ഡോ ജോസ് ജോസഫ്
കിളി പോയി, കോഹിനൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ ഗെറ്റ്-സെറ്റ് ബേബി.കഥയിൽ വലിയ പുതുമകളില്ലെങ്കിലും കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ‘ഫീൽ ഗുഡ് ‘ മൂവിയാണ് ചിത്രം .
വയലൻസിൻ്റെ പാരമ്യത്തിൽ അതിനിഷ്ഠൂരമായ ക്രൂരതകൾ പ്രകടിപ്പിക്കുന്ന മാർക്കോയിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ ഉണ്ണി മുകുന്ദൻ്റെ നേർ വിപരീത ദിശയിലുള്ള കഥാപാത്രമാണ് ഗെറ്റ് സെറ്റ് ബേബിയിലെ ശാന്തനായ ഗൈനക്കോളജിസ്റ്റ് ഡോ.അർജുൻ ബാലകൃഷ്ണൻ. വിനാശമായിരുന്നു മാർക്കോയുടെ ശക്തിയെങ്കിൽ സൃഷ്ടിയുടെ വക്താവാണ് ഡോ അർജുൻ.
പുരുഷ ഗൈനക്കോളജിസ്റ്റ് പ്രധാന കഥാപാത്രമായി വരുന്ന സിനിമ മലയാളത്തിൽ ആദ്യമല്ല.ലാലിനെ നായകനാക്കി 2013 ൽ അനീഷ് അൻവറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രം പുരുഷ ഗൈനക്കോളജിസ്റ്റായിരുന്നു.
ആയുഷ്മാൻ ഖുറാന നായക വേഷത്തിലെത്തിയ 2022 ലെ ഹിന്ദി ചിത്രം ഡോക്ടർ ജി ഒരു പുരുഷ ഗൈനക്കോളജിസ്റ്റിൻ്റെ ജീവിതം പ്രമേയമാക്കിയ മെഡിക്കൽ കോമഡി ഡ്രാമയാണ്. ജോൺ എബ്രഹാം നിർമ്മിച്ച 2012 ലെ ഹിന്ദി ചിത്രം വിക്കി ഡോണറുമായും പ്രമേയപരമായ ചില സാമ്യങ്ങൾ ഗെറ്റ് സെറ്റ് ബേബിയിൽ കാണാം.
കുട്ടികളില്ലാത്ത മഹാരാജാവും രാജ്ഞിയും അനപത്യ ദുഖം പരിഹരിക്കാൻ മഹായാഗം നടത്തുന്നു. യാഗത്തിനൊടുവിൽ നൂറു കോടി സൂര്യതേജസ്സുള്ള കുംഭത്തിൽ നിന്നും 101 കുഞ്ഞുങ്ങൾ ജനിക്കുന്ന പുരാണ കഥയോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
ഗൈനക്കോളജി പി ജി ബാച്ചിലെ ഏക പുരുഷ വിദ്യാർത്ഥിയാണ് അർജുൻ.സ്ത്രീകൾക്ക് കുത്തകയുള്ള ഗൈനക്കോളജി സ്വന്തം ഇഷ്ടപ്രകാരം ഉപരിപഠനത്തിന് തെരഞ്ഞെടുത്തതിൽ അർജുന് അദ്ദേഹത്തിൻ്റേതായ കാരണങ്ങളുണ്ട്. മൃദുഭാഷിയും സ്ത്രീകളോട് സഹാനുഭൂതിയും ഉള്ളവനാണ് അർജുൻ. പെർഫക്ട് ജെൻ്റിൽമാൻ.
പരിപഠനത്തിനു ശേഷം ആദ്യം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിലും പിന്നീട് സിറ്റി ലൈൻ എന്ന ആശുപത്രിയിലും ജോലിക്കു പ്രവേശിക്കുന്നു. സിറ്റി ലൈനിർ ഡോ നളിനിയായിരുന്നു (മുത്തുമണി ) സീനിയർ ഗൈനക്കോളജിസ്റ്റ്.

