സച്ചിദാനന്ദന് ഗാന്ധി നാമം ഉച്ചരിക്കാൻ അർഹതയില്ല

In Featured, Special Story
January 23, 2024

കൊച്ചി : സച്ചിദാനന്ദനെ പോലുള്ളവർ എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പേരോ ഗാന്ധിജിയുടെ രാമന്റെ പേരോ ഉച്ചരിക്കാൻ അർഹതയില്ലാത്തവർ ആകുന്നത്? ഗാന്ധിജി തന്റെ പൊതുജീവിതത്തിൽ വാക്കും പ്രവർത്തിയും ഒരുമിച്ചു കൊണ്ടു നടന്നു. ഇന്നത്തെ രാഷ്ട്രീയജീവിതത്തിൽ അങ്ങനെ ഒരു ഉദാഹരണം ഇല്ല. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്കെതിരെ പ്രതികരണം നടത്തിയ കവി സച്ചിദാനന്ദനെതിരെ സിആർ പരമേശ്വരൻ.ഫേസ്ബുക്കിലൂടെയാണ്  പരമേശ്വരന്റെ പ്രതികരണം.

ഒരിക്കൽ സിപിഎം സർക്കാരിനാൽ വിധ്വംസനം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട യുവ സച്ചിദാനന്ദൻ ഇന്ന് DYFI മനുഷ്യച്ചങ്ങലയിൽ ഗുണ്ടകളോടും അഴിമതിക്കാരോടും സ്ത്രീ പീഡകരോടും ഒപ്പം രണ്ട് കക്ഷവും പ്രദർശിപ്പിച്ച് നിൽക്കുന്ന പോലെ. സച്ചിദാനന്ദൻമാർ പിണറായിയുടെ മനുഷ്യച്ചങ്ങലയിൽ നിന്ന് മോദിയെ കുറ്റം പറയുന്നതിൽ പരം അപഹാസ്യമായി എന്താണുള്ളത്? സച്ചിദാനന്ദന് ജീവനം നൽകുന്നത് പിണറായിയാണ്. ഈ പിണറായിക്ക് ജീവനം നൽകുന്നത് മോദിയാണ്. അത് മറക്കാൻ പാടില്ല…പരമേശ്വരൻ എഴുതുന്നു …

 

സച്ചിദാനന്ദൻ ധീരൻ ആണെങ്കിൽ, പിണറായി ധീരൻ ആണെങ്കിൽ ഇനി അദ്ദേഹം മോദിയെ കാണുമ്പോൾ അടിയാൻ ശരീരഭാഷ വെടിഞ്ഞ് ഇങ്ങനെ പറയാൻ പറയണം :’അയോധ്യയിൽ താൻ പ്രതിഷ്ഠിച്ചത് ഹിന്ദു രാഷ്ട്രത്തിന്റെ യുദ്ധോദീപ്ത രാമൻ ആണ്. ഞാൻ കഠിനമായി പ്രതിഷേധിക്കുന്നു’ എന്ന്. ഉവ്വുവ്വ്. പറഞ്ഞതു തന്നെ…പരമേശ്വരൻ ചോദിക്കുന്നു..

 

  ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ഹിന്ദു രാഷ്ട്രത്തിന്റെ യുദ്ധോദീപ്ത രാമൻ ആണെന്നും ഇതിൽ എന്റെ രാമൻ സ്വസ്ഥൻ ആയിരിക്കി’ല്ലെന്നും സച്ചിദാനന്ദർ. ആരാണ് ഇദ്ദേഹത്തിന്റെ രാമൻ? അദ്ദേഹം പറയുന്നു, ഗാന്ധിയുടെ രാമനാണ് തന്റെ രാമൻ എന്ന്. ഈ ക്ലീഷേ ഈ ആശാൻ എത്രകാലമായി കൊണ്ടുനടക്കുന്നു? പത്ത് മുപ്പത് കൊല്ലം കൊണ്ട് തന്റെ ജീവിതം നന്നാവുകയും തന്റെ മേദസ്സ് വർദ്ധിക്കുകയും ചെയ്തു എന്നല്ലാതെ ഈ പുരോഗമനചിന്തയുടെ ഗതി എന്തായി?

