കൂടുതല്‍ സഹകരണ ബാങ്കുകള്‍ ഇ.ഡി റഡാറില്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്നതിന് സമാനമായ തട്ടിപ്പുകള്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും നടന്നതായി സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.).

കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇത്തരമൊരു വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശ്ശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെ കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗംകൂടിയാണ് കണ്ണന്‍.

കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറിന്റെ സഹോദരന്‍ ശ്രീജിത്ത്, കരുവന്നൂര്‍ ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ് എന്നിവരെയും തിങ്കളാഴ്ച ഇ.ഡി. ചോദ്യംചെയ്തു.

സംസ്ഥാനത്തിന്റെ പോലീസ് അന്വേഷണ ഭീഷണി നിലനില്‍ക്കുമ്പോഴും കരുവന്നൂര്‍ കേസില്‍ അതിശക്തമായി ഇ.ഡി. മുന്നോട്ടുപോകുന്നു എന്നതിന്റെ സൂചനയാണ് എം.കെ. കണ്ണനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

കരുവന്നൂര്‍ ബാങ്കില്‍നിന്നു നല്‍കിയിരിക്കുന്നതു പോലെ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍നിന്ന് ചട്ടവിരുദ്ധമായി വായ്പകള്‍ നല്‍കിയത് കണ്ടെത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ക്ക് ഒരു വ്യക്തിക്ക് 50 ലക്ഷം രൂപയിലധികം വായ്പനല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍, കരുവന്നൂരില്‍ വ്യക്തികള്‍ക്ക് മൂന്നും നാലും കോടി രൂപ വായ്പയായി നല്‍കിയതായി കണ്ടെത്തിയിരുന്നു. സമാനമായ ചട്ടലംഘനമാണ് തൃശ്ശൂര്‍ സഹകരണബാങ്കിലും കണ്ടെത്തിയിരിക്കുന്നത്. വായ്പകള്‍ ബിനാമികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി. സതീഷ്‌കുമാറിന് തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉണ്ട്. സതീഷ്‌കുമാറുമായി ബന്ധമുള്ള തൃശ്ശൂര്‍ ഗോസായിക്കുന്നിലെ എസ്.ടി. ജൂവലറിക്കും അക്കൗണ്ട് ഉണ്ട്. ഇത്തരം അക്കൗണ്ടുകളെല്ലാം ബിനാമി ഇടപാടുകള്‍ക്ക് വേണ്ടിയായിരുന്നെന്നാണ് ഇ.ഡി. ആരോപണം. സതീഷ്‌കുമാറുമായി ബന്ധപ്പെട്ട് ബാങ്കില്‍ ഒട്ടേറെ ബിനാമി അക്കൗണ്ടുകള്‍ വേറെയുമുണ്ടെന്നാണ് വിലയിരുത്തല്‍.

തൃശ്ശൂര്‍ സഹകരണ ബാങ്കില്‍നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരുകയാണെന്നുമാണ് ഇ.ഡി. നല്‍കുന്ന സൂചന. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു പിടിച്ചെടുത്ത രേഖകളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News