സുപ്രിംകോടതി ഇടപെട്ടു; രാഹുൽ ലോക്സഭയിലേക്ക്

ന്യൂഡല്‍ഹി: വയനാട് ലോക്സഭാംഗ സ്ഥാനത്തു നിന്ന് സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാൻ ഇടയാക്കിയ അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ഗാന്ധിക്ക് ആശ്വാസം.

‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് സ്റേറ ചെയ്തു. രാഹുലിന്റെ  ഹര്‍ജിയിൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.

വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അയോഗ്യത നീങ്ങിയതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും ഒഴിവായി

എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ കോടതിയിൽ ബോധിപ്പിച്ചു.

മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് മാര്‍ച്ച് 23-ന് ഗുജറാത്തിലെ സൂറത്ത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.

കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം. ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിനല്‍കിയത്. കേസില്‍ തടവിന് ശിക്ഷിച്ചതോടെ എം.പിസ്ഥാനത്തുനിന്നും രാഹുൽ അയോഗ്യനാക്കപ്പെടുകയായിരുന്നു.

രാഹുലിന്റെ അപ്പീല്‍ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രാഹുല്‍ഗാന്ധിക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയുള്ള പശ്ചാത്തലമുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

എന്നാല്‍, ഇത്തരം പരാതികളെല്ലാം തന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയതാണെന്നും ഒന്നില്‍പ്പോലും താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മറുപടിയായി ബോധിപ്പിച്ചു.

കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കുന്നത്. . അപകീര്‍ത്തി കേസില്‍ ലഭിക്കുന്ന പരാമാധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് നടപടിയെടുത്തത്.

എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് ന്യൂഡൽഹി തുഗ്ലക്ക് ലെയിന്‍ 12-ലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.രാഹുൽ വസതി ഒഴിയുകയും ചെയ്തു.

2004-ല്‍ ലോക്‌സഭാ അംഗമായതു മുതല്‍ ഉപയോഗിച്ചുവരുന്ന വസതി ഒഴിയാന്‍ ആവശ്യപ്പെട്ടതടക്കമുള്ള നടപടികളിലെ തിടുക്കം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ വലിയ വിമര്‍ശനവും ഉയർന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News