January 24, 2025 1:44 am

കന്യാസ്ത്രീകളും വൈദികരും ആദായ നികുതി നൽകണം

ന്യൂഡൽഹി : ക്രൈസ്തവ സഭകളിലെ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബഞ്ചിൻ്റെ വിധി.

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഇടാക്കുന്നതിനെതിരേ വിവിധ സന്യാസസഭകള്‍ സമര്‍പ്പിച്ച 93 ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

നിയമം എല്ലാവര്‍ക്കും ഒരു പോലയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്ബളത്തില്‍ നിന്ന് ആദായനികുതി പിടിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഒരു സ്ഥാപനം ശമ്പളം നൽകുമ്പോൾ അത് ആ വ്യക്തി എടുത്താലും രൂപതയ്‌ക്കോ മറ്റെവിടെയെങ്കിലും നല്‍കിയാലും നികുതി ഈടാക്കുന്നതിന് തടസ്സമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്നും തങ്ങളുടെ സഭകള്‍ക്കാണ് അത് നല്‍കുന്നതെന്നും കന്യാസ്ത്രീകള്‍ വാദിച്ചു.

അനുസരണം, ദാരിദ്ര്യം, ബ്രഹ്‌മചര്യം എന്നീ പ്രതിജ്ഞകള്‍ പാലിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വസ്തുവകകള്‍ കൈവശം വയ്ക്കാനോ വിവാഹം കഴിക്കാനോ കഴിയില്ല. അതിനാല്‍ തങ്ങള്‍ സമ്പാദിക്കുന്ന പണം അതാത് സന്യാസ സഭകള്‍ക്കാണ് നല്‍കുന്നത്. അതിനാല്‍, ആദായനികുതി റിട്ടേണ്‍സ് നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് അവര്‍ വാദിച്ചു.

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്ബളത്തിനു ടിഡിഎസ് ( വരുമാനത്തില്‍ നിന്ന് നേരിട്ടുള്ള നികുതി ) ബാധകമാകുമെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരായ ഹര്‍ജിയും കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ഹര്‍ജികളും ബെഞ്ച് പരിഗണിച്ചു. ശമ്ബളം ലഭിക്കുന്നുണ്ടെന്നും അത് മറ്റൊരാള്‍ക്ക് കൈമാറുന്നത് കൊണ്ട് വരുമാനമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരില്‍ നിന്ന് ശമ്പളം മേടിക്കുന്ന വിവിധ മത സന്യാസ സഭകളുടെ അംഗങ്ങളില്‍ നിന്നും ടിഡിഎസ് പിടിക്കുന്നതിന് വിദ്യാഭ്യാസ അധികാരികള്‍ക്കും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും ആദായനികുതി വകുപ്പ് 2014 ഡിസംബര്‍ 1ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് വിവിധ സന്യാസ സഭകള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ നിര്‍ദേശത്തിനെതിരേ സന്യാസ സഭകള്‍ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കാനന്‍ നിയമങ്ങള്‍ക്ക് സിവില്‍ നിയമത്തെ മറികടക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News