ഉടുമുണ്ടുടുപ്പിക്കാതെ എൻ്റെ കുഞ്ഞിനെയവർ തല്ലിച്ചതച്ചു

In Featured, Special Story
March 01, 2024
കൊച്ചി: “ഉടുമുണ്ടുടുപ്പിക്കാതെ എൻ്റെ കുഞ്ഞിനെയവർ തല്ലിച്ചതച്ചു” ഒരച്ഛൻ്റെ വിലാപമാണ്. അവനു വേണ്ടി ജീവിക്കുകയും പൊരിവെയിലിൽ പണിയെടുക്കുകയും ചെയ്ത, നാളെ അവൻ്റെ തണലിൽ വിശ്രമിക്കാൻ ആഗ്രഹിച്ച ഒരച്ഛൻ്റെ ഇടനെഞ്ചുതകർന്നതാണ് നാം കേട്ടത്. “
പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ  എഴുത്തുകാരനായ ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു .
എങ്ങനെയെങ്കിലും ഇതു പുറത്തറിയണം” എന്നാ മനുഷ്യൻ ഇടറിയിടറി പറയുമ്പോൾ പെരുംനുണകളുടെ ഒച്ചകൾക്കിടയിൽ നാവ് നഷ്ടപ്പെട്ടവൻ്റെ നിസ്സായത തിരിച്ചറിയാൻ ആവുന്നില്ലെങ്കിൽ,അതിനോടു ചേർന്നുനിൽക്കാൻ തോന്നുന്നില്ലെങ്കിൽ നമ്മൾ മനുഷ്യരേയല്ല.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ
ദ്യപാരായണത്തിൻ്റെ വേദികളിൽ ഇറ്റു വീണ ഒരു കണ്ണുനീർക്കണമായിരുന്നു ‘മാമ്പഴം.’ അകാലത്തിലസ്തമിച്ചു പോയ ഒരു ഉണ്ണി സൂര്യനെ,അവൻ്റെ തപിച്ചാർദ്രയായ അമ്മയെ മലയാളി ഹൃദയത്തിലെടുത്തുവച്ചു. വൈലോപ്പിള്ളിക്കവിതയിലെ കാവ്യബിംബമായിരുന്നിട്ടു പോലും ആ ‘അകാല മരണം’ മനുഷ്യത്വത്തെ നോവിച്ചു. കണ്ണുകളെ ഈറനണിയിച്ചു.ഇന്നിതൊരു കാവ്യബിംബമല്ല;രക്തവും മാംസവുമുറ്റിയ ഒരു ശരീരമാണ് കയറിൽ തൂങ്ങിനിന്നവസാനിച്ചത്. ആ രണ്ടു കണ്ണുകളടഞ്ഞു പോയപ്പോൾ ഇരുട്ടു വീണു പോയത് നിസ്വരായ ഒരച്ഛൻ്റെയും അമ്മയുടെയും പ്രതീക്ഷകളുടെ ലോകത്തിലാണ്.
“എൻ്റെ കുഞ്ഞിന് മൂന്നു ദിവസമായി ഒന്നും കഴിക്കാൻ കൊടുത്തിരുന്നില്ല” എന്നു പറഞ്ഞ് കരയുന്നത് അവനെ ഒക്കത്തെടുത്ത് അമ്പിളിമാമനെക്കാട്ടിയും കഥപറഞ്ഞും മാമുണ്ണിച്ചിരുന്ന ഒരു വത്സല ഹൃദയമാണ്. ഏതു പ്രത്യയശാസ്ത്ര ധാർഷ്ട്യങ്ങൾക്കാണ് അവരെ ആശ്വസിപ്പിക്കാൻ കഴിയുക.
“ഉടുമുണ്ടുടുപ്പിക്കാതെ എൻ്റെ കുഞ്ഞിനെയവർ തല്ലിച്ചതച്ചു” ഒരച്ഛൻ്റെ വിലാപമാണ്.