ഇതിനിടയിൽ ഒരു ഫുഡ് വ്ലോഗറായ സ്വാതിയെ (നിഖില വിമൽ) അർജുൻ കണ്ടുമുട്ടുന്നു. സ്വാതിയുടെ സുഹൃത്ത് ഐവിഎഫ് ചികിത്സയ്ക്കു വന്നപ്പോഴായിരുന്നു അത്. അവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. ദൈവത്തിൻ്റെ കരസ്പർശമുള്ളയാൾ, കൈപ്പുണ്യമുള്ള ഡോക്ടർ തുടങ്ങിയ വിശേഷണങ്ങൾ അർജുൻ്റെ ഖ്യാതി നാടെങ്ങും പരത്തി.ഇതോടെ ‘സ്വപ്നങ്ങളുടെ ആട്ടു തൊട്ടിൽ ‘ (ക്രേഡിൽ ഓഫ് ഡ്രീംസ്) എന്ന പേരിൽ സ്ത്രീകളുടെ ഒരു വെൽനെസ് സെൻ്റർ അയാളുടെ നേതൃത്വത്തിൽ തുടങ്ങുന്നു.
ഐ വി എഫ് ബിസിനസ് സംരംഭം തുടങ്ങിയതിനു ശേഷം അയാളുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയരുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.ആദ്യ ഭാഗങ്ങളിൽ പ്രേക്ഷകനെ കൈയ്യിലെടുക്കാൻ നർമ്മം കലർത്തിയ ചില പൊടിക്കൈകൾ സംവിധായകൻ പ്രയോഗിച്ചിട്ടുണ്ട്.
ആദ്യാവസാനം ഒരു നന്മ മരമായല്ല ഡോ അർജുനെ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ മനുഷ്യൻ്റെ എല്ലാ കുറവുകളുമുള്ള വ്യക്തിയാണ് അയാൾ.ആദ്യ പകുതിയിൽ കരുണയും സഹാനുഭൂതിയും ശ്രദ്ധയുമുള്ള ഒരു ഡോക്ടറായി അർജുനെ കാണാം.എന്നാൽ എൺപതു ശതമാനത്തിലേറെ വിജയവും കേരളത്തിലെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടർ എന്ന പേരും അയാളുടെ തലയിൽ കയറുന്നു അത് അയാളിൽ ഈഗോ വളർത്തുന്നു. ഏറ്റവും മികച്ച ഐവിഎഫ് സ്പെഷ്യലിസ്റ്റായിരുന്നിട്ടും ഭാര്യ സ്വാതി ഗർഭിണിയാകാത്തത് സ്വന്തം പ്രശസ്തിയെയും ബിസിനസ്സിനെയും നശിപ്പിക്കുമോയെന്ന് അയാൾ ഭയപ്പെടുന്നു.
കരിയറിലെ ഉയർച്ച, പ്രണയം, ഈഗോ, വിരഹം,ഐ വി എഫ് ചികിത്സ, വാടക ഗർഭധാരണം, ദത്തെടുക്കൽ, ആശുപത്രികൾ തമ്മിലുള്ള കിടമത്സരം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി തിടുക്കത്തിൽ കൊണ്ടുവരാനാണ് തിരക്കഥാകൃത്തുക്കളുടെ ശ്രമം. പ്രത്യുല്പാദന ശേഷിയെ പുരുഷത്വവുമായി ബന്ധപ്പെടുത്തുന്ന പരമ്പരാഗത സാമൂഹിക ചിന്താധാരയും കുട്ടികൾക്കു വേണ്ടി ദമ്പതികൾ ദീർഘകാലം കാത്തിരിക്കേണ്ടി വരുന്നതും അതിൻ്റെ പേരിൽ കുടുംബവും സമൂഹവും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളും ചിത്രത്തിൽ പ്രമേയമായി കടന്നു വരുന്നുണ്ട്.

