ഷംസീറിന് പിഴച്ചത് എവിടെ

In Editors Pick, Featured, Special Story
August 04, 2023
കൊച്ചി:ഷംസീറിന് പിഴച്ചത് ഏത് അവസരവാദി കമ്മ്യൂണിസ്റ്റിനും സംഭവിക്കുന്നത് പോലെ അദ്ദേഹത്തിന്റെ scientific temper അർദ്ധോക്തിയിൽ നിന്നുപോകുന്നു എന്നിടത്താണ്…
സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു.
പാർട്ടിക്ക് മുസ്ലിങ്ങളോട് അടക്കാൻ വയ്യാത്ത സ്നേഹം ഒന്നുംഉണ്ടായിട്ടല്ല.വോട്ട് വേണം.അധികാരം വേണം.അതുകൊണ്ട് അവർക്ക് അഹിതമായതും അപ്രീതി ജനിപ്പിക്കുന്നതും ആയ ഒന്നും ചെയ്യാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു.
അതുകൊണ്ടാണ് പാണക്കാടോ കാരന്തൂരോ സമസ്തയിലൊ ആർക്കെങ്കിലും ചെറിയ വായുക്ഷോഭം ഉണ്ടായാൽ പോലും ഇരട്ടചങ്കന്റെ ഭരണകൂടം ഞെട്ടിത്തെറിക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം ചുവടെ:-

സ്പീക്കർ മഹാശയൻ ഷംസീർ ഗണപതിയെ കുറിച്ച് പറഞ്ഞതിൽ തെറ്റൊന്നുമില്ല.ഗണപതി ഒരു മിത്ത് തന്നെയാണ്. ശാസ്ത്രം പഠിപ്പിക്കുമ്പോൾ മാത്രമല്ല,കലയും സാഹിത്യവും പഠിപ്പിക്കുമ്പോൾ പോലും ഗണപതിയെ ഒരു മിത്തെന്ന നിലയിലേ വിദ്യാർത്ഥികൾക്ക് മുൻപിൽ അവതരിപ്പിക്കാവൂ.
കണക്കുപരീക്ഷ ഈസി ആവാൻ വിഘ്നേശ്വരനോട് പ്രാർത്ഥിക്കാനുള്ള ബോധനവും ആത്മവിശ്വാസവും ഒക്കെ കുട്ടികൾക്ക് വേണമെങ്കിൽ രക്ഷിതാക്കൾ വീട്ടിൽ കൊടുത്തു കൊള്ളട്ടെ .
ഷംസീറിന് പിഴച്ചത് ഏത് അവസരവാദി കമ്മ്യൂണിസ്റ്റിനും സംഭവിക്കുന്നത് പോലെ അദ്ദേഹത്തിന്റെ scientific temper അർദ്ധോക്തിയിൽ നിന്നുപോകുന്നു എന്നിടത്താണ് .ഉദാഹരണത്തിന്,അദ്ദേഹത്തിന്റെ scientific temper ആറാം നൂറ്റാണ്ടിലെ ജീവിതകഥയിലെ ചരിത്രവും മിത്തും വേർതിരിച്ച് എടുക്കാനോ,ആധുനിക ശാസ്ത്രത്തിന്റെയും മാനവികതയുടെയും ആധുനിക ലിംഗനീതിയുടെയും വെളിച്ചത്തിൽ ആ ജീവിതകഥയെ കാണ്ഡo കാണ്ഡമായി അപഗ്രഥിക്കാനോ ഒരിക്കലും തയ്യാറാവില്ല. അഥവാ ഏതെങ്കിലും അബോധ നിമിഷത്തിൽ അദ്ദേഹം അതിനൊരുങ്ങിയാൽ ആ ദിവസം സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിൻറെ എല്ലുകൾ ഒടിയാനും സന്ധി ബന്ധങ്ങൾ ശ്ലഥമാവാനും തല തന്നെ പോകാനും സാധ്യതയുണ്ട്
ഈ ദുരന്തങ്ങൾ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടാൽ പോലും അദ്ദേഹം പാർട്ടിയിൽ നിന്ന് ആ നിമിഷം തന്നെ പുറത്താക്കപ്പെടും.കാരണം അദ്ദേഹം ശങ്കരനാരായണൻ തമ്പി സ്പീക്കർ ആയിരുന്ന കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അല്ല ഇന്ന് ഉള്ളത്.അദ്ദേഹം ശങ്കരനാരായണൻ തമ്പിയുമല്ല.കേരളത്തിലെ ആദ്യ മന്ത്രിസഭയിലേതു പോലെ നിസ്സംശയമായും മതേതരരും ജനസ്നേഹികളും ബുദ്ധിമാന്മാരും ശാസ്ത്രീയ ചിത്തവൃത്തി ഉള്ളവരും ആയ മന്ത്രിമാർ ഉപവിഷ്ടരായ സഭയെ അല്ല അദ്ദേഹം നിയന്ത്രിക്കുന്നത്. അധികാരത്തിനു വേണ്ടി ഏത് മതാന്ധരുമായും എന്ത് ഒത്തുതീർപ്പിനും തയ്യാറായ ഒരു പിണറായിസ്റ്റ് ഭരണകൂടത്തിന്റെ സ്പീക്കറാണ് അദ്ദേഹം.

