കല്‍ക്കരി ഇറക്കുമതി: അദാനി ഗ്രൂപ്പിനെതിരെ ഡിആര്‍ഐ

മുംബൈ: കല്‍ക്കരി ഇറക്കുമതിയില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഡിആര്‍ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) രംഗത്ത് വരുന്നു.

ഓഹരി കൃത്രിമത്വവും, നികുതി വെട്ടിപ്പും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതിരോധത്തിലായിരുന്നു. ഇതില്‍ നിന്ന് കരകയറി വരുന്ന വേളയിലാണ് ഡി ആർ ഐ പിടിമുറുക്കുന്നത്.

സിംഗപ്പൂരില്‍ നിന്ന് തെളിവുകളും, രേഖകളും ശേഖരിക്കാൻ ഡിആര്‍ഐ,സുപ്രീം കോടതിയുടെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതരില്‍ നിന്ന് 2016 മുതല്‍ വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ ഡിആര്‍ഐ തേടുന്നുമുണ്ട്.

ഇന്തോനേഷ്യയിലെ വിതരണക്കാരില്‍ നിന്ന് ഇറക്കുമതി ചെയ്‌ത കല്‍ക്കരിക്ക് അദാനിയുടെ സിംഗപ്പൂര്‍ യൂണിറ്റായ അദാനി പിടിഇ തുക പെരുപ്പിച്ച്‌ കാട്ടിയെന്നും ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും അന്വേഷണ ഏജൻസി സംശയിക്കുന്നു.

ശത കോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും അതിന്റെ സഹ സ്ഥാപനങ്ങളും നിയമ വഴികൾ ഉപയോഗിച്ച് സിംഗപ്പൂരില്‍ നിന്നുള്ള രേഖകള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഡിആര്‍ഐയെ തടഞ്ഞിരുന്നു.

ഇറക്കുമതി ചെയ്‌ത ഷിപ്പ്മെന്റുകള്‍ തുറമുഖങ്ങളില്‍ അധികൃതര്‍ കൃത്യമായി പരിശോധിച്ചിരുന്നു എന്നാണ് ആരോപണം തള്ളിക്കൊണ്ട് അദാനി ഗ്രൂപ്പ്  നല്‍കുന്ന മറുപടി.

ഒക്ടോബര്‍ 9നാണ് ഡിആര്‍ഐ സുപ്രീം കോടതിയെ സമീപിച്ചത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാണ് ആവശ്യം.