നോക്കൂ, ഇന്ത്യയിലെ വിപ്ലവചിന്തയുടെ റോമും മെക്കയുമായ ജെ എൻ യു വിലും ജാമിയ മില്യയിലും പോലും അന്തേവാസികൾ ജനുവരി 22 ഒഴിവു ദിനമായി ആഘോഷിക്കാൻ നിർബന്ധിതരാണ്. ഇന്നും നാളെയും മറ്റന്നാളും അവിടെ നമ്മുടെ ജാഡവിപ്ലവക്കുഞ്ഞുങ്ങൾ ഇംഗ്ലീഷിൽ നെടുവീർപ്പിടുകയും പൊട്ടിക്കരയുകയും ചെയ്യും. ബുദ്ധിയുള്ള ആ കുഞ്ഞുങ്ങൾ മൂന്നുനാലു കൊല്ലം കൊണ്ട് ഐ.എ.എസ് ഒക്കെ എടുക്കും. പിന്നെ, സുഖജീവിതത്തെ കുറിച്ചുള്ള യാഥാർത്ഥ്യബോധം കൈ വന്ന് ഇന്ത്യയിൽ ഹിന്ദുത്വം ത്വരിതഗതിയിൽ വ്യാപിപ്പിക്കാൻ ഭരണപരമായി കഠിനപ്രയത്നം നടത്തും.

ഒരിക്കൽ സിപിഎം സർക്കാരിനാൽ വിധ്വംസനം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട യുവ സച്ചിദാനന്ദൻ ഇന്ന് DYFI മനുഷ്യച്ചങ്ങലയിൽ ഗുണ്ടകളോടും അഴിമതിക്കാരോടും സ്ത്രീ പീഡകരോടും ഒപ്പം രണ്ട് കക്ഷവും പ്രദർശിപ്പിച്ച് നിൽക്കുന്ന പോലെ. രാമനും കൃഷ്ണനും ഒക്കെ, ഭരണപക്ഷക്കാരനാകട്ടെ, പ്രതിപക്ഷക്കാരൻ ആകട്ടെ, ഏതു രാഷ്ട്രീയക്കാരന്റെ കയ്യിലും പാവപ്പെട്ട മതാത്മക ഹിന്ദുവിനെ പറ്റിക്കാനുള്ള കഥകളാണ്. അതേക്കുറിച്ച് പിന്നെ. ഗാന്ധിയുടെ രാമനും യുക്തിസഹതയുള്ള രാമനായിരുന്നില്ല. പക്ഷേ ഗാന്ധിജി രാമഭക്തിയിൽ അചഞ്ചലനായിരുന്നു. ആത്മാർത്ഥതയുള്ളവനായിരുന്നു. ആശ്രയമറ്റ പാവം മതാത്മക ഇന്ത്യക്കാരന്റെ പ്രതിനിധിയായിരുന്നു. അദ്ദേഹത്തിന് സ്വാതന്ത്ര്യ സമരത്തിൽ ആൾബലം വേണമായിരുന്നു. എന്നിട്ടും അദ്ദേഹം ക്ഷേത്രാരാധകൻ ആവാൻ മെനക്കെട്ടില്ല. അനുഷ്ഠാനങ്ങളുടെ പിന്നാലെ പോയില്ല.

അദ്ദേഹം ക്ഷേത്രാരാധകൻ കൂടിയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പിന്നാലെ പത്തിരട്ടി ആളുകൾ കൂടുതൽ ഉണ്ടാകുമായിരുന്നു. ഉപനിഷത്തുക്കളിൽ നിന്ന് തുടങ്ങുന്ന ഹൈന്ദവികതയുടെ കാതലിന്റെ ശൃംഖലയിലെ അവസാനത്തെ കണ്ണിയായിരുന്നു ഗാന്ധിജി. ഹൈന്ദവികതയുടെ കാതൽ എന്തെന്ന് ജനങ്ങൾക്ക് ഗാന്ധിജി കാണിച്ചു കൊടുത്തപ്പോൾ ശങ്കരാചാര്യന്മാർ പോലും ഭയപ്പെട്ടു. അവർ ക്ഷേത്രരാധന അടക്കമുള്ള അനുഷ്ഠാനങ്ങൾ ആചരിക്കാത്ത അദ്ദേഹത്തെ കഠിനമായി വെറുത്തു. ആ വെറുപ്പാണ് പിന്നെ വെടിയുണ്ടയായി അദ്ദേഹത്തിന്റെ നെഞ്ചിൽ പതിച്ചത്.