ഇന്ത്യയിൽ എങ്ങും – കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും – മതപരമായ ജനസംഖ്യാശാസ്ത്രം (demography)അനുസരിച്ചുo മതസ്ഥരുടെ സാമ്പത്തിക -രാഷ്ട്രീയ ശക്തി അനുസരിച്ചുo ആണ് ഇന്ന് ഏത് പാർട്ടിയും അധികാരത്തിൽ എത്തുന്നത്. ഭൂരിപക്ഷമതമായ ഹിന്ദു സമുദായത്തിലെ പലതരം വ്യത്യസ്തതകളെ അതിജീവിച്ച് സംഘപരിവാർ ഇന്ന് അധികാരത്തിലെത്തിയിട്ടുള്ളത് തങ്ങൾക്ക് അനുകൂലമായ ഉത്തരേന്ത്യയിലെ demography കൗശലപൂർവം കൈകാര്യം ചെയ്‌തു തന്നെയാണ്..
കേരളത്തിലും അതേ ഡെമോഗ്രഫിക്കൽ നിയമമാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഇസ്ലാം ഒരു ന്യൂനപക്ഷ മതമല്ല. പ്രയോഗത്തിൽ ഇസ്ലാം ഇവിടെ ഭൂരിപക്ഷ മതം ആണ് . സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും അവർക്കാണ് മറ്റുള്ളവരെക്കാൾ കൂടുതൽ ശക്തിയുള്ളത്. സ്വാഭാവികമായും രാഷ്ട്രീയ അധികാരം വേണ്ടവർ അവരെ പ്രീണിപ്പിക്കാനും ഏത് വിധേനയും പ്രീതിപ്പെടുത്താനും ശ്രമിക്കുന്നു.അത്രയേ ഉള്ളൂ. മാർക്സിസ്റ്റ് പാർട്ടിക്ക് മുസ്ലിങ്ങളോട് അടക്കാൻ വയ്യാത്ത സ്നേഹം ഒന്നുംഉണ്ടായിട്ടല്ല.വോട്ട് വേണം.അധികാരം വേണം.അതുകൊണ്ട് അവർക്ക് അഹിതമായതും അപ്രീതി ജനിപ്പിക്കുന്നതും ആയ ഒന്നും ചെയ്യാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു.
അതുകൊണ്ടാണ് പാണക്കാടോ കാരന്തൂരോ സമസ്തയിലൊ ആർക്കെങ്കിലും ചെറിയ വായുക്ഷോഭം ഉണ്ടായാൽ പോലും ഇരട്ടചങ്കന്റെ ഭരണകൂടം ഞെട്ടിത്തെറിക്കുന്നത്.
അത് മാത്രമല്ല, പ്രീണനം കൂടുതൽ ഫലപ്രദമാക്കാൻ ഇടയ്ക്കിടയ്ക്ക് ‘അവരെക്കാൾ നിങ്ങളെയാണ് ഞങ്ങൾക്ക് പ്രിയം’ എന്ന സന്ദേശം സംഖ്യാബലമുള്ള മതത്തിന് നൽകിക്കൊണ്ടിരിക്കണം.അതാണ് പിന്തിരിപ്പൻ ആയ മുതലാഖിന്റെ സംരക്ഷണത്തിന് വേണ്ടി യാഥാസ്ഥിതീക മതനേതൃത്വത്തോടൊപ്പം തോളോട് തോൾ ചേർന്ന് അനവരതം സംസാരിച്ചിരുന്ന ആൾ തന്നെ അക്കാലത്തു ശബരിമലയിൽ ഉടനടി നവോഥാനം വേണമെന്ന് വാശി പിടിച്ചത്.

