January 15, 2025 10:23 am

ഇസ്രയേൽ ആക്രമണം: അമേരിക്കയുടെ രേഖകൾ പുറത്ത്

ന്യൂയോർക്ക്: ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ നേർക്ക് തൊടുത്ത ഇറാന് എതിരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതു സംബന്ധിച്ച് അമേരിക്ക തയാറാക്കിയ രഹസ്യ രേഖകൾ പുറത്തായതായി ന്യൂയോർക്ക് ടൈംസ്..

ഇസ്രയേല്‍ സൈനിക നീക്കങ്ങൾ സംബന്ധിച്ച് അമേരിക്കൻ ചാര ഉപഗ്രങ്ങൾ നൽകിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത് എന്ന് അവകാശപ്പെടുന്നു. അതീവ രഹസ്യമായ 2 ഇന്റലിജൻസ് രേഖകൾ ആണിത്.

ഇറാനിൽ ആക്രമണം നടത്തുന്നതിനു മുന്നോടിയായി ഇസ്രയേൽ വ്യോമസേന വിവിധ തയാറെടുപ്പുകള്‍ നടത്തുന്നതായാണ് പുറത്തുവിട്ട ഒരു രേഖയിൽ പറയുന്നത്. ആകാശത്തുവച്ച് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കൽ, തിരച്ചിൽ–രക്ഷപ്പെടുത്തൽ ഓപ്പറേഷനുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പുനർവിന്യാസം തുടങ്ങിയവയെല്ലാം ഇസ്രയേൽ നടത്തുന്നതായി രേഖകളിൽ പറയുന്നുണ്ട്.

തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേൽ ആയുധങ്ങൾ വിന്യസിക്കുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ രേഖ പറയുന്നത്.രേഖകളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്.

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയാറെടുക്കുന്നതിനെക്കുറിച്ച് അറിയാമോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മറുപടി. ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കരുതെന്നു ബൈഡൻ, ഇസ്രായേൽ പ്രസിഡൻ്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News