സച്ചിദാനന്ദനെ പോലുള്ളവർ എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പേരോ ഗാന്ധിജിയുടെ രാമന്റെ പേരോ ഉച്ചരിക്കാൻ അർഹതയില്ലാത്തവർ ആകുന്നത്? ഗാന്ധിജി തന്റെ പൊതുജീവിതത്തിൽ വാക്കും പ്രവർത്തിയും ഒരുമിച്ചു കൊണ്ടു നടന്നു. ഇന്നത്തെ രാഷ്ട്രീയജീവിതത്തിൽ അങ്ങനെ ഒരു ഉദാഹരണം ഇല്ല. കാലാനുസൃതമായി അപൂർവ്വമായി വാക്ക് മാറേണ്ടി വരുമ്പോൾ ആ സാഹചര്യം വിവരിച്ച് ആദ്യം അത് ഏറ്റു പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു. തന്റെ ഓരോരോ കാലത്തെ മണ്ടൻ ചിന്തകളെ കുറിച്ച് പോലും നമുക്ക് പിന്നീട് വിവരിച്ചു തന്നത് അദ്ദേഹം തന്നെയായിരുന്നു.

എന്നാൽ,സച്ചിദാനന്ദൻ ആജന്മം ഒരു അവസരവാദിയായിരുന്നു എന്ന വസ്തുത ഗാന്ധിജിയുടെ പേരോ ഗാന്ധിജിയുടെ രാമന്റെ പേരോ ഉച്ചരിക്കാൻ അദ്ദേഹത്തെ അയോഗ്യനാക്കുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പ്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ യജമാനൻമാരായ കമ്മ്യൂണിസ്റ്റുകാരുടെയും ജിഹാദികളുടെയും ചരിത്രമോ? പണ്ട്, ഗാന്ധി വിശ്വസിച്ചിരുന്ന എല്ലാറ്റിന്റെയും വിരുദ്ധരായിരുന്ന ഇക്കൂട്ടർ ഒക്കെ ഇന്ന് നെറികെട്ട രീതിയിൽ ‘ഗാന്ധി, ഗാന്ധി’എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു .
ഇന്ന് ഗാന്ധിജിയുടെ പേര് ദുരുപയോഗിക്കുന്ന ജിഹാദികൾ ആണ് 1946 ആഗസ്റ്റ് 16ന് ഇന്ത്യയെ ചോരക്കളം ആക്കിയ വിഭജനത്തിന് തുടക്കമിട്ട Direct Action Day ആഹ്വാനം ചെയ്തത്. അതിനുശേഷം, മരിക്കുംവരെ ഗാന്ധിജി ദുഃഖമൊഴിഞ്ഞുള്ള ഒരു സ്വാഭാവിക മാനസികാവസ്ഥയിൽ എത്തിയിട്ടില്ല.

ഹിന്ദുത്വ ഭീകരൻ ഗാന്ധിജിയുടെ നെഞ്ചിൽ നിറയൊഴിച്ച് ആറാഴ്ച തികയും മുമ്പാണ് കമ്മ്യൂണിസ്റ്റുകാർ 1948ൽ ഗാന്ധിജിയുടെ സ്വപ്നമായിരുന്ന സ്വതന്ത്ര ഇന്ത്യയെ കുത്തിക്കീറാൻ കൽക്കത്ത തീസിസ് എന്ന രാജ്യദ്രോഹ പദ്ധതി ആവിഷ്കരിച്ചത്.
ഈ രണ്ട് ഗാന്ധിവിരുദ്ധശക്തികളുടെ പിൻഗാമികളാണ് സച്ചിദാനന്ദനെ പോലുള്ളവർക്ക് ദേഹക്കൊഴുപ്പും മാംസ്യവും നൽകുന്നത്. ഗാന്ധിജിയുടെ പേര് സച്ചിദാനന്ദനെ പോലെ അർഹതയില്ലാത്തവർ ഉപയോഗിക്കുന്നത് തടയാൻ യു.എ പി. എ.പോലെ കഠിനമായ ഏതെങ്കിലും നിയമങ്ങൾ കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം.

