January 15, 2025 12:20 pm

ഒടുവിൽ പൂരം കലക്കൽ റിപ്പോർട്ട് അഞ്ചു മാസത്തിന് ശേഷം

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ട് അഞ്ചു മാസത്തിനു ശേഷം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാർ സമർപ്പിച്ചു.

റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം ലഭിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് കൈമാറുകയായിരുന്നു. റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും.

തൃശ്സൂർ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ,ആർ.ബിന്ദു എന്നിവരും അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പോലീസ് പൂരം കലക്കിയത്.ഇതിനെ തുടർന്ന്, തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ പിന്നീട് സ്ഥലം മാറ്റി.

പൂരം കലക്കിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കനുള്ള കളമൊരുക്കാൻ വേണ്ടിയായിരുന്നു എന്ന് പ്രതിപക്ഷവും സി പി ഐയും ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചത് അജിത് കുമാർ ആണെന്ന് കോൺഗ്രസ്സും സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി അൻവറും കുററപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.

പൂരം നടന്ന ഏപ്രിൽ 19ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ വിവാദത്തിന് വഴിവെച്ചിരുന്നു. 21ന് പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേ‍ഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം.

സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവ കെട്ടിയടച്ച് പൂരനഗരിയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇതോടെ രാത്രിപ്പൂരം കാണാനെത്തിയവരിൽ ഭൂരിഭാഗം പേർക്കും റൗണ്ടിലേക്ക് കടക്കാനായില്ല. സാധാരണ പുലർച്ചെ മൂന്നിനുള്ള വെടിക്കെട്ടിന് രണ്ടു മണിയോടെ മാത്രമാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിർത്തിയിരുന്നത്.

തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം ഇതിൽ പൊലീസിനെ ചോദ്യം ചെയ്തു. ആൾക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്ന് പരാതിയുയർന്നു.

പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. ഒമ്പതാനകളെ ഉൾക്കൊള്ളിച്ച് നടക്കേണ്ടിയിരുന്ന എഴുന്നള്ളിപ്പിൽ ഒരാനയെ മാത്രം എഴുന്നള്ളിച്ചും പന്തലുകളിലെ വിളക്കുകളണച്ചും പഞ്ചവാദ്യം പുലർച്ചെ ഒന്നരയോടെ അവസാനിപ്പിച്ചുമായിരുന്നു പ്രതിഷേധം.

പുലർച്ചെ മൂന്നിന് നടക്കേണ്ടിയിരുന്ന വെടിക്കെട്ടിലും അനിശ്ചിതത്വമുണ്ടായി. അന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടു മൈതാനത്തുനിന്ന് പൂരം കമ്മിറ്റിയംഗങ്ങളെയുൾപ്പെടെ നീക്കാൻ ശ്രമിച്ചതോടെയാണ് തർക്കമുണ്ടായത്. ജനങ്ങൾ പൂരപ്പറമ്പിൽ ‘ പൊലീസ് ഗോ ബാക്ക് ’ മുദ്രാവാക്യം മുഴക്കുകയും കൂക്കിവിളിക്കുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.

ജനരോഷം ശക്തമായതോടെ മന്ത്രി കെ.രാജൻ, അന്നത്തെ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജ, തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽ കുമാർ, ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ തുടങ്ങിയവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെത്തുടർന്ന് 4 മണിക്കൂർ വൈകി രാവിലെ 7.15നാണ് വെടിക്കെട്ടു തുടങ്ങിയത്. പൊലീസ് നടപടിയെ അന്നുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിമർശിച്ചിരുന്നു.

പൂരപ്രേമികളോട് കയർക്കാനും പിടിച്ചുതള്ളാനും കമ്മിഷണർ അങ്കിത് അശോകനാണ് മുന്നിൽനിന്നത്. ഇതിന്റെ വിഡിയോ അടക്കം പുറത്തുവന്നിരുന്നു. പൂരത്തലേന്നു തന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു. പൂരദിവസം രാവിലെ തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്തും പൊലീസും കമ്മിറ്റിക്കാരും തമ്മിൽ തർക്കമുണ്ടായി.

രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിന് ഗതാഗത ക്രമീകരണം നടപ്പാക്കാത്തതോടെ എഴുന്നള്ളിപ്പ് ഗതാഗതക്കുരുക്കിൽപ്പെട്ടു. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പാതയും പൊലീസ് കെട്ടിയടച്ചിരുന്നു. പിന്നീട് വലിയ തർക്കത്തിനു ശേഷമാണ് പൊലീസ് ബാരിക്കേഡ് മാറ്റിയത്. ഇലഞ്ഞിത്തറ മേളം വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ നടക്കുമ്പോൾ മേൽശാന്തിയെ പുറത്തു തടഞ്ഞുവച്ചതിനും പൊലീസ് വിവാദത്തിൽപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News