പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണി; മോദി അധികാരത്തിലേക്ക്

ന്യൂഡൽഹി: ലോക്‌സഭയിൽ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും, 12 സീറ്റുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയുവും എൻ ഡി എ യിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷമാവാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി.

നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം മുന്നണി ചെയ്തിരുന്നു. എന്നാല്‍ ബി ജെ പിക്ക് ഒപ്പം ഇരുവരും നിൽക്കാന്‍ തീരുമാനിച്ചതോടെ ആ നീക്കം പൊളിഞ്ഞു.

ഇതിനെ തുടർന്ന് മുന്നണി സഖ്യ കക്ഷികളുടെ യോഗം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയായിരുന്നു. ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.

അതേസമയം, എൻ ഡി എ യോഗം നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചു. മോദിയെ നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണെന്ന് നേതാക്കൾ അറിയിച്ചു. എൻ ഡി എ നേതാക്കൾ രാഷ്ട്രപതിയെ കാണും. ഘടകകക്ഷികളുടെ പിന്തുണ കത്തടക്കം കൈമാറിക്കൊണ്ട് എത്രയും വേഗം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാകും അവർ ആവശ്യപ്പെടുക.