ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15-ന് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി ഒരു കടൽക്കൊള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടം അദാനി ​ഗ്രൂപ്പുമായി ചേർന്ന് നടത്തുന്നതാണെന്ന ആരോപണവും ഉയർന്നു. എന്നാല്‍ ഇതിലൊന്നും പിന്തിരിഞ്ഞോടാതെ വിഴിഞ്ഞം നടപ്പാക്കുമെന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. തുറമുഖത്തിന്റെ തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്.

കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെയുള്ള മുഴുവന്‍ അനുമതികളിലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വാങ്ങിച്ചെടുത്തു. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി. വികസനമെന്നത് ഈ നാടിനോടും വരും തലമുറയോടുമുള്ള നമ്മുടെ പ്രതിബദ്ധതയാണ്. വികസനം വരുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കും. ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ഒരു വലിയ ചരിത്രമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തുടങ്ങിയ സ്വപ്‌നമല്ല. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ഒരുപാട് പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളാലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News