ജാതി സെന്‍സസ്,അഗ്നിപഥ് സമ്മർദ്ദങ്ങളിൽ കുരുങ്ങി ബിജെപി

ന്യുഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. പ്രധാനമന്ത്രിയും ചില മന്ത്രിമാരും മാത്രം അന്ന് അധികാരമേൽക്കാനാന് സാധ്യത. മന്ത്രിസഭാ വികസനം പിന്നീടുണ്ടാവും.

ഇതിനിടെ, എൻ ഡി എ സഖ്യകക്ഷികളായ ടി. ഡി പിയും ജെ ഡി യുവും മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ ബുദ്ധിമുട്ടുകയാണ് ബി ജെ പി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നിയുക്ത അന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സമ്മർദ്ദ തന്ത്രത്തിലൂടെ പരമാവധി നേട്ടങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിപഥ് പദ്ധതി നിര്‍ത്തലാക്കണമെന്നും ജെഡിയു നിർദേശിച്ചിട്ടുണ്ട്.
റെയിൽവേ,  പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളാണ് ജെഡിയുവിന്റെ ആവശ്യം. അതിനു പുറമേ ഭരണം പൊതു മിനിമം പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്നും അവർ പറയുന്നു.

അഞ്ചു ക്യാബിനററ് പദവിയും എതാനും സഹമന്ത്രി സ്ഥാനങ്ങളും സ്പീക്കർ സ്ഥാനവുമാണ് 16 അംഗങ്ങളുള്ള ടിഡിപി ചോദിക്കുന്നത്.ആന്ധ്രയ്ക്കു പ്രത്യേക പാക്കേജും പദവിയും വേണം. സ്പീക്കർ സ്ഥാനം കൂടി ചോദിക്കുന്ന ടിഡിപിയെ മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബി.ജെ.പിയുടെ ആലോചന.

ധനകാര്യ മന്ത്രാലയത്തിൽ ടിഡിപിക്ക് താല്പര്യമുണ്ട്. എന്നാൽ സഹമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ഗതാഗതം എന്നീ വകുപ്പുകളും ടി ഡി പി നോട്ടമിടുന്നു.

ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിൽനിന്ന് ജെഡിയു പിന്നോട്ടു പോകില്ല.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അവർ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡ് സങ്കീർണമായ വിഷയമാണെന്നും അതുകൊണ്ട് മുന്നണിയിൽ അത് വിശദമായി ചർച്ച ചെയ്യണമെന്നും ജെ ഡി യു ആവശ്യപ്പെടും.

ജയന്ത് ചൗധരി, എച്ച്.ഡി.കുമാരസ്വാമി, അനുപ്രിയ പട്ടേൽ, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്നാഥ് ഷിൻഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്.

ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം, ധനം, റെയിൽവേ, ഐടി തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങൾ വിട്ടു കൊടുക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതായാണ് പറയുന്നത്. രാജ്നാഥ്സിംഗ് ആഭ്യന്ത്രര മന്ത്രാലയത്തിൽ വരുന്നതിനോടാണ് ചില സഖ്യകക്ഷികൾക്ക് താല്പര്യം.അമിത് ഷാ ആഭ്യന്തരമന്ത്രിയാകുന്നതിൽ പലർക്കും ഇഷ്ടക്കേടുണ്ട്.

പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് തെലുങ്കുദേശത്തിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ജെഡിയുവിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു സഹമന്ത്രി സ്ഥാനവും നൽകാൻ തയാറാണെന്ന് ബിജെപി അറിയിച്ചു. എന്നാൽ ഇരു പാർട്ടികളും പ്രതികരിച്ചിട്ടില്ല.

ബി ജെ പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ അമിത്ഷാ, രാജ്നാഥ് സിങ്, പീയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, മൻസുഖ് മാണ്ഡവ്യ എന്നിവരും ബിജെപി ജനറൽ സെക്രട്ടറിമാരും യോഗം ചേർന്ന് മന്ത്രിസഭാ രൂപവൽക്കരണത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു . ഇതിനു ശേഷമാണ് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ഘടക കക്ഷികൾക്ക് കൈമാറിയത്.