March 17, 2025 3:29 am

മുകേഷിൻ്റെ രാജി വിവാദം; സി പി എമ്മിൽ തർക്കം; രാജിവേണം എന്ന് വൃന്ദ

ന്യൂഡല്‍ഹി: നടിയെ പീഡിപ്പിച്ച കേസിൽപ്പെട്ട സി പി എമ്മിൻ്റെ എം എൽ എ യും നടനുമായ മുകേഷ് രാജിവെക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സി പി എം സംസ്ഥാന ഘടകം. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും കേന്ദ്ര സമിതി അംഗം പി കെ ശ്രീമതിയും ഇക്കാര്യം പരസ്യമായി പറഞ്ഞുട്ടുമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പാർട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബൃന്ദാ കാരാട്ടിൻ്റെ പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അനന്തരഫലത്തെ കുറിച്ച്‌ ചില ചിന്തകള്‍’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

കോണ്‍ഗ്രസ് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, എം. വിൻസന്റ് എന്നിവർക്കെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയർന്നിരുന്നുവെങ്കിലും ഇരുവരും രാജിവെച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മുകേഷും രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം സ്വീകരിച്ചത്.

നിങ്ങള്‍ അത് ചെയ്യാത്തതുകൊണ്ട് ഞങ്ങളും ചെയ്യില്ല എന്ന നിലപാട് തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പീഡനാരോപണം ഉയർന്നിട്ടും കോണ്‍ഗ്രസ് ഇവരെ സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ ഇവരെ പിന്തുണക്കുന്നുവെന്നും ബൃന്ദ വിമർശിച്ചു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തില്‍ പരോക്ഷ വിമർശനമുന്നയിക്കുന്നത്.

സി പി ഐ ദേശീയ സമിതി അംഗം ആനി രാജയും മുകേഷിൻ്റ് രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിക്കുന്നത് ആനി രാജയ്ക്ക് ഇതിൽ എന്തു കാര്യം എന്നാണ്. സംസ്ഥാന വിഷയത്തിൽ സംസ്ഥാന നേതൃത്വം അഭിപ്രായം പറയും എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. രാജി വേണ്ട എന്ന സി പി എം നിലപാടിനോടാണ് ബിനോയ്ക്ക് പൊരുത്തമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News