യു.പി. മദ്രസ നിയമം: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു.

മദ്രസകളിലെ 17 ലക്ഷം വിദ്യാർത്ഥികളെയും 10,000 അധ്യാപകരെയും സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ക്രമീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം സുപ്രീം കോടതി വിധി മരവിപ്പിച്ചു.

മദ്രസ നിയമം, മതേതരത്വത്തിൻ്റെ ലംഘനമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളെ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിൽ 25,000 മദ്രസകളുണ്ട്. അവയിൽ 16,000 എണ്ണം ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരമുള്ളവരാണ്.