March 18, 2025 8:09 pm

ആത്മഹത്യക്കേസിൽ ദിവ്യയുടെ ജാമ്യ ഹർജി: വിധി 29 ന്

തലശ്ശേരി: കണ്ണൂർ അഡീഷണൽ ജില്ല മജിസ്ട്രേട്ട് നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി പി എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.

ജാമ്യത്തിനായി വാദിച്ച ദിവ്യയുടെ അഭിഭാഷകൻ അഡീഷണൽ ജില്ല മജിസ്ട്രേട്ട് നവീൻ ബാബുവിനെ കുറ്റപ്പെടുത്തി.നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യക്ക് എതിരെ വാദമുഖങ്ങൾ നിരത്തി.

ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ കെ.അജിത് കുമാർ ബോധിപ്പിച്ചു.

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി.

സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് നവീൻ ബാബുവിനെക്കുറിച്ച് കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു.

പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയായിരുന്നു ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ ചോദിച്ചു.

പെട്രോൾ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ ജോൺ എസ്.റാൽ‌ഫ് ആവശ്യപ്പെട്ടു. പ്രശാന്തിന്റെ പരാതികളിൽ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന ഉത്തരവാദിത്വമുള്ള അഡീഷണൽ ജില്ല മജിസ്ട്രേട്ടിനെ ദിവ്യ ഭീഷണിപ്പെടുത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ അദ്ദേഹത്തോട് പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷക്ക് സാധിക്കില്ല. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റിൻ്റെ പരിധിയിൽ വരുന്നതല്ല.

നിയമവിരുദ്ധമായി അനുമതി നൽകാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നൽകുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം.

ആ വേദിയിൽ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യത കാണിക്കുന്നു.ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ഇതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ വന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നിൽ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.

നവീൻ ബാബു വിശുദ്ധനായിരുന്നെങ്കിൽ ദിവ്യയുടെ ആരോപണത്തെ എതിർക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വൻ ചോദിച്ചു. ആരോപണം ഉയർന്നപ്പോൾ ദിവ്യ സ്ഥാനം രാജിവച്ചു. ആരോപണങ്ങളിൽ പലതും കെട്ടുകഥയാണ്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. നവീൻ ബാബുവിനെതിരെ രണ്ടു പരാതി ലഭിച്ചിരുന്നു.

നവീൻ ബാബു കോഴ വാങ്ങിയെന്ന് പെട്രോൾ പമ്പിനു വേണ്ടി ശ്രമിച്ച പ്രശാന്ത് പറഞ്ഞപ്പോൾ ഞെട്ടി. കളക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസം​ഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

വിജിലൻസ് വകുപ്പ് പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രസംഗം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാർ​ഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല. താൻ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കിൽ അവിടെ വെച്ച് എതിർക്കാതെ നവീൻ ബാബു എന്തിനാണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ നവീനിന് ഇടപെടാമായിരുന്നു.

മുൻ‌കൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്. താനൊരു സ്ത്രീയാണ്. കുടുംബ ഉത്തരവാദിത്വം ഉണ്ട്. അത് പരി​ഗണിക്കണം. മുൻ‌കൂർ ജാമ്യം അനുവദിക്കണം. ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്. ഇവ പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News