കരുവന്നൂർ ബാങ്ക് തട്ടിപ്പ്;സതീഷ്‌കുമാർ ബിനാമിയെന്ന് ഇ.ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പി. സതീഷ്‌കുമാർ ഒരു സിറ്റിംഗ് എം.എൽ.എയുടെയും മുൻ എം.പിയുടെയും ഉന്നതറാങ്കിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ വ്യക്തമാക്കി.

സതീഷ്‌കുമാറിൽ നിന്ന് പിടിച്ചെടുത്ത മൊബൈലുകളിൽ റെക്കാഡ് ചെയ്‌തിട്ടുള്ള സംഭാഷണങ്ങളിൽ ഉന്നത രാഷ്ട്രീയ ബന്ധം വ്യക്തമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇതിലെ ഒരു സംഭാഷണം താനും ഒരു രാജേഷുമായാണെന്ന് സതീഷ് സമ്മതിച്ചെന്നും ഇ.ഡി പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉന്നതനേതാക്കളുടെ പേരുകൾ ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല.

സതീഷ്‌കുമാറിനെയും സഹായിയായ പി.പി. കിരണിനെയും റിമാൻഡ് ചെയ്യാൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിപ്പോർട്ട് നൽകിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ കേസുകൾ പരിഗണിക്കുന്ന സ്പെഷ്യൽകോടതി ഇവരെ സെപ്തംബർ 19 വരെ റിമാൻഡ് ചെയ്തു.


വ്യാജരേഖകളുപയോഗിച്ച് കിരൺ 24.56 കോടി രൂപ വായ്പയെടുത്തു. ഇതിൽ 14 കോടിയിലേറെ സതീഷ്‌കുമാറിന് കൈമാറിയെന്നാണ് കിരണിന്റെ മൊഴി. വടക്കാഞ്ചേരി പഞ്ചായത്തായിരിക്കുമ്പോൾ പ്രസിഡന്റായിരുന്ന സി.പി.എം അംഗം പി.ആർ. അരവിന്ദാക്ഷൻ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും പാർട്ടി അംഗവുമായ മധു, പണമിടപാടു ബിസിനസിൽ ഇടനിലക്കാരനായിരുന്ന ജിജോർ എന്നിവരും സതീഷ്‌കുമാറിനൊപ്പമുണ്ടായിരുന്നു.


മതിയായ രേഖകളില്ലാതെ വൻപലിശയ്ക്ക് പണം കടംകൊടുക്കലായിരുന്നു സതീഷിന്റെ ബിസിനസെന്ന് ജിജോർ മൊഴിനൽകി. എം.എൽ.എയുടെയും മുൻ എം.പിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയായി ഫണ്ടുകൾ കൈകാര്യം ചെയ്തത് സതീഷാണെന്നും ജിജോർ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് ലഭിച്ച മൂന്നുകോടി രൂപ കിരൺ മൂന്നു ബാഗുകളിലായി സതീഷ്‌കുമാറിന് നൽകുന്നത് കണ്ടെന്നും ജിജോറിന്റെ മൊഴിയുണ്ട്. 500 കോടിയിലേറെ രൂപയുടെ ഇടപാടുകൾ സതീഷ് നടത്തിയിട്ടുണ്ട്. കടംവാങ്ങിയവർ തിരിച്ചുനൽകുന്നതിൽ വീഴ്‌ചവരുത്തിയാൽ ഇയാളുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തും. അരവിന്ദാക്ഷനും മധുവുമാണ് ഇടനിലക്കാരാകുന്നത്. ഉന്നതസ്വാധീനമുള്ളതിനാൽ പൊലീസ് സതീഷിനെതിരെ കേസെടുക്കില്ലെന്നും ജിജോർ മൊഴി നൽകി.

സതീഷ്‌കുമാറിന്റ നിർദ്ദേശപ്രകാരം അരവിന്ദാക്ഷനും മധുവും കരുവന്നൂർ ബാങ്കിലെ തങ്ങളുടെ അക്കൗണ്ടുകളിൽ 50ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്താൻ ആവശ്യപ്പെട്ടെന്നും ചെയ്തില്ലെങ്കിൽ തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാങ്ക് മാനേജർ എം.കെ. ബിജുവിന്റെ മൊഴിയുണ്ട്

തന്റെ പണമിടപാടുകളുടെ രേഖകൾ ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാറിന്റെ കൈയിലാണെന്നാണ് സതീഷ് മൊഴിനൽകിയത്. എന്നാൽ രേഖകൾ തന്റെ കൈവശമില്ലെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വ്യക്തമാക്കി. ഭാര്യയുടെ പേരിൽ സ്വത്തുക്കൾ വാങ്ങിയത് ഭാര്യ ട്യൂഷനെടുത്ത് സമ്പാദിച്ച തുക കൊണ്ടാണെന്നാണ് മറുപടി നൽകിയത്. ഇവർ വീട്ടമ്മയാണെന്നും സതീഷ്‌കുമാർ ആവശ്യപ്പെട്ടതനുസരിച്ച് 2016 -17 മുതൽ ട്യൂഷൻ ഫീസ് ഇനത്തിൽ നാലഞ്ചുലക്ഷം രൂപയുടെ കണക്കുകാണിച്ചിട്ടുണ്ടെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News