പ്രമുഖ നേതാക്കളുടെ പേര് പറയാൻ ഇ ഡി മർദിച്ചെന്ന്

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സി പി എം കൗൺസിലർ പി ആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇ ഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷന്‍റെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇ ഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്.

ഇ പി ജയരാജൻ, എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ ഒരു ചാനലിനോട് പറഞ്ഞു.

12ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഇ.ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചതായാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അരവിന്ദാക്ഷന്റെ പരാതി. മകളുടെ വിവാഹ നിശ്ചയ ദിവസംവരെ താൻ ഇ.ഡിക്ക് മുന്നിൽ പോയതാണ്. ഹിന്ദി ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥനാണ് മർദ്ദിച്ചത്. മുളവടിക്ക് കൈയിലും കൈ കൊണ്ട് പിടലിയിലും മർദ്ദിച്ചു. നേതാക്കൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ പുറം ലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.നിരവധി തവണ അടിച്ചപ്പോൾ ,ഇനി അടിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് നിലവിളിക്കുകയായിരുന്നു. ഒരുപാട് പേപ്പറിൽ ഒപ്പിട്ട് കൊടുക്കാനും പറഞ്ഞു. അവശനായി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് മുഴുവൻ ക്യാമറകൾക്ക് മുന്നിലാണെന്നും ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ചോദ്യംചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്കുശേഷം പരാതി നൽകിയത് സംശയാസ്പദമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ എട്ട് മുതൽ 15 വരെ പല ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ചിരിച്ചു കൊണ്ടാണ് അരവിന്ദാക്ഷൻ മടങ്ങിയതെന്നാണ് ഇ.ഡിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News