February 15, 2025 7:12 pm

പശ്ചിമേഷ്യ വീണ്ടും കത്തും; മിസൈൽ വർഷവുമായി ഇറാൻ

ടെല്‍ അവീവ്: ഹിസ്ബുള്ള-ഇസ്രായേല്‍ പോരിൽ യുദ്ധത്തിൽ ഇറാൻ നേരിട്ട് പങ്കാളിയാകുന്നതോടെ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുമെന്ന് ഉറപ്പായി. ഇറാൻ മിസൈൽ വർഷം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. നിരവധി പേർ മരിച്ചിട്ടുണ്ട്.

ഇതിനിടെ,  ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേററു. . ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നാലു പേരുടെ നില ഗുരുതരമാണ്.  ഭീകരാക്രമാണെന്നാണ് സൂചന

ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഹിസ്‍ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ കരയാക്രമണം തുടങ്ങിയെന്ന ഇസ്രയേൽ പ്രതികരണത്തിനു പിന്നാലെയാണ് ഇത്.

ഇസ്രയേലിനെതിരെ ആക്രമണം നടത്തിയാൽ ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’’‌‌‌‌– മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

 ഇസ്രയേലിലെ ടെൽ അവീവിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി റിപ്പോർട്ടുണ്ട്. 40 ലക്ഷം ആളുകളാണ് ടെൽ അവീവിലുള്ളത്. സ്വയരക്ഷയ്ക്കായി ബോംബ് ഷെൽട്ടറുകളിൽ അഭയം തേടാൻ പൗരന്മാർക്ക് ഇസ്രയേൽ നിർദേശം നൽകി.
‘‘മധ്യ ഇസ്രയേലിലെയും ഷാരോൺ മേഖലയിലെയും വടക്കൻ വെസ്റ്റ് ബാങ്കിലെയും നിരവധി പട്ടണങ്ങളിൽ റോക്കറ്റ് അലർട്ട് സൈറണുകൾ മുഴങ്ങുന്നുണ്ട്. ടെൽ അവീവിന് സമീപം സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുണ്ട്’’– ടൈംസ് ഓഫ് ഇസ്രയേൽ അറിയിച്ചു.

ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരെ വേരോടെ പിഴുതെറിയുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഭീകരസംഘടനയുടെ പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി മിസൈലാക്രമണം നടത്തി ഹിസ്ബുള്ള തലവനെ വധിക്കുകയും ചെയ്തു.

ബെയ്റൂട്ട് വ്യോമാക്രമണത്തില്‍ നിരവധി മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരും കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇതിന് മറുപടി നല്‍കുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.

ബെയ്റൂട്ട് ആക്രമണത്തില്‍ ഹിസ്ബുള്ള തലവൻ കത്തിയമർന്നതോടെ ഇറാന്റെ പരമോന്നത നേതാവ് ഒളിസങ്കേതത്തിലേക്ക് മാറിയിരുന്നു. കൂടുതല്‍ സുരക്ഷിതമായ താവളത്തിലേക്ക് മാറിയത് ഇസ്രായേലിനെ ഭയന്നാണെന്നാണ് റിപ്പോർട്ടുകള്‍.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് നല്‍കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേലിനെതിരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിലൂടെ ഒട്ടുമിക്ക മിസൈലുകളും നിഷ്പ്രഭമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News