ഭോപ്പാൽ : കേണൽ സോഫിയ ഖുറേഷിക്കെതിരായ നിന്ദ്യമായ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ആദിവാസികാര്യ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
മന്ത്രിയുടെ നടപടി പരിഹാസ്യവും നിന്ദ്യവുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാമർശം മതസ്പർധയും സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്.
മന്ത്രിയുടെ വിവാദ പ്രസ്താവനയിൽ ദേശീയ വനിതാ കമ്മീഷനും അപലപിച്ചു. സ്ത്രീകൾക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നതാണ് പ്രസ്താവനയെന്നും കമ്മീഷൻ വ്യക്തമാക്കി.മന്ത്രി വിജയ് ഷായുടെ പേരെടുത്ത് പറയാതെയാണ് കമ്മീഷൻ വിഷയത്തെ അപലപിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
ഭീകരവാദികളുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് വിവാദമായത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ വിട്ട് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു പ്രസ്താവന. എന്നാൽ, പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്ന് വിജയ് ഷാ പിന്നീട് തിരുത്തിയെങ്കിലും ജനരോഷം അടങ്ങിയിട്ടില്ല. പത്തു തവണ മാപ്പു ചോദിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയും മന്ത്രിയെ തള്ളിപ്പറഞ്ഞു. എന്നാൽ മന്ത്രിയെ പുറത്താക്കണം എന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്നത്.
മന്ത്രിക്കെതിരെ ഉടൻ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ജസ്റ്റിസ് അതുൽ ശ്രീധരന്റെ ഡിവിഷൻ ബെഞ്ച് കർശന നിർദേശം നൽകുകയായിരുന്നു. നാല് മണിക്കൂറിനുള്ളിൽ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
കേസ് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ പ്രശാന്ത് സിങ്ങിനും പോലീസ് ഡയറക്ടർ ജനറലിനും ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കേസ് മെയ് 15 ന് അടിയന്തരമായി പരിഗണിക്കും