ന്യൂഡൽഹി: വിപണിയില്‍നിന്ന് നേരിട്ടും ഓണ്‍ലൈനായും വാങ്ങിയ അഞ്ച് തരം പഞ്ചസാരകളും പത്ത് തരം ഉപ്പും പരിശോധിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മൈക്രോപ്ലാസ്റ്റിക്ക് തരികളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനം.
മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും ഈ തരികൾ വളരെ അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കുന്നത് തടയൽ, പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കൽ, വന്ധ്യത തുടങ്ങി അർബുദത്തിന് വരെ ഇത് കാരണമാകാറുണ്ട്. ഇത് കൂടാതെ ശരീരത്തിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടി മറ്റ് രോഗങ്ങളുമുണ്ടാകാം. മനുഷ്യ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്.
ടോക്സിക്സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സംഘടനയുടെ ‘മൈക്രോപ്ലാസ്റ്റിക് ഇന്‍ സോള്‍ട്ട് ആന്‍ഡ് ഷുഗര്‍’ എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. ഒരു കിലോ പഞ്ചസാരയിൽ 11.85 മുതല്‍ 68.25 മൈക്രേപ്ലാസ്റ്റിക് വരെ കണ്ടു. നോണ്‍ ഓര്‍ഗാനിക് പഞ്ചസാരയില്‍ ആയിരുന്നു ഏറ്റവും അധികം.
ടേബിള്‍ സോള്‍ട്ട്, റോക്ക് സോള്‍ട്ട്, കടലുപ്പ് എന്നിങ്ങനെ പത്ത് തരം ഉപ്പുകളാണ് പഠന വിധേയമാക്കിയത്. അയഡിന്‍ ചേര്‍ത്ത ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത്. ഒരു കിലോ ഉപ്പിൽ തൊണ്ണൂറോളം തരികളാണ് കണ്ടെത്തിയത്.
മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തര ഗവേഷണം ആവശ്യമാണെന്ന് ടോക്സിക്സ് ലിങ്ക് സ്ഥാപക-ഡയറക്ടർ രവി അഗർവാൾ പറഞ്ഞു.
2022-ൽ ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇറ്റലിയിലെ 34 അമ്മമാരിൽ നടത്തിയ പഠനത്തിൽ 75 ശതമാനം പേരുടെ മുലപ്പാലിലും ഇതുണ്ടായിരുന്നു.
പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മുലപ്പാൽ ശേഖരിച്ചത്. മനുഷ്യ കോശങ്ങളിലും വന്യമൃഗങ്ങളിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം മുമ്പ് തിരിച്ചറിയപ്പെട്ടിരുന്നു.
ലോകത്തെ വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും മൈക്രോപ്ലാസ്റ്റിക്കാണ് എന്നണ് കണക്കുകൾ പറയുന്നത്. 5 മില്ലീമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കഷ്ണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കായി കണക്കാക്കാറുള്ളത്.
പതിറ്റാണ്ടുകളായി മനുഷ്യൻ വലിച്ചെറിഞ്ഞു വരുന്ന പ്ലാസ്റ്റിക്ക് കൂട്ടിയുരഞ്ഞും പൊടിഞ്ഞും സൂക്ഷ്മകണങ്ങളായി മാറുന്നു. ഇത് ലോകത്തിലെ എല്ലാ മഹാസമുദ്രങ്ങളിലും ഒഴുകിനടക്കുന്നുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പല രാജ്യങ്ങളും കടൽ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമുണ്ടാക്കുന്നത്. എന്നാൽ മൈക്രോപ്രാസ്റ്റിക്കിന് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അരിപ്പകൾക്കുള്ളിലൂടെ നുഴഞ്ഞുകയറാമെന്നും കണ്ടെത്തിയിട്ടുണ്ട്. ശുദ്ധജല സ്രോതസുകളിലും മഴവെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കുണ്ടെന്ന് കേൾക്കുന്നതാണ് ഈ സൂക്ഷ്മവസ്തുവിന്റെ ഭീകരത എത്രത്തോളമാണെന്ന് തെളിയിക്കുന്നത്.
മൈക്രോ പ്ലാസ്റ്റിക്കിനെ തടയുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് വിദ്ഗ്ധർ പറയുന്നു. പ്രധാനമായും വായുവിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് ശരീരത്തിലെത്തുന്നത്. വെള്ളം തിളപ്പിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നില്ല. വളരെയധികം തവണ ഫിൽടർ ചെയ്ത വെള്ളം കുടിക്കുകയാണ് മൈക്രോപ്ലാസ്റ്റിക്കിനെ ഒരു പരിധി വരേയെങ്കിലും തടയാനുള്ള വഴി.
മിനറൽ വാട്ടർ കുപ്പികൾ ഒഴിവാക്കി കട്ടി കൂടുതലുള്ള ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ടാപ്പുകളിൽ നിന്നും മറ്റും നേരിട്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല. വളരെ സങ്കീർണമായ മാസ്‌ക് ഉപയോഗിക്കുന്നതും മൈക്രോപ്ലാസ്റ്റിക്കിനെ തടയാൻ ഉപകാരപ്പെടും. എന്നിരുന്നാലും ഇതിനും പരിമിതികളുണ്ട്.
മൈക്രോപ്ലാസ്റ്റിക്ക് കുറക്കാൻ പ്ലാസ്റ്റിക്ക് കുറക്കുക എന്ന ഒരു വഴി മാത്രമേയുള്ളു. പക്ഷെ പ്ലാസ്റ്റിക്ക് ഇത്രയും പ്രാധാന്യമുള്ള ഒരു സമൂഹത്തിൽ പ്ലാസ്റ്റിക്ക് കുറക്കുക എന്നത് വളരെ വലിയ പ്രതിസന്ധിയാണ്. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തുക്കളെ കണ്ടെത്താനും ഇതുവരെ സാധിച്ചിട്ടില്ല. പരമാവധി പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, പ്ലാസ്റ്റിക്ക് മാലിന്യം കുറക്കുക എന്നത് മാത്രമാണ് നിലവിൽ ചെയ്യാനാകുന്നതെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.