December 12, 2024 8:22 pm

കെ.എസ്.ആർ.ടി.സി; പുതിയ ബസുകൾ വാങ്ങാനാവില്ല

തിരുവനന്തപുരം: സർക്കാരിന്റെ 75 കോടിയും കിഫ്ബി വായ്പ 181 കോടിയും ലഭിക്കാത്തതിനാൽ പുതിയ ബസുകൾ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സി പദ്ധതി അവതാളത്തിൽ.

ടെൻ‌ഡർ തുകയുടെ 90 ശതമാനമാണ് പുതിയ ബസുകൾക്ക് അശോക് ലൈലാൻഡ് കമ്പനി ആവശ്യപ്പെട്ടത്. ഒരു വർഷമായ ടെൻഡ‌റിന്റെ കാലാവധി 26ന് തീരും. അതിനുമുമ്പ് തുക അനുവദിച്ചില്ലെങ്കിൽ പുതിയ ടെൻഡർ വേണ്ടി വരും. ബസിന് ഇപ്പോഴത്തെ വിലയും നൽകേണ്ടി വരും. 6.33 കോടി അധിക ബാദ്ധ്യതയുണ്ടാവും.

കഴിഞ്ഞ വർഷം 600 ബസ് വാങ്ങാനുള്ള ടെൻ‌ഡറാണ് അശോക് ലൈലാൻഡിനു നൽകിയത്. ഒരു ഷാസിക്ക് 22.18 ലക്ഷം. ടാറ്റ ക്വോട്ട് ചെയ്തതിനേക്കാൾ 1.35 ലക്ഷം രൂപ കുറവായിരുന്നു. ടെൻഡറിനു ശേഷം 131 സൂപ്പർഫാസ്റ്റ് ബസ് വാങ്ങി. ബാക്കി 469 ബസുകൾ ഇതേ നിരക്കിൽ വാങ്ങാം. പുതിയ ടെൻ‌ഡർ ക്ഷണിച്ചാൽ ഷാസിക്ക് 1.35 ലക്ഷമെങ്കിലും കൂടും. ബോഡി ബിൽഡിംഗിന്റെ വർദ്ധന വേറെ. ഷാസി വർദ്ധന മാത്രമായാലും 469 ബസിന് 6.33 കോടി അധികമാവും. ഇതൊഴിവാക്കാൻ 50 ശതമാനം തുകയെങ്കിലും ഉടൻ കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ എത്തണമെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ധനവകുപ്പിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല.

കിഫ്ബി 181 കോടി രൂപ വായ്പ അനുദിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ മേയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം എന്നിവർ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. ബസ് സർവീസുകൾ കൂട്ടിയാൽ വരുമാനം കൂടുമെന്നും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ സ്വന്തമായി വഹിക്കാനാകുമെന്നുമുള്ള ഗതാഗത വകുപ്പ് റിപ്പോർട്ടുകൾ പരിഗണിച്ചായിരുന്നു തീരുമാനം. തുടർന്നാണ് 75 കോടി അനുവദിച്ചത്. ഇതിൽ 50 കോടി 131 ഡീസൽ ബസ് വാങ്ങാനും 25 കോടി ആഡംബര ബസുകൾ വാങ്ങാനുമാണ്.


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News