February 18, 2025 4:32 am

ഉത്തരാഖണ്ഡ് ടണൽ;അന്വേഷിക്കാൻ ആറംഗ വിദഗ്ദ്ധ സമിതി

ഡെറാഢൂൺ: ഉത്തരാഖണ്ഡ് ടണൽ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ആറംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ രണ്ട് ദിവസത്തോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.

ഉത്തരകാശി ജില്ലയിൽ ചാർധാം ഓൾവെതർ ഹൈവേ പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരുഭാഗം ഞായറാഴ്ച പുലർച്ചെ തകർന്നുവീഴുകയായിരുന്നു. നാൽപ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇൻഡോടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) അടക്കം 150ലധികം ഉദ്യോഗസ്ഥർ രാപകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഉത്തർപ്രദേശ്,ജാർഖണ്ഡ്, ഒഡീഷ, ബീഹാർ സ്വദേശികളാണ് കുടുങ്ങിയവരിലേറെയും.ഇന്നലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അപകട സ്ഥലം സന്ദർശിച്ചിരുന്നു.

ടണലിന്റെ പ്രവേശന കവാടത്തിൽ നിന്ന് 60 മീറ്റർ ദൂരെയാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനത്തിനായി 900 എംഎം വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ എത്തിച്ചിട്ടുണ്ട്. തൊഴിലാളികളെ പൈപ്പുകളിലൂടെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് രക്ഷാപ്രവർത്തകരുടെ കണക്കുകൂട്ടൽ.വാക്കി ടോക്കി ഉപയോഗിച്ച് കഴിഞ്ഞ ദിവസം തൊഴിലാളികളുമായി അധികൃതർ ആശയവിനിമയം നടത്തിയിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണവും ഓക്‌സിജനും പൈപ്പിലൂടെ എത്തിക്കുകയും ചെയ്‌തിരുന്നു. മണ്ണും ചെളിയും വീണ്ടും വീഴുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News