ത്യാഗരാജസ്വാമികൾ 177-ാം ഓർമ്മ ദിനം ഇന്ന്…

ആർ. ഗോപാലകൃഷ്ണൻ

🔸🔸

ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നാണാല്ലോ അറിയപ്പെടുന്നത്.

വിമുഖുലു തോ ജേര ബോക്കു മനിനേ
വെതഗല്ലിന താലുകോ മനിനെ
ദമസമാധി സുഖ ധ്യായഗുഡുഗു…
സാധിഞ്ചനേ ഓ മനസാ… “

(നിങ്ങളെ തേടിവരാത്തവരെ പ്രതി നിങ്ങള്‍ വേവലാതിപ്പെടരുത്. സഹിക്കൂ, എല്ലാം സഹിക്കൂ. സമാധിയുടെ ആനന്ദം തരാന്‍ ഭഗവാനുണ്ടല്ലോ… മനസ്സാൽ, ഞാനതു നേടി….) തിരുവാരൂര്‍ ത്യാഗരാജ ക്ഷേത്രത്തിൻറെ അന്തരീക്ഷത്തിൽ ഇന്നും മുഴങ്ങുന്ന നാദവീചിയാണിത്…

ത്യാഗരാജ കഥ ‘പൂമ്പാറ്റ അമർ ചിത്രകഥ’യായി പ്രസിദ്ധീകരിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു….

🌍

ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എല്ലോ അറിയപ്പെടുന്നത്. ത്യാഗരാജനും ദീക്ഷിതരും ശ്യാമശാസ്ത്രികളും ജനിച്ചു വീണ പുണ്യഭൂമിയാണ് തിരുവാരൂര്‍….

തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരിൽ 1764 മെയ് 4-നു ജനിച്ച അദ്ദേഹം തിരുവൈയാറിൽ ആണ് വളർന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.

രാമബ്രഹ്മം 1774-ൽ തഞ്ചാവൂരിൽ നിന്നും കുടുംബസമേതം തിരുവൈയ്യാറിലേക്ക് താമസം മാറ്റുകയും, ത്യാഗരാജൻ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ സോന്തി വെങ്കിടരമണയ്യയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. തെലുങ്ക്, സംസ്കൃതം എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. 1847 ജനുവരി 6–ാം തീയതിയാണ് ത്യാഗരാജൻ അന്തരിച്ചത്, തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍.

‘കർണാടകസംഗീതം’ എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ വളര്ച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നല്കിയിട്ടുള്ളത്. ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീർത്തനങ്ങൾ ശ്രീരാമനെ പ്രകീർത്തിക്കുന്നവയാണ്.

തത്ത്വജ്ഞാനപരങ്ങളും സന്മാർഗജീവിതപ്രേരകങ്ങളുമായ നിരവധി കീർത്തനങ്ങളും അദ്ദേഹം വിരചിച്ചിട്ടുണ്ട്. ലൌകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും ഭഗവച്ചരണാഗതിയും, ആത്മസാക്ഷാൽക്കാരവും ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീർത്തനങ്ങളിൽ ഭൂരിഭാഗവും.

ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീർത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാൽ ആ കീർത്തനങ്ങൾ രൂപഭേദമില്ലാതെ, പൂർ‌വ്വരൂപത്തിൽത്തന്നെ നിലനിന്നുവരുന്നു.

ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് കർണാടകസംഗീതം പൂർണവളർച്ച പ്രാപിച്ചത്. അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി തുടങ്ങിയ പ്രസിദ്ധ രാഗങ്ങളിൽ വളരെ കീർത്തനങ്ങൾ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തിൽ അനേകം കീർത്തനങ്ങൾ വിരചിട്ടുണ്ട്.

ത്യാഗരാജസ്വാമികൾ ഘന രാഗങ്ങളായ നാട്ട, ഗൌള, ആരഭി, വരാളി, ശ്രീരാഗം എന്നിവയിൽ യഥാക്രമം രചിച്ച ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നീ സുപ്രധാന കീർത്തനങ്ങൾ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ പഞ്ചരത്നകീർത്തനങ്ങൾ എന്നറിയപ്പെടുന്നു.

ത്യാഗരാജ സ്വാമികൾ രചിച്ച കീർത്തനങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന അഞ്ചെണ്ണമാണു് പഞ്ചരത്നകീർത്തനങ്ങൾ /പഞ്ചരത്നകൃതികൾ എന്നു് അറിയപ്പെടുന്നത്. ത്യാഗരാജ സ്വാമികളുടെ ഇഷ്ടദൈവമായ ശ്രീരാമചന്ദ്രനെ സ്തുതിച്ചു കൊണ്ടുള്ള, കീർത്തനങ്ങളാണിവ….

 

താഴെ പറയുന്നവയാണ് പഞ്ചരത്ന കീർത്തനങ്ങൾ:

“ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ” (രാഗം: നാട്ട) (താളം: ആദി)

“എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു” (രാഗം: ശ്രീ) (താളം: ആദി)

“കനകന രുചിരാ; കനക വസന! നിന്നു” (രാഗം: വരാളി) (താളം: ആദി)

“സാധിംചെനെ ഓ മനസാ” (രാഗം: ആരഭി) (താളം: ആദി)

“ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ” എന്തോ (രാഗം: ഗൗള) (താളം: ആദി).

സുന്ദരകൃതികളാൽ കർണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാർക്കും സംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ ‘സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു. ‘ത്യാഗരാജ’ എന്ന് ആണ് അദ്ദേഹം കൃതികളിൽ മുദ്ര ആയി ഉപ‌യോഗിക്കുന്നത്.

ത്യാഗരാജസ്വാമികൾ ശ്രീരാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ‘എന്തരോ മഹാനുഭാവുലു’. സ്വാമികളുടെ ‘പഞ്ചരത്ന കൃതി’കളിലൊന്നുകൂടിയാണല്ലോ ഇത്.

https://www.youtube.com/watch?v=VDrjbGPdA1g

വളരെ പ്രസിദ്ധവും പുരാതനവുമായ ആനന്ദഭൈരവി രാഗത്തിൽ ത്യാഗരാജസ്വാമികളുടെ വെറും നാലു കൃതികളേ ഉള്ളൂ. ഇതേപ്പറ്റി ഒരു കഥയുണ്ട്. (ഒരു കഥയായി കണ്ടാൽ മതി)

🌍

🔸 ഒരു അസാധാരണ വാഗ്‌ദാനത്തിന്റെ കഥ: ഒരിക്കൽ സ്വാമികൾ ഒരു നാടോടി സംഘത്തിന്റെ നൃത്ത-നാടക പരിപടി കാണുകയുണ്ടായി. കൃഷ്ണന്റെയും രാധയുടെയും കഥയുള്ള ആ പരിപാടിയിൽ ആനന്ദഭൈരവി രാഗത്തിൽ “മഥുര നഗരിലോ…” എന്നു തുടങ്ങുന്ന ഗാനം അവർ പാടിയത് അദ്ദേഹത്തിനു വളരെയധികം ഇഷ്ടമാവുകയും അവർക്ക് ഇഷ്ടമുള്ള, തനിക്കു നൽകാനാവുന്ന, ഒരു സമ്മാനം ആവശ്യപ്പെട്ടുകൊള്ളാൻ പറയുകയും ചെയ്തു.

ഏറെ നേരത്തെ ചിന്തയ്ക്കു ശേഷം അവർ ആനന്ദഭൈരവി തന്നെ സമ്മാനമായി ചോദിച്ചു. അതായത് ഇനി മേലാൽ സ്വാമികൾ ആ രാഗം പാടരുത് എന്നാണ് അവർ ആവശ്യപ്പെട്ടത്. ഭാവിയിൽ ഈ കഥ കേൾക്കുന്നവർ തങ്ങളെ ഓർക്കാൻ വേണ്ടിയാണത്രേ അവർ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

സ്വാമികൾ അത് സ്വീകരിക്കുകയും ചെയ്തുവത്രേ! ഏതായാലും, ഈ വാഗ്‌ദാനത്തിന്റെ കഥ ശരിയായാലും തെറ്റായാലും, ത്യാഗരാജസ്വാമികളുടേതായി ‘ആനന്ദഭൈരവി’ രാഗത്തിൽ (ഈ കഥയിലെ സംഭവത്തിന് മുമ്പെഴുതിയ) താഴെ സൂചിപ്പിക്കുന്ന മൂന്നേ മൂന്ന് കൃതികൾ മാത്രമാണ് ഉള്ളതെന്ന് കേട്ടിട്ടുണ്ട്….

“രാമ രാമ ശ്രീ വരമു…”
https://www.youtube.com/watch?v=fy2ncKjBNfM

(Prince Rama Varma)

“ക്ഷീര സാഗര വിഹാര…”
https://www.youtube.com/watch?v=8W49MLOZf84
(Dr. M. Balamurali Krishna )

“നീക്കേ തെളിയുകപോതെ രാമാ…”
https://www.youtube.com/watch?v=re5D3BIa6j0

(Vocal: Smt. M Sasirani)
🔸

സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ച ത്യാഗരാജൻ,1847 ജനുവരി 6-ാം തീയതിയാണ് അന്തരിച്ചത്; തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും.

ത്യാഗരാജസ്വാമി ക്ഷേത്രം:

തഞ്ചാവൂര്‍ നിന്ന് പോകുമ്പോള്‍ നാഗപട്ടണത്തിന് 23 കിലോമീറ്റര്‍ മുമ്പാണ് ‘തിരുവാരൂര്‍’. ഇവിടെയാണ് തമിഴ്‌നാട്ടിലെ മഹാക്ഷേത്രങ്ങളില്‍ ഒന്നായ ത്യാഗരാജസ്വാമി ക്ഷേത്രം. നൂറു കണക്കിന് ഏക്കറില്‍ പടര്‍ന്നു പരന്നു കിടക്കുന്ന ഒരു പെരുംകോവില്‍. (ഇതിന്റെ ക്ഷേത്രക്കുളം തന്നെ 33 ഏക്കറിലാണ്. നടുക്ക് മറ്റൊരമ്പലവും അതിലേക്കു പോകാന്‍ തോണിയുമുണ്ട്!). പ്രധാനക്ഷേത്രത്തിന്റെ ഗോപുരത്തിനു തന്നെ 118 അടി ഉയരം വരും…

———————————————————————————————

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക

—————-——————————————