തിരഞ്ഞെടുപ്പ് തീയതി മാർച്ച് 15 ന് മുമ്പ് പ്രഖ്യാപിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 15 നുള്ളിൽ തീരുമാനിച്ചേക്കുമെന്ന് സൂചന.

കഴിഞ്ഞ തവണ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു.മെയ് 23 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു.

വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും.

2019ലെ പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്താനും സാധ്യതയുണ്ട്.

ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന ജമ്മു കശ്മീർ സന്ദർശനത്തിനു ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ഒരംഗവുമാണ് ഉള്ളത്. മൂന്നാമത്തെ അംഗത്തിന്റെ ഒഴിവ് മാതൃക പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപായി നികത്തേണ്ടതുണ്ട്.

തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.

പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. വൻകിട പദ്ധതികളുടെ പ്രഖ്യാപനം അവസാന മന്ത്രിസഭാ യോഗത്തിനു ശേഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.