ദുരന്തമുഖങ്ങളിൽ പോലും ഈ പ്രീണന സന്ദേശം നൽകാൻ അവർ മടിക്കാറില്ല. ഉദാഹരണത്തിന് കരിപ്പൂർ വിമാനദുരന്തവും പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായതും ഒരേ രാത്രിയിൽ തന്നെയാണ് എന്നാണ് എന്റെ ഓർമ്മ. എന്നാൽ,കരിപ്പൂരിലെ മൃതരുടെ ബന്ധുക്കൾക്കും പെട്ടിമുടി ആദിവാസികൾക്കും നൽകിയ സഹായ ധനത്തിൽ വലിയ അന്തരം ഉണ്ടായിരുന്നു.കുറച്ച് ലക്ഷങ്ങൾ കൂടി ചെലവാക്കിയാൽ തുല്യ സഹായം നൽകാമെന്നിരിക്കെ എന്തിനാണ് മരിച്ചവരോട് പോലും ഈ അൽപ്പത്തം കലർന്ന വിവേചനം കാണിച്ചത്? ‘അവരെക്കാൾ നിങ്ങളെയാണ് ഞങ്ങൾക്ക് പ്രിയം’ എന്ന തരംതാണപ്രീണനനയം പ്രകടിപ്പിക്കാനാണ് അങ്ങനെ ചെയ്തത് . വോട്ട് തേടിയുള്ള ഇത്തരം പ്രതീകാത്മകവിവേചനങ്ങളുടെ നൂറുകണക്കിന് ഉദാഹരണങ്ങൾ ഈ അല്പന്മാരുടെ നയങ്ങളിൽ നമുക്ക് കാണാം.
ഷംസീറിനെക്കാൾ ദയനീയമാണ് പാർട്ടി സെക്രട്ടറിയുടെ scientific ടെമ്പറിന്റെ അവസ്ഥ.ഇന്നലെ പത്രസമ്മേളനത്തിൽ പാർട്ടിയുടെ പരമാവധിബുദ്ധിയായ ഗോവിന്ദൻ ഒരു പത്രക്കാരന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് ഗണപതിയെയും പരശുരാമനെയും പോലെ അള്ളാഹു മിത്തല്ല എന്നാണ്. ആദ്യഭാഗം വളരെ ശരി. രണ്ടാം ഭാഗം ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസത്തേക്കാൾ തരം താണ നെറികേട് ആണ്.

സതീശനോടോ സുധാകരനോടോ കുത്തിക്കുത്തി ചോദിക്കുന്നത് പോലെ വിശദീകരണത്തിനായി ആവർത്തിച്ചു ചോദിച്ചാൽ അടി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് മാപ്രകൾ സത്യാന്വേഷണം അവിടെ വച്ച് നിർത്തി.
ഷംസീറിന്റെ പാർട്ടിയുടെ സൈന്റിഫിക് ടെമ്പർമെൻറ് കുൽസിതം ആകുന്നത് ഗണപതി ‘മിത്തി’ന്റെ ഉദാഹരണം നബി’മിത്തി’ലേക്ക് ഒരിക്കലും വ്യാപിപ്പിക്കുകയില്ല എന്നത് കൊണ്ടു മാത്രമല്ല .
പകുതി സ്വത്തും പകുതി സാക്ഷ്യവും വേണ്ടത്ര സപത്നികളെയും പ്രദാനം ചെയ്യുന്ന ആറാം നൂറ്റാണ്ടിലെ ലിംഗനീതിയെ മാറ്റിയെഴുതാൻ ഉള്ള ഏക സിവിൽ കോഡ് എന്ന ഭരണഘടനാപരമായ ബാധ്യതയെ ഏറ്റവും മുന്നിൽ നിന്ന് എതിർക്കുന്നത് കൊണ്ട് കൂടിയാണ്. എന്നിട്ടും ഇവന്മാരൊക്കെ ആണയിടുന്നത് ഭരണഘടനാസദാചാരത്തെ ആസ്പദമാക്കിയാണ്!

ഇത്തരം selective പുരോഗമന കാപട്യം,മുൻപ് പറഞ്ഞതുപോലെ, ‘ഞങ്ങൾക്ക് അവരെക്കാൾ നിങ്ങളെയാണ് ഇഷ്ടം’ എന്ന പാർട്ടിനയം വോട്ട് ബാങ്കിനോട് വിശദീകരിക്കുന്ന ഒരു രീതിയാണ്.
സംഘിച്ചാപ്പ റെഡി അല്ലേ? ദയവായി ‘മൃദുസംഘി’ച്ചാപ്പ ഉപയോഗിക്കരുത്. എന്റെ പെർവേർഷൻ മൂലം തോന്നുന്നതാവാം,ആ വാക്കിന് അശ്ലീലമായ അറപ്പിക്കുന്ന ഒരു വഴുവഴുപ്പുണ്ട്.പകരം ‘തീവ്രസംഘി’ച്ചാപ്പ ഉപയോഗിക്കു.