ബംഗലൂരു: കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ 75 കോടിയുടെ മയക്കുമരുന്നു പിടിച്ചു.
ദക്ഷിണാഫ്രിക്കക്കാരികളായ ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നിവർ അറസ്റ്റിലായി.38 കിലോ എംഡിഎംഎയാണ് ഇവരില്‍ നിന്നും മംഗളൂരു പൊലീസ് പിടികൂടിയത്.
ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറില്‍ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് രണ്ട് ട്രോളിബാഗുകള്‍, രണ്ട് പാസ്‌പോര്‍ട്ടുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 18,000 രൂപ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.
ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ്
ആറുമാസം മുമ്പ് ബംഗളുരുവില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇയാള്‍ 6 കിലോ മയക്കുമരുന്നുമായി പിടിയിലാകുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദേശപൗരന്മാരെ ഉപയോഗിച്ച് ഡല്‍ഹിയില്‍ നിന്ന് ബംഗലൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്ന വിവരം ലഭിക്കുന്നത്.
രണ്ട് വിദേശവനിതള്‍ മയക്കുമരുന്നുമായി ബംഗളൂരുവിലേക്ക് എത്തുന്നുവെന്ന് മാര്‍ച്ച് 14 ന് രഹസ്യവിവരം കിട്ടി. ബംഗലൂരു വിമാനത്താവളത്തില്‍ എത്തിയതു മുതല്‍ യുവതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ട് സ്ത്രീകളും എംഡിഎംഎ എത്തിക്കാൻ ബെംഗളൂരുവിലേക്ക് 37 തവണയും മുംബൈയിലേക്ക് 22 തവണയും വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി.