ന്യൂഡൽഹി :പാകിസ്ഥാനെ സഹായിച്ച തുർക്കിക്കെതിരെയൂള്ള പ്രചരണം ശക്തമാവുനു. ബോയ്കോട്ട് തുർക്കി എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുകയാണ. തുർക്കിയിൽ നിന്നുള്ള് ഇറക്കുമതിയും തുർക്കിയിലേയ്ക്കുള്ള യാത്രയും ഒഴിവാക്കാനാണ് ആഹ്വാനം.
പാക്കിസ്ഥാന്‍റെ പരമാധികാരത്തിനു നേരേ ഇന്ത്യ കടന്നാക്രമണം നടത്തുന്നുവെന്നായിരുന്നു തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാന്‍റെ പ്രസ്താവന. സംഘർഷത്തിൽ പാക്കിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഫിദാൻ പറഞ്ഞിരുന്നു.
ഇതോടെ തുർക്കി തങ്ങൾക്കൊപ്പമെന്നു പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. എന്നാൽ, അപകടം മുന്നിൽക്കണ്ട തുർക്കി ടൂറിസം മന്ത്രാലയം ഇന്ത്യ- പാക് സംഘർഷത്തെക്കുറിച്ചു തുർക്കിയിലെ സാധാരണക്കാർക്ക് ഒന്നുമറിയില്ലെന്ന വിശദീകരണം നൽകി.
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ പിന്മാറുമെന്ന ഭീതിയിലായിരുന്നു പെട്ടെന്നുള്ള പ്രതികരണം. എന്നാൽ, പാക്കിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകൾ തുർക്കി നിർമിതമായിരുന്നെന്നും പഹൽഗാം ആക്രമണത്തിനുശേഷമാണ് ഇതു പാക്കിസ്ഥാന് നൽകിയതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്
രാജ്യത്ത് തുർക്കിക്കെതിരായ വികാരം ശക്തമാക്കി. തുർക്കിയെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് കുൽദീപ് സിങ് രാത്തോഡ് രംഗത്തെത്തി.
തുർക്കി ഉത്പന്നങ്ങൾക്കെതിരേ ബഹിഷ്കരണം നടക്കുന്ന കാഴ്ചയാണ് രാജ്യത്ത്. തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ‘തുർക്കി ആപ്പിൾ’ ബഹിഷ്‌കരിച്ചുകൊണ്ട് പൂനെയിലെ വ്യാപാരികളുടെ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി.
മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ആപ്പിളുകള്‍ തെരഞ്ഞെടുത്തുകൊണ്ട് ബഹിഷ്‌കരണത്തില്‍ ഉപഭോക്താക്കളും പങ്കാളികളാവുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണയായി 1,000 മുതൽ 1,200 കോടി രൂപ വരെ സീസണൽ വിറ്റുവരവാണ് തുര്‍ക്കി ആപ്പിളിനുള്ളത്. ഇത്തവണ ഇതു വലിയ തോതിൽ കുറയുന്നുവെന്ന് പൂനെയിലെ കാർഷികോത്പാദന വിപണി സമിതിയിലെ ആപ്പിൾ വ്യാപാരിയായ സുയോഗ് സെൻഡെ പറഞ്ഞു.
“തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. പകരം ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഇറാൻ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ആപ്പിളുകളാണ് ഇറക്കുമതി ചെയ്യുന്നത്. ഈ തീരുമാനം നമ്മുടെ ദേശസ്‌നേഹത്തിന്‍റെ കടമയും രാഷ്‌ട്രത്തോടുള്ള പിന്തുണയുമാണെന്നും സെൻഡെ അറിയിച്ചു. തുര്‍ക്കി ആപ്പിൾ ആവശ്യത്തിൽ 50 ശതമാനം കുത്തനെ ഇടിവ് ഉണ്ടായതായി മറ്റൊരു പഴ വ്യാപാരി പറഞ്ഞു.
തുർക്കിയിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണെന്നു ട്രാവൽ ഏജന്‍റുമാർ പറയുന്നു. 80 ശതമാനത്തിലേറെ പേരും പിൻവാങ്ങിയെന്നാണു റിപ്പോർട്ട്. കഴിഞ്ഞ വർഷം തുർക്കിയിലെത്തിയ യാത്രക്കാരിൽ 20 ശതമാനത്തിലേറെ ഇന്ത്യയിൽ നിന്നായിരുന്നു. കൂടാതെ വിവാഹമുൾപ്പെടെ ചടങ്ങുകൾക്കുള്ള വേദിയായും പലരും തുർക്കിയെ ആശ്രയിച്ചിരുന്നു. ഇവയെല്ലാം കൂട്ടത്തോടെ റദ്ദാക്കപ്പെടുകയാണ്.നേരത്തേ, മാലദ്വീപിനെതിരേയുണ്ടായ ബഹിഷ്കരണാഹ്വാനം ദ്വീപിന്‍റെ ടൂറിസം വരുമാനത്തിന് വലിയ തിരിച്ചടിയായിരുന്നു.