ഖാലിസ്ഥാൻ ഭീകരവാദി സുഖ ദുനെകെ കാനഡയിൽ കൊല്ലപ്പെട്ടു

In Main Story
September 21, 2023

ഒറ്റാവ:  ഇന്ത്യ- കാനഡ സംഘർഷം രൂക്ഷമാകുന്നതിനിടെ മറ്റൊരു ഖാലിസ്ഥാൻ ഭീകരൻ കൂടി കൊല്ലപ്പെട്ടതായി വിവരം. കാനഡയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന സുഖ്‌ദൂൽ സിംഗ് (സുഖ ദുനെകെ) ആണ് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. എ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭീകരനാണ് സുഖ‌ദൂൽ.

പ‌ഞ്ചാബ് മോഗ സ്വദേശിയായ സുഖ്‌ദൂൽ വ്യാജ പാസ്‌പോർ‌ട്ട് ഉപയോഗിച്ച് 2017ലാണ് കാനഡയിലേയ്ക്ക് കടന്നത്. ഭീകരൻ അർഷ്‌ദീപ് ദല്ലയുടെ അടുത്ത അനുയായി ആയിരുന്നു ഇയാൾ. ഖാലിസ്ഥാനും കാനഡയുമായി ബന്ധമുള്ള 43 ഗുണ്ടാനേതാക്കളുടെ പട്ടിക ഇന്നലെ എൻ ഐ എ പുറത്തിറക്കിയതിൽ സുഖ്‌ദൂലിന്റെ പേരുമുണ്ടായിരുന്നു.

ഇതിനിടെ, പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഏജന്റുമാരും ഖാലിസ്ഥാൻ തലവൻമാരും കനേഡിയൻ നഗരമായ വാൻകോവറിൽ രഹസ്യ കൂടിക്കാഴ്‌ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നു. അഞ്ചുദിവസം മുൻപ് നടന്ന കൂടിക്കാഴ്‌ചയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌ എഫ്‌ ജെ) മേധാവി ഗുർപത്‌വന്ദ് സിംഗ് പന്നുൻ, മറ്റ് ഖാലിസ്ഥാൻ സംഘടനാ നേതാക്കൾ എന്നിവരും പങ്കെടുത്തതായാണ് വിവരം. ഇന്ത്യാ വിരുദ്ധ പ്രചരണം എത്രയും വേഗം വ്യാപിപ്പിക്കാൻ കൂടിക്കാഴ്‌ചയിൽ പദ്ധതി തയ്യാറാക്കി.

‘പ്ളാൻ- കെ’ എന്നാണ് ഇതിന് പേരിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിലെ ഖാലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് ഐ എസ്‌ ഐ ആണ് പണം നൽകുന്നത്. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും പോസ്റ്ററുകളും ബാനറുകളും മറ്റും പ്രചരിപ്പിക്കാനുമാണ് ഈ പണം ഉപയോഗിക്കുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.