അവനു വേണ്ടി ജീവിക്കുകയും പൊരിവെയിലിൽ പണിയെടുക്കുകയും ചെയ്ത, നാളെ അവൻ്റെ തണലിൽ വിശ്രമിക്കാൻ ആഗ്രഹിച്ച ഒരച്ഛൻ്റെ ഇടനെഞ്ചുതകർന്നതാണ് നാം കേട്ടത്. “എങ്ങനെയെങ്കിലും ഇതു പുറത്തറിയണം” എന്നാ മനുഷ്യൻ ഇടറിയിടറി പറയുമ്പോൾ പെരുംനുണകളുടെ ഒച്ചകൾക്കിടയിൽ നാവ് നഷ്ടപ്പെട്ടവൻ്റെ നിസ്സായത തിരിച്ചറിയാൻ ആവുന്നില്ലെങ്കിൽ,അതിനോടു ചേർന്നുനിൽക്കാൻ തോന്നുന്നില്ലെങ്കിൽ നമ്മൾ മനുഷ്യരേയല്ല.
എന്തൊരു കഥകളാണ് ഈ പെരും നുണയൻമാർ പടച്ചുവിടുന്നത്. ഇനിയുമെത്ര നുണകൾ വരാനിരിക്കുന്നു! ഉല്ലാസവനായി വീടുതേടി പോയവൻ,പാതി വഴി പിന്നിട്ടിട്ട് തിരികെപ്പോയി കയറെടുത്തു സ്വയം അവസാനിപ്പിച്ചു എന്ന നുണ ആരു വിശ്വസിക്കും. ‘ആരും വിശ്വസിക്കും’ എന്ന ധാർഷ്ട്യമാണ് ഒരു ചെറുപ്പക്കാരൻ്റെ അന്തസ്സ് അഴിച്ചു വച്ച് നഗ്നനാക്കി സമൂഹവിചാരണനടത്തി ഭേദ്യം ചെയ്ത് അസാനിപ്പിക്കുവാനുള്ള പ്രേരണ. “എൻ്റെ മകനെ കൊന്നതാണ്. അവൻ അങ്ങനെ ചെയ്യില്ല” എന്ന അച്ഛൻ്റെ വാക്ക് പതിനെട്ടു വർഷത്തെ വിശ്വാസത്തീയാൽ സ്വയം അഗ്നി ശുദ്ധി ചെയ്ത ഒരു സത്യമായിരിക്കണം. അതിനെ അവിശ്വസിക്കുക എന്നത് പൈതൃക മാലിന്യവും പേറി നടക്കുന്ന ചില കൊടും കുറ്റവാളികളെ സാധൂകരിക്കലായിപ്പോകും.
ഒരർത്ഥത്തിൽ ആ അച്ഛനുമമ്മയും ആശ്വസിക്കണം! അവരുടെ മകനെ കൺമുന്നിലിട്ടു വെട്ടി രക്തവും മാംസവും ചോറ്റു പാത്രത്തിലിറ്റിച്ച് ഉരുളയുരുട്ടി തീറ്റിച്ചില്ലല്ലോ..അതൊക്കൊയാണീയധമൻമാരുടെ രാഷ്ട്രീയ കൊലകളുടെ ബീഭത്സചരിത്രം.നാളത്തെ മൃഗഡോക്ടർമാരാവാൻ പഠിച്ചത് മൃഗങ്ങളായിരുന്നു എന്നാണ് ‘വൈത്തിരി’ കാട്ടിത്തന്നത്. അനപത്യത്തിൻ്റെ കണ്ണീരു വീണ് ഇവനൊക്കെ മുടിഞ്ഞു പോയില്ലങ്കിൽ ദൈവനീതി എന്ന വാക്കിന് എന്തർത്ഥമാണുള്ളത്?!

സിദ്ധാർത്ഥൻ്റെ ആ കയർ സ്വയം തൂങ്ങിമരിക്കാൻ പ്രേരിപ്പിക്കുന്നതും രോഹിത് വെമൂലയുടേത് കൊലപാതകത്തിൻ്റ പ്രേരണക്കുറ്റവും ആകുന്നത് പിഴച്ചുപെറ്റ ഇരട്ട നീതിയാണ്. നിശബ്ദത കൊണ്ട് സിദ്ധാർത്ഥനെ ആത്മഹത്യ ചെയ്തവനാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിഷേധമാണ് “എങ്ങനെയെങ്കിലും ഇത് പുറത്തെത്തിക്കണം” എന്ന സിദ്ധാർത്ഥിൻ്റെ അച്ഛൻ്റെ വാക്കുകൾ.
ഇതിന് കൂട്ടുനിന്നു എന്നാരോപിക്കപ്പെട്ടവരിൽ അധ്യാപകരും അധികാരികളുമുണ്ട്. ‘വാങ്ങിയ കാശിൻ്റെ വേല’ ചെയ്തവളുടെ കാലിടയിൽ പറ്റിയ രേതസ്സിൻ്റെ ശുദ്ധി പോലുമില്ലാത്തവരെപ്പറ്റി എന്തു പറയാൻ!
ഈ വിധി നാം ചോദിച്ചു വാങ്ങിയതാണ്. ‘ഓരോരുത്തരും അർഹിക്കുന്ന ദൈവത്തെയാണവർക്ക് കിട്ടുക’ .
മകൻ മരിച്ചു കിടക്കുന്നത് കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചയാണ്. ‘കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻതന്നെ നീ?’ എന്ന ചോദ്യം ഇവിടെയും അസ്ഥാനത്താണ്. “കൊല്ലിക്കയത്രേ നിനക്ക് രസമെടോ” എന്ന് അറിയാത്തതാർക്കാണ്?! ‘കുലം മുടിഞ്ഞു പോകണേ’ എന്നു പ്രാകി കൊണ്ടല്ലാതെ ആ അമ്മയുടെ ദുഃഖത്തിൽ എങ്ങനെ പങ്കുചേരും..?!
“പുത്രൻ മടിയിൽ മരിക്കുന്നൊരാമ്മ തൻ
ഇറ്റിറ്റു വീഴുന്ന കണ്ണുനീരാണു ഞാൻ.”