ഇ എം എസും കമ്യൂണിസ്ററ് വിരുദ്ധതയും

പി.രാജൻ 

ണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയമാണ് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ യൂറോപ്യൻ കോളണികളുടെ മോചനത്തിനു കാരണമായതെന്നു കമ്യൂണിസ്റ്റു പാർട്ടിക്കാർ, 1980 കളിൽ കൊണ്ട് പിടിച്ചു പ്രചരിപ്പിച്ചിരുന്നു.

ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്ററുകൾ ഒറ്റിക്കൊടുത്തു എന്ന ആ രോപണത്തെ പ്രതിരോധിക്കാൻ കമ്യണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ അടവുനയമാകാം ഇത്. മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇ.എം.എസ്സ്. ഈ പ്രചരണത്തിന്റെ മുന്നണിപ്പോരാളിയായി ഉണ്ടായിരുന്നു.

അക്കാലത്ത് മാതൃഭൂമി പത്രത്തിൽ ഞാൻ ഒരു ലേഖനമെഴുതി.മാർക്സിസ്റ്റ് പാർട്ടിക്ക് റഷ്യയോട് അടുക്കാനുള്ള വ്യഗ്രതയിൽ” രാജാവിനെക്കാൾ രാജഭക്തി” കാണിക്കുകയാണെന്ന് ആക്ഷേപിക്കുന്നതായിരുന്നൂ ലേഖനം. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടൻ ഒരിക്കലും ജർമ്മനിക്ക് കീഴ്പ്പെട്ടു പോയിരുന്നില്ല. എന്നാൽ സാമ്രാജ്യത്വ രാജ്യമായിരുന്ന ഫ്രാൻസ് ഒന്നര വർഷക്കാലം ഹിറ്റ്ലറുടെ നാസിപ്പടയുടെ അധീനത്തിലായി.

എന്നിട്ടും രണ്ടാം ലോകയുദ്ധത്തിനു ശേഷം ഫ്രാൻസിന്റെ കോളണികൾ ആയിരുന്ന അൾജീരിയയും വിയറ്റ്നാമും കോളണികൾ ആയിത്തുടർന്നു. മിനി ഫാസിസ്റ്റ് ആയിരുന്ന സലാസറുടെ ഭരണത്തിലുള്ള പോർത്തുഗീസിന്റെ കോളണിയായി ഗോവയുണ്ടായിരുന്നു. ഗോവയുടെ മോചനം സാദ്ധ്യമാക്കിയത് സ്വതന്ത്ര ഭാരതമാണെങ്കിൽ അൾജീരിയയും വിയറ്റ്നാമും മോചിതമായത് നീണ്ട യുദ്ധത്തിനു ശേഷമാണ്.ഈ ചരിത്ര വസ്തുതകൾ എന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇതേ പോലെ തന്നെ കമ്യൂണിസ്റ്റ പാർട്ടി പിന്തുണ നൽകിയ നാവിക കലാപമാണ് ബ്രിട്ടീകാർ ഇന്ത്യ വിടാൻ കാരണമെന്നും കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. നെഹ്രുവിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനു മുന്നോടിയായി ദൽഹിയിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വന്ന അവസരത്തിലാണ് നാവിക കലാപവും പുന്നപ്ര വയലാർ സമരവും നടന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ എഴുതിയ ലേഖനം യാദൃച്ഛികമായി പ്രസിദ്ധീകരിക്കപ്പെട്ടത് എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഹാളിൽ ഇ.എം.എസ്സ്. പ്രസംഗിക്കുന്ന പാർട്ടിയുടെ യോഗം നടക്കുന്ന കാലത്താണ്.

തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പ്രതിനിധികളും ബുദ്ധിജീവികളും ആണ് യോഗത്തിൽ സംബന്ധിച്ചവർ. രണ്ടാം ലോകയുദ്ധത്തിൽ റഷ്യയുടെ വിജയമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിത്തന്നതെന്ന വാദത്തെ യോഗത്തിൽ ചിലർ എതിർക്കുകയും, മാതൃഭൂമിയിൽ ഞാൻ ചൂണ്ടിക്കാണിച്ച ചരിത്ര വസ്തുതകൾ അവർ അതിനു വേണ്ടി ഉദ്ധരിക്കുകയും ചെയ്തു. മാർക്സിസ്റ്റ് യൂണിയൻ നേതാവായ എന്റെ സുഹൃത്താണ് യോഗത്തിനു ശേഷം ഈ വിവരം എന്നെ അറിയിച്ചത്.ഇത് സംബന്ധിച്ച് അദ്ദേഹം എനിക്ക് ഒരു കത്ത് അയച്ചിരുന്നു.

പഴയ ഫയലുകൾ തപ്പുന്നതിനിടയിൽ ആ കത്ത് കണ്ടു.എന്റെ വിമർശത്തോട് കൂടുതൽ പേർ യോജിക്കുന്നതായി കണ്ടപ്പോൾ ഇ.എം എസ്സിന്റെ മറുപടി രാജൻ കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നായിരുന്നത്രെ. അതൊരു വലിയ തെറ്റാണെന്നു അന്നും ഇന്നും എനിക്ക് തോന്നിയിട്ടില്ല.