തുടക്കത്തിൽ ദയയുള്ളവനായിരുന്ന ഡോ അർജുൻ്റെ ഈഗോയിസ്റ്റ് ബിസിനസ്സ്മാനായുള്ള പരിണാമം പ്രേക്ഷകർക്ക് ഉൾക്കൊള്ളാവുന്നതിലും വേഗത്തിലാണ്. അനൂപ് രവീന്ദ്രനും വൈ വി രാജേഷും ചേർന്ന് എഴുതിയ തിരക്കഥ ഉപരിപ്ലവമായ തലത്തിൽ തുടർച്ചയില്ലാതെ വളരെയധികം വിഷയങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു.ഇത് തിരക്കഥയുടെ വൈകാരികാംശവും ശക്തിയും ചോർത്തിക്കളഞ്ഞു.
2013-ൽ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ നായിക നടി ശ്വേത മനോന്റെ പ്രസവത്തിന്റെ രംഗങ്ങൾ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഗെറ്റ് സെറ്റ് ബേബിയിൽ യഥാർത്ഥ പ്രസവം കാണിക്കുന്നില്ലെങ്കിലും ചില ഭാഗങ്ങൾ സ്‌ക്രീനിൽ അവതരിപ്പിക്കുന്നുണ്ട്.ഇത് തികഞ്ഞ അവധാനതയോടെയും സെൻസിബിളായുമാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യാവസാനം മെഡിക്കൽ സ്റ്റോറിയാണെങ്കിലും സങ്കീർണ്ണമായ സാങ്കേതിക പദങ്ങൾ കൊണ്ടുവന്ന് പ്രേക്ഷകരെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
മേപ്പടിയാൻ, മാളികപ്പുറം തുടങ്ങിയ ജനകീയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഉണ്ണി മുകുന്ദൻ്റെ കുടുംബ പ്രേക്ഷകരിലേക്കുള്ള ശക്തമായ തിരിച്ചു വരവാണ് ഗെറ്റ് സെറ്റ് ബേബി.ഗെറ്റപ്പിലും പ്രകടനത്തിലുമെല്ലാം ഉണ്ണി മുകുന്ദൻ്റെ ഡോ അർജുൻ ബാലകൃഷ്ണൻ പ്രേക്ഷകരുടെ മനം കവരും.ആദ്യ ഭാഗങ്ങളിലാണ് ഉണ്ണിയുടെ കഥാപാത്രത്തിന് കൂടുതൽ തിളക്കം. എന്നാൽ ഡയലോഗ് ഡെലിവറിയിലും വോയ്സ് മോഡുലേഷനിലുമുള്ള ചെറിയ ന്യൂനതകൾ പരിഹരിക്കേണ്ടതുണ്ട്.
അർജുൻ്റെ ഭാര്യ സ്വാതിയായെത്തുന്ന നിഖില വിമലിൻ്റെ പ്രകടനവും മികച്ചതാണ്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ സ്വാഭാവികമാണ്. കുട്ടികളില്ലാത്ത ദമ്പതികളായി സുധീഷും സുരഭി ലക്ഷ്മിയും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സിസ്റ്റർ ജാൻസി മാത്യുവിൻ്റെ വേഷമിട്ട ഗംഗ മീരയുടെ പ്രകടനവും മികച്ചതാണ്.ജോണി ആന്റണി, ചെമ്പൻ വിനോദ് ജോസ് , ഫറ ഷിബില, മീര വാസുദേവൻ, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, ദിലീപ് കെ മേനോൻ. ദിനേഷ് പ്രഭാകർ, ജ്യുവൽ മേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ആശുപത്രികളുടെ ഉൾഭാഗങ്ങളുൾപ്പെടെയുള്ള രംഗങ്ങൾ അലക്സ് ജെ പുളിക്കലിൻ്റെ ക്യാമറ ഭംഗിയായി പകർത്തിയിട്ടുണ്ട്.പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ സാം സി എസ് ഒരുക്കിയ സംഗീതവും അർജു ബെന്നിൻ്റെ എഡിറ്റിംഗും മികച്ചതാണ്.137 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 156