ആർ. ഗോപാലകൃഷ്ണൻ
അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടിയായിരുന്നു കവിയൂർ പൊന്നമ്മ. എഴുപത്തിയൊമ്പത് വയസ്സായിരുന്ന അവർ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഈ മാസം പത്താം തീയതി ആയിരുന്നു പൊന്നമ്മയുടെ 79-ാം പിറന്നാൾ ദിനം; ആശുപത്രിയിലായിരുന്നു ആ ദിവസം: അശീതി ആഘോഷത്തിൻ്റെ ഒരു വർഷം അടുത്തെയപ്പോഴാണ് ആ അഭിനേത്രി ഈലോകം വിട്ടത്.
സിനിമയും ജീവിതവുമായി ഏറെ ഇഴുകി ചേർന്ന ബന്ധത്തോടെ കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്…. മലയാളിക്ക് ഒരു അമ്മതന്നെയാണ് കവിയൂർ പൊന്നമ്മ.
‘നിർമാല്യ’ത്തിൽ
സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ എം.കെ. മണിസ്വാമിയായിരുന്നു ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ.
പൊന്നമ്മയുടെ ജനനത്തീയതി 1945 സെപ്റ്റംബർ10-ന് ആണെന്ന് ചില രേഖകയിൽ കാണുന്നു; അതല്ല, 1945 ജനുവരി 4-ന് ആണെന്ന് മറ്റു ചിലതിൽ.
പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്, 1945 സെപ്റ്റംബർ 10-ന്. അച്ഛൻ ടി പി ദാമോദരൻ അമ്മ ഗൗരി. അവരുടെ മൂത്ത പുത്രിയായിരുന്നു പൊന്നമ്മ; പൊന്നമ്മയ്ക്കുതാഴെ ആറു കുട്ടികൾ ഉണ്ടായിരുന്നു. അവരിൽ ‘കവിയൂർ രേണുക’യും അഭിനേത്രിയായിരുന്നു. (പ്രശസ്ത നാടക – സിനിമാ നടിയായിരുന്ന കവിയൂർ രേണുക അന്തരിച്ചു. അവരും ഒരു സെപ്റ്റംബറിലാണ് നിര്യാതയായത്; 2004 സെപ്റ്റംബർ രണ്ടാം തീയതി- 20 വർഷം മുമ്പ്.)
കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ്. ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്.
പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ ‘പ്രതിഭ ആർട്’സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. ‘പ്രതിഭാ ആർട്സി’ൻ്റെ തന്നെ (കെ. പി. എ. സി.-യുടേത് എന്ന ചില രേഖപ്പെടുത്തലുകൾ ഉണ്ടെങ്കിലും അത് ശരിയല്ല) ‘മൂലധനം’ എന്ന നാടകത്തിലൂടെ നാടകഅരങ്ങിൽ എത്തി; ഈ നാടകത്തിൻ്റെ രചന തോപ്പിൽ ഭാസി ആണല്ലോ. തോപ്പിൽ ഭാസിയെ ആണ് തൻ്റെ അഭിനയകലാ ഗുരുവായിക്കാണുന്നത് എന്ന് പൊന്നമ്മ സ്മരിക്കുന്നുണ്ട്.
കാളിദാസ കലാകേന്ദ്രം ആദ്യമായി അവതരിപ്പിച്ച വൈക്കം ചന്ദ്രശേഖരന് നായര് രചിച്ച ‘ഡോക്ടർ’ (1960) എന്ന നാടകത്തിൽ (പി കെ വിക്രമന് നായരായിരുന്നു സംവിധായകന്) കവിയൂർ പൊന്നമ്മയുടെ ഈ പാട്ട് ഏറെ പ്രസിദ്ധമാണ്:
“പൂക്കാരാ പൂക്കാരാ കൈക്കുമ്പിളില് നിന്നൊരു പൂ തരുമോ?” (ഒ എൻ വി കുറുപ്പ്; ജി ദേവരാജൻ)
സുലോചനയെയും കെ എസ് ജോര്ജ്ജിനെയും കൂടാതെ ഓ എന് വി-ദേവരാജന് ടീം ആദ്യമായി ഗാനങ്ങൾ ഒരുക്കുകയായിരുന്നു ഈ നാടകത്തിൽ.
നാടക വേദികളിലെ അഭിനയ മികവും പ്രശസ്തിയും അവർക്ക് സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി.
1962-ൽ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. ജെ. ശശികുമാർ സംവിധാനം ചെയ്ത, 1964-ൽ ഇറങ്ങിയ, ‘കുടുംബിനി’ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഒരു മുതിർന്ന കുടുംബനാഥയുടെ വേഷത്തിലൂടെയാണ് കവിയൂർ പൊന്നമ്മ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയയാകുന്നത്.
ആ ചിത്രത്തിൽ ഷീലയുടെ ഭർത്താവായി വരുന്ന നസീറിന്റെ ചേട്ടത്തിയമ്മയായി! (പ്രായത്തിൽ ഷീലയെക്കാൾ മൂന്ന് വയസ്സിന് എളപ്പമാണെങ്കിലും പിന്നീട് എല്ലാ സിനിമകളിലും ഷീലയുടെ വേഷത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളാണ് പൊന്നമ്മ അവതരിപ്പിച്ചത്; അമ്മ വേഷം വരെ… ഷീലയുടെ ജനന തീയതി: 1942 മാർച്ച് 24.)
