രണ്ടു വര്‍ഷം ഗവര്‍ണര്‍ ബില്ലുകളില്‍ എന്തു ചെയ്‌തെന്ന് കോടതി

 

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് വിമര്‍ശനം.

ബില്ലുകള്‍ പിടിച്ചു വെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. സുപ്രിം കോടതി അര്‍ഹിക്കുന്ന ആദരം ഗവര്‍ണര്‍ നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

സര്‍ക്കാറുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല. ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും പഞ്ചാബ് വിധി ഓര്‍മിപ്പിച്ച കോടതി വ്യക്തമാക്കി. ബില്‍ പിടിച്ചുവെക്കാന്‍ തക്കകാരണം ഗവര്‍ണര്‍ അറിയിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പ്രസക്തമായ വിഷയമെന്നും വിഷയത്തില്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.

ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണ്ണറോട് സമയപരിധി നിര്‍ദ്ദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് കേരളം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനയിലെ അനുച്ഛേദം 200 നിര്‍വ്വചിക്കുന്ന ‘എത്രയും വേഗം’ എന്ന പ്രയോഗത്തിന് സമയ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലില്‍ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.

ലോകായുക്താ നിയമഭേദഗതി, സര്‍വകലാശാല ഭേദഗതി ബില്‍, സഹകരണഭേദഗതി ബില്‍,സേ!ര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവ ഉള്‍പ്പെടെയാണ് രാഷ്ട്രപതിക്ക് വിട്ടത്. പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.

എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ പക്കലുണ്ടായിരുന്നത്. ഇതില്‍ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ രണ്ട് ഹർജികള്‍ സമര്‍പ്പിച്ചത്. ജനങ്ങളുടെ മൗലികാവകാശം ഗവര്‍ണര്‍ ലംഘിക്കുന്നുവെന്നതായിരുന്നു ഹർജിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഗവര്‍ണറുടെ ഓഫീസിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കിട്ടരമണിയാണ് ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കേരളത്തിന് വേണ്ടിയും  കോടതിയിലെത്തി.