സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസ്

In Main Story
October 29, 2023

കൊച്ചി: യഹോവയുടെ സാക്ഷികൾ എന്ന ക്രൈസ്തവ പ്രാർഥനാ വിഭാഗം കളമശേരിയിൽ നടത്തിയ കൺവൻഷനിൽ സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ ആണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസെത്തി.

രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

യഹോവ സാക്ഷികള്‍ എന്ന കൂട്ടായ്മയോടുള്ള ആദര്‍ശപരമായ അഭിപ്രായ ഭിന്നതയെതുടര്‍ന്നുള്ള പ്രതിഷേധമായാണ് സ്ഫോടനം നടത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. ഇയാള്‍ക്ക് ഐഇഡി എവിടെനിന്ന് കിട്ടിയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെ, സ്ഫോടക വസ്തുക്കള്‍ വാങ്ങിയ കടകളെ കുറിച്ചും വിവരം ലഭിച്ചു.

16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്ഫോടനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം.

സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെടുന്ന ഡൊമിനിക് മാര്‍ട്ടിന്‍റെ വീഡിയോ സന്ദേശവും നേരത്തെ പുറത്തുവന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. .

യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്ന് ഇയാൾ പറയുന്നു. മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണം. തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. അഞ്ചു ദിവസം മുമ്പുണ്ടാക്കിയ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഡൊമിനിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്.

സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. ​ഇവർക്ക് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോട മരിച്ചവരുടെ എണ്ണം രണ്ടായി.

ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ​ഗുരുതരമായി തുടരുകയാണ്.