ഇന്ത്യ സഖ്യം തകർച്ചയിൽ: നിതീഷ് വീണ്ടും ബി ജെ പി ചേരിയിലേക്ക്

ന്യൂഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാലാം തവണയും മറുകണ്ടം ചാടി ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമാവുന്നു. പ്രതിപക്ഷത്തിൻ്റെ ഇന്ത്യാ മുന്നണിയിൽ വലിയ വിള്ളലുണ്ടാക്കിയാണ് ഈ കൂറുമാററം.  ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ആലോചിച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു നിതീഷ് കുമാർ

ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ജെഡി(യു) വൃത്തങ്ങൾ വ്യക്തമാക്കി. നിതീഷ് സർക്കാർ ഞായറാഴ്ച രാജിവയ്ക്കും.അദ്ദേഹം പിന്നീട് ഗവർണറെ കണ്ട് സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി തേടും.

നോണിയ സമുദായത്തിൽ നിന്നുള്ള , രേണു ദേവിയെ ഉപമുഖ്യമന്ത്രിയാക്കാനാണ് സാധ്യത.2020ൽ രേണു ദേവി ബിഹാറിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകുകയും 2022 ഓഗസ്റ്റ് വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ ഉപമുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇതുവരെ ഏകാഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ സുശീൽ കുമാർ മോദി, നിലവിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ,ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരും പരിഗണിക്കപ്പെടുന്ന നേതാക്കളിൽ ഉൾപ്പെടുന്നു.

243 പേരുള്ള നിയമസഭയിൽ ആർജെഡിക്ക് 79 എംഎൽഎമാരാണുള്ളത്. തൊട്ടുപിന്നിൽ ബിജെപിയുടെ 78 പേരുണ്ട്. ഇതോടെ 158 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നേടും.

ജെഡിയുവിന് 45, കോൺഗ്രസിന് 19, സിപിഐ (എംഎൽ) 12, സിപിഎമ്മിനും സിപിഐക്കും രണ്ടു വീതം, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ)യ്ക്ക് 4 സീറ്റ്, എഐഎംഐഎം ഒന്ന്, കൂടാതെ ഒരു സ്വതന്ത്രനും എന്നിങ്ങനെയാണ് കക്ഷിനില