ബോണ്ടുകളിൽ ദുരൂഹത: വാങ്ങിയതിനു പിന്നിൽ ഭരണ-രാഷ്ടീയ സമ്മർദ്ദം ?

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേഷണം നേരിടുന്ന കമ്പനികൾ തങ്ങളുടെ സാമ്പത്തിക നിലയ്ക്ക് നിരക്കാത്ത രീതിയിൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിക്കൂട്ടിയത് സംശയങ്ങൾക്ക് ഇടയാക്കുന്നു.

ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര അന്വേഷണം നേരിടുന്നു. ചില കമ്പനികൾ ആകെ ലാഭത്തിന്‍റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി.

സർക്കാരിന്‍റെ വൻ കരാറുകൾ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങൾ കോടികൾ ബോണ്ട് വഴി സംഭാവന ചെയ്തത്.

ഫ്യൂച്ചർ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നിവ ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനികളും ഇഡി, ആദായ നികുതി വകുപ്പ് എന്നിയുടെ അന്വേഷണ പരിധിയിൽ ഉള്ളതാണ് എന്നതാണ് വിചിത്രമായ കാര്യം.

ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ തമിഴ്‌നാട്ടിലെ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളിൽ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്പനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രിൽ 11 ന് 140 കോടിയുടെ ബോണ്ട് സ്വന്തമാക്കി.

ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിൻ ടണൽ പദ്ധതി ടെണ്ടർ മേഘ എഞ്ചിനീയറിങ് നേടുകയും ചെയ്തു.

പ്രമുഖ ഫാർമ കമ്പനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്‍ക ലാബോറട്ടറീസ് എന്നിവ 2022 നവംബർ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.
ഗ്ലെൻമാർക്ക് , മാൻകൈൻഡ് കമ്പനികള്‍ നവംബർ 11ന് 30 കോടിയുടെയും മറ്റ് ചില ഫാർമ കമ്പനികള്‍ അതിനടുത്ത ദിവസവും ബോണ്ട് സ്വന്തമാക്കി.മാർച്ച് 2022ന് സിപ്ള, ഗ്ളെൻമാർക്ക് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നികുതിവെട്ടിപ്പ് അന്വേഷണം നടന്നിരുന്നു.

പ്രധാന ഖനി , സ്റ്റീൽ കമ്പനികൾ വാങ്ങി കൂട്ടിയത് 825 കോടിയുടെ ബോണ്ടാണ്. പശ്ചിമ ബംഗാളിൽ ഖനിക്കുള്ള അനുമതി കിട്ടി ഒരു മാസത്തിന് ശേഷമാണ് വേദാന്ത ഗ്രൂപ്പ് 25 കോടിയുടെ ബോണ്ട് വാങ്ങിയത്. ഖനന അനുമതി നേടിയ സഞ്ജീവ് ഗോയങ്കയുടെ ഹാൽദിയ എനർജി ഗ്രൂപ്പ് 375 കോടിയുടെ ബോണ്ടിനാണ് പണമടച്ചത്. അനധികൃത ഖനനത്തിന് കേസ് നേരിട്ട എസ്സെൽ ഗ്രൂപ്പ് നല്തിയത് 224 കോടിയുടെ സംഭാവനയാണ്.

റിലയൻസുമായി ബിസിനസ് ബന്ധമുള്ള ക്വിക്ക് സപ്ളൈ ചെയിൻ എന്ന കമ്പനി 410 കോടിയുടെ ബോണ്ട് വാങ്ങി.എന്നാൽ ഈ കമ്പനിയുടെ ലാഭം ഇതിന്‍റെ നാലിലൊന്ന് മാത്രമാണ്.

ആകെ സംഭാവനയിൽ പകുതിയോളം കിട്ടിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്- 6,060 .51 കോടി. ആകെ സംഭാവനയില്‍ 47.5 ശതമാനമാണ് ഇത്.

രണ്ടാമത് 1609 കോടിയ കിട്ടിയ തൃണമൂലും മൂന്നാമത് 1421 കോടി കിട്ടിയ കോണ്‍ഗ്രസും ആണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മാത്രം ബിജെപിക്ക് കിട്ടിയത് 1700 കോടിയാണ്.

ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി 2024 ജനുവരിയിൽ കിട്ടിയത് 202 കോടിയും. 2018 മുതൽ 2019 ഏപ്രിൽ വരെയുള്ള 2500 കോടിയുടെ കണക്ക് എസ്ബിഐ ഇതു വരെ നല്കിയിട്ടില്ല.