ഫെബ്രുവരി 4 മുതൽ ബി ജെ പി പ്രചരണം തുടങ്ങുന്നു

ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്ഠ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ ആയുധമാക്കും. പ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രചാരണ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർടി ഒരുങ്ങുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം.

ഫെബ്രുവരി 4 മുതൽ 11 വരെ ഗ്രാമങ്ങളിലേക്കുള്ള പ്രചരണ യാത്രയുമായിട്ടാണ് പ്രചരണത്തിന് തുടക്കമാവുക. രാജ്യത്തെ ഏഴ് ലക്ഷം ഗ്രാമങ്ങളിലും എല്ലാ നഗര ബൂത്തുകളിലും ഒരു പാർട്ടി പ്രവർത്തകനെങ്കിലും വികസന പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചും വോട്ടർമാരുമായി സംസാരിക്കും.

രാമജന്മഭൂമി പ്രക്ഷോഭമടക്കം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടാവും പ്രചരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 140-ലധികം പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.ഓരോ ബൂത്തിലും പാർട്ടിക്ക് കുറഞ്ഞത് 51 ശതമാനം വോട്ട് ലഭിക്കുമെന്നും 2019ൽ 51 ശതമാനം വോട്ട് നേടിയിരുന്ന ബൂത്തുകളിൽ ഇത്തവണ അത് മറികടക്കുമെന്നും ഉറപ്പാക്കുന്നതിനാണ് ഗ്രാമങ്ങളിലേക്കുള്ള പ്രചരണ യാത്ര.

റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോകൾ എന്നിവ ഉൾപ്പെടെ 140 ലധികം പൊതുപരിപാടികൾ പ്രധാനമന്ത്രിക്കായി രാജ്യത്തുടനീളം തയാറാക്കും. 140-ലധികം പാർലമെന്റ് മണ്ഡലം ചുമതലയുള്ള ഭാരവാഹികളിൽ നിന്ന് സ്ഥാനാർത്ഥികളുടെ വിലയിരുത്തലുകൾ ഈ സമയം ചർച്ച ചെയ്യും.

നിലവിലെ എംപിമാർക്കും വിവിധ ലോക്‌സഭാ സീറ്റുകളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുമായി പാർട്ടി ഇതിനകം തന്നെ ഒരു വിലയിരുത്തൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷനും ഉൾപ്പെടുന്ന സമിതിയുടെ നിരീക്ഷണത്തിലാണ് ഈ ക്രമീകരണം.ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരായിരിക്കും ഇതിന്റെ മേൽനോട്ടം വഹിക്കുക.