സച്ചിദാനന്ദൻ ഇപ്പോൾ ഗാന്ധിയുടെ പേരും ഗാന്ധിയുടെ രാമന്റെ പേരും ഉച്ചരിക്കുന്നത് വാളയാറിലെയും വണ്ടിപ്പെരിയാറിലെയും പോലുള്ള ദലിത്ബാലികാപീഡകർ ഉള്ള, സ്വർണ്ണക്കടത്ത് നടത്തുന്ന, ഡോളർ കടത്ത് നടത്തുന്ന, കരിമണൽ കൊള്ള നടത്തി മാസപ്പടി വാങ്ങുന്ന സിപിഎമ്മിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നാണ്. ഒരു ഹിന്ദു രാഷ്ട്രത്തിലേക്ക് ഇനി അധികം ദൂരമില്ല. അതിനുമുമ്പ് മരിച്ചു പോകണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്. കാരണം, വ്യക്തിപരമായി എന്റെ കഷ്ടപ്പാടുകൾ നിറഞ്ഞ സുദീർഘ ജീവിതം ആകാവുന്നത്ര സുഗമമാക്കിയ സുഹൃത്തുക്കളിൽ എത്രയോ അഹിന്ദുക്കളും ഉണ്ട്. എന്റെ വീട്ടിൽ ഞങ്ങൾ വളരെ വിലമതിക്കുന്ന അഹിന്ദുക്കളും അംഗങ്ങളായി ഉണ്ട്.

ഈ ഹിന്ദുത്വ രാഷ്ട്രം സാക്ഷാത്കരിക്കുന്നതിന് സഹായിച്ചവരിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മുഴുവൻ മുൻ പറഞ്ഞതു പോലുള്ള സാംസ്കാരിക സെപ്റ്റിക് ടാങ്ക് നിവാസികൾ സഹായകമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളിൽ മാത്രമല്ല അവസരവാദികൾ ആയ അത്തരക്കാർ ഉള്ളത്. ദ്രാവിഡന്മാരിലും, യാദവൻമാരിലും, തൃണമൂലുകാരിലും, പവാർമാരിലും ആംഗല ജാഡ പത്രപ്രവർത്തകരിലും അക്കാദമിക്കുകളിലും അത്തരക്കാർ ഉണ്ട്. സച്ചിദാനന്ദൻമാർ പിണറായിയുടെ മനുഷ്യച്ചങ്ങലയിൽ നിന്ന് മോദിയെ കുറ്റം പറയുന്നതിൽ പരം അപഹാസ്യമായി എന്താണുള്ളത്? സച്ചിദാനന്ദന് ജീവനം നൽകുന്നത് പിണറായിയാണ്. ഈ പിണറായിക്ക് ജീവനം നൽകുന്നത് മോദിയാണ്. അത് മറക്കാൻ പാടില്ല.

എ.കെ.ജി.യുടെ മുമ്പിലോ ഇ.എം.എസിന്റെ മുൻപിലോ പ്രദർശിപ്പിക്കാത്ത ‘അടിയാൻ ശരീരഭാഷ’യാണ് പിണറായി നാളെ അയോധ്യയിൽ രാമപ്രതിഷ്ഠ നടത്താൻ പോകുന്ന മോദിയെ കാണുമ്പോഴൊക്കെ പ്രദർശിപ്പിക്കുന്നത്. ആ ശരീരഭാഷ പറയാതെ പറയുന്നത് ‘ എന്നെ ജീവിക്കാൻ അനുവദിക്കേണമേ. എന്നെ ചുറ്റിപ്പറ്റി സാംസ്കാരിക നായകരടക്കം ഒരുപാട് പേരുടെ ജീവിതമുണ്ടേ ‘ എന്നാണ്.
അതല്ല, സച്ചിദാനന്ദൻ ധീരൻ ആണെങ്കിൽ, പിണറായി ധീരൻ ആണെങ്കിൽ ഇനി അദ്ദേഹം മോദിയെ കാണുമ്പോൾ അടിയാൻ ശരീരഭാഷ വെടിഞ്ഞ് ഇങ്ങനെ പറയാൻ പറയണം :’അയോധ്യയിൽ താൻ പ്രതിഷ്ഠിച്ചത് ഹിന്ദു രാഷ്ട്രത്തിന്റെ യുദ്ധോദീപ്ത രാമൻ ആണ്. ഞാൻ കഠിനമായി പ്രതിഷേധിക്കുന്നു’ എന്ന്. ഉവ്വുവ്വ്. പറഞ്ഞതു തന്നെ.