1965-ൽ ‘റോസി’ എന്ന ചലച്ചിത്രത്തിലൂടെ ആണ് പി എൻ മേനോൻ സിനിമാ സംവിധാന രംഗത്തേക്ക് കടന്നത് എന്നതുപോലെ അതിലെ റോസിയുടെ വേഷം അഭിനയിച്ചതുകൊണ്ടാണ് കവിയൂർ പൊന്നമ്മ ആദ്യമായി നായികാ വേഷത്തിൽ എത്തുന്നതും. (ഈ സിനിമയുടെ നിർമ്മാതാവായിരുന്ന മണിസ്വാമി യെയായിരുന്നു അവർ പിന്നീട് വിവാഹം കഴിച്ചതും.)
1965 ഏപ്രിലിൽ പുറത്ത് വന്ന ‘ ഓടയിൽ നിന്ന് ‘ ഡിസംബറിൽ റിലീസ് ആയ ‘ദാഹം’… രണ്ട് ചിത്രങ്ങളും തിരുമുരുകൻ ഫിലിംസിനു വേണ്ടി സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങൾ…
ഇവരുടെ അഭിനയത്തെ കുറിച്ച് അന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ സിനിക്ക് ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു… “ഈ രംഗങ്ങൾക്കു നടുവിൽ ഇടയ്ക്കിടെ സാമാന്യം ഓജസ്സും സ്വാദിഷ്ടമായ സൗഭാഗ്യവും മിന്നിത്തിളങ്ങുന്നത് കവിയൂർ പൊന്നമ്മയുടെ കല്യാണിയും സത്യന്റെ പപ്പുവും കാരണമാണ്… അകൃത്രിമാഭിനയ ത്താൽ കവിയൂർ പൊന്നമ്മ അഭിനയകുശലനായ സത്യനെ കവച്ചുവെക്കുന്ന ചില ഭാഗങ്ങൾ പോലും ഉണ്ട് ഈ സിനിമയിൽ…”
‘ദാഹം’ എന്ന ചിത്രത്തിന്റെ റിവ്യൂയിൽ ഇങ്ങനെ എഴുതി…” രോഗിയായ മകന്റെ ക്ഷേമത്തിൽ ഹതജീവിതം കുരുക്കിയിട്ടു മന്ദസ്മേരവദനയായി മുന്നോട്ടു നീങ്ങുന്ന ലക്ഷ്മി ടീച്ചറുടെ കുലീനസുഭഗമാ അസൂയാവഹമായ ഒതുക്കത്തോടെ കവിയൂർ പൊന്നമ്മയും ശ്ലാഘയർഹിക്കുന്നു…”
പി കെ പരീക്കുട്ടിയുടെ ‘ചന്ദ്രതാര’ പ്രൊഡക്ഷൻസിൻ്റെ അവസാന ചിത്രവുമായ ‘ആൽമര’ത്തിൽ (1969) സാധാരണ നായികാ പ്രധാന്യത്തിനേക്കാൾ ഉപരിയായി, ഒരു കേന്ദ്ര കഥാപാത്രമായി, അമ്മയായി – ‘ആൽമര’മായി പൊന്നമ്മ അഭിനയിച്ചു!
1965-ലെ തന്നെ ‘ഓടയിൽനിന്നി’ൽ സത്യൻ്റെ നായികാ കഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യൻ്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്! ‘തൊമ്മൻ്റെ മക്കൾ’ (1965) എന്ന സിനിമയിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.
‘നിർമാല്യം’ത്തിൽ (1973) വളരെ സങ്കീർണ സ്വഭാവമുള്ള അമ്മയായി വന്നു; ‘നെല്ല്’ (1974) എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് ‘അമ്മ വേഷ’ങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
1973-ൽ ‘പെരിയാർ’ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി! മലയാളത്തിൽ ‘മിക്കവരുടെയും’ അമ്മയായി അഭിനയിച്ചിട്ടുണ്ട്.
നല്ലൊരു ഗായിക കൂടിയാണ് കവിയൂർ പൊന്നമ്മ. ‘ഡോക്ടർ’ എന്ന നാടകത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി പാടുന്നത്. ‘തീർഥയാത്ര’യിലെ അഭിനയത്തിന് 72-ൽ അവാർഡു ലഭിക്കുമ്പോൾ തന്നെ അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തിൽ പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം, ബി വസന്ത, പി മാധുരി എന്നിവരോടൊപ്പം, അനുഭവേദ്യമാകുന്നു…
ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള/ സിനിമ സഹനടിക്കുള്ള/ സ്വാഭാവനടിക്കുള്ള- അവാർഡുകൾ നാലുതവണ (1971,72,73,94 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
തൻ്റെ ആദ്യ നായികാ ചിത്രമായ ‘റോസി’യുടെ നിർമ്മാതാവായ എം.കെ. മണിസ്വാമി ആ സിനിമയുടെ സെറ്റിൽ വെച്ചാണ് ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. 1961-ൽ അവർ വിവാഹിതരായി; പക്ഷേ, ആ വൈവാഹിക ബന്ധം ഇരുകൂട്ടർക്കും നിരാശാജനകമായിരുന്നു; ഇവർ വേർപ്പിരിഞ്ഞു. 2011-ൽ ഗുരുവായൂരിൽ വച്ച് മണി സ്വാമി നിര്യാതനായി.
============================== =======================
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി