പ്രതിപക്ഷ നേതാക്കളുടെ  ഫോൺ ചോർത്താൻ നീക്കം : ഐ ഫോൺ കമ്പനി

ന്യൂഡൽഹി: തങ്ങളുടെ ഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്ന് ആപ്പിൾ ഫോൺ കമ്പനി മുന്നറിയിപ്പ് നൽകിയതായി ‘ഇന്ത്യ’ മുന്നണി പ്രതിപക്ഷ നേതാക്കൾ. ആപ്പിൾ നൽകിയ ‘അപായ സന്ദേശ’വും അവർ പുറത്തുവിട്ടു.

സർക്കാരിന്റെ അറിവോടെ നടന്ന ചോർത്തൽ,  ഉപയോക്താക്കളെ അറിയിക്കാൻ ആപ്പിൾ രൂപകൽപ്പന ചെയ്ത സംവിധാനമാണ് ‘ആപ്പിൾ അപായസന്ദേശം’.

ഐ ഫോണിലെ ഐ മെസേജിലൂടെയാണ് ഈ  സന്ദേശം ലഭിക്കുന്നത്. സൈബർ ക്രിമിനലുകളിൽ നിന്ന് വ്യത്യസ്തമായി, ചില പ്രത്യേക വ്യക്തികളുടെ വിവരങ്ങൾ മാത്രമാണ് സർക്കാർ അറിവോടെ ചോർത്തുന്നതെന്നും ഇതു കണ്ടെത്താൻ പ്രയാസമായതിനാൽ ദശലക്ഷക്കണക്കിന് ഡോളർ ചെലവാക്കിയാണ് ഈ സംവിധാനം ചെയ്തതെന്നും ആപ്പിൾ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

കോൺഗ്രസ് എംപി ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര,കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്.

ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകളിൽ അവർ പങ്കുവച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തതായി പരാതിയുണ്ട്.

‘‘എന്റെ ഫോണും ഇമെയിലും സർക്കാർ ചോർത്താൻ ശ്രമിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി ആപ്പിളിൽനിന്ന് സന്ദേശവും ഇ മെയിലും ലഭിച്ചു’’– മഹുവ, എക്സിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, ഗൗതം അദാനി എന്നിവരെ അവർ വിമർശിക്കുകയും ചെയ്തു.

ശിവസേന എംപി പ്രിയങ്ക ചതുർവേദിക്കും മറ്റു ചില ‘ഇന്ത്യ’ മുന്നണി നേതാക്കൾക്കും മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ടെന്നും മഹുവ കുറിപ്പിൽ  പറഞ്ഞു. മഹുവ പങ്കുവച്ച സ്ക്രീൻഷോട്ട് പ്രകാരം ആപ്പിളിൽനിന്നു ലഭിച്ച സന്ദേശം ഇങ്ങനെയാണ്– ‘‘അലർട്ട്: സ്റ്റേറ്റ് സ്പോൺസേർഡ് ആക്രമണകാരികൾ നിങ്ങളുടെ ഐഫോണിനെ ലക്ഷ്യം വച്ചേക്കാം’’

ആപ്പിളിൽനിന്ന് അപായസന്ദേശം ലഭിച്ചെന്നും ഇതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതായും ശശി തരൂർ അറിയിച്ചു. ‘‘എന്നെപ്പോലുള്ള നികുതിദായകരുടെ ചെലവിൽ ജോലിയില്ലാത്ത ഉദ്യോഗസ്ഥർക്കു പണി നൽകുന്നതിൽ സന്തോഷമുണ്ട്! ഇതിലും വലിയ കാര്യങ്ങൾ ഒന്നും ചെയ്യാനില്ലേ?’’ – ശശി തരൂർ‌ കളിയാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News