൻ

കോട്ടയം: ഇടതുപക്ഷ ബുദ്ധിജീവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസ്സ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ രംഗം കൊഴുപ്പിക്കുന്നു.

സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്.

കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുന്നതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. മാസപ്പടി വിവാദം ഉള്‍പ്പെടെ ആറ് സുപ്രധാനമായ അഴിമതി ആരോപണങ്ങളാണ് ഞങ്ങള്‍ മുഖ്യമന്ത്രിക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. ആറു അഴിമതികളുടേയും പുറകില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുണ്ട്.

തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടി പറാനുള്ള ധൈര്യമില്ല. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ ഭയപ്പെടുന്നു. ജനങ്ങളെ കാണാന്‍ പേടിയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രം പോകുന്നു. മുന്നിലിരിക്കുന്ന കൊച്ചു സഖാക്കള്‍ക്ക് ചോദ്യം ചോദിക്കാനറിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പിച്ചറിയാം. മാധ്യമങ്ങളെ ഭയപ്പെട്ട, പേടിച്ചുവിരണ്ടുനടക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന സ്ഥാനം ഞങ്ങള്‍ ഈ അവസരത്തില്‍ പിണറായി വിജയന് നല്‍കുന്നു’ – സതീശന്‍ പറഞ്ഞു.

മാധ്യമങ്ങളേയും ജനങ്ങളേയും പ്രതിപക്ഷത്തേയും ഇത്രയേറെ
ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല. ഇതാണോ ഇരട്ടച്ചങ്കന്‍? ഇത് ഓട്ടച്ചങ്കനാണ്. അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

ഇപ്പോള്‍ പൊതുമരാമത്ത് മന്ത്രിയാണ് ഇറങ്ങിയിരിക്കുന്നത്, ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്നുകൊടുക്കണമെന്നാണ് മരുമോന്‍ പറയുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ചതിനാലാണ് ആരോപണം ഉന്നയിച്ചവര്‍ക്ക് മരുന്നുകൊടുക്കണമെന്ന് ഒരു മന്ത്രിക്ക് പറയാന്‍ ധൈര്യം കിട്ടിയത്. പൊതുമരാമത്ത് മന്ത്രി, ഈ മന്ത്രിസഭയില്‍ മറ്റുമന്ത്രിമാര്‍ക്കുള്ളതിനേക്കാള്‍ അമിതാധികാരങ്ങള്‍ കയ്യാളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News