അമ്മമാർ നിലവിളിക്കുമ്പോൾ…..

കോഴിക്കോട് : ധൂർത്തുപുത്രന്മാരുടെ ആനന്ദനൃത്തമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ്.

മകൾ മാസപ്പടിക്ക് വകയുണ്ടോ അച്ഛാ എന്നു തിരക്കുന്നു. കാരണവരുംകൂട്ടാളികളും ഹാപ്പിയാണ്. വാങ്ങിക്കൂട്ടേണ്ടതിനെപ്പറ്റി മാത്രമാണ് ചർച്ച.കോടികളുടെ വികസനമാണ് — അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു.

കുറിപ്പിൻ്റെ പൂർണരൂപം :

ചെലവാളിസംഘമാണ് ഭരിക്കുന്നത്. നിത്യനിദാനത്തിന് കൈനീട്ടേണ്ട ഗതികേടുള്ളപ്പോൾ ഇരിക്കക്കൂരവിറ്റ് പിറന്നാളാഘോഷം പൊടിപൊടിക്കുന്ന ‘താൻപ്രമാണി’മാർ ഭരിക്കുന്നു

അവരെ ധൂർത്തരെന്നു വിളിക്കുന്നത് അവർക്ക് സഹിക്കാനാവുന്നില്ല. തറവാടിന്റെ പേരും പ്രശസ്തിയും ഉന്നതിയും ലക്ഷ്യമാക്കുന്നത് തെറ്റാണോ? അതിനു ചെലവു വരില്ലേ? ആ ചെലവ് ധൂർത്താണോ?
അമ്മമാർ അയൽപക്കങ്ങളിൽ പിച്ച തെണ്ടുകയാണ്.

കുരുത്തംകെട്ട ചില നിഷേധികൾ അതുയർത്തിക്കാട്ടുന്നു.ചെലവാളി സംഘത്തോടു കലഹിക്കുന്നു. അമ്മമാർക്ക് എന്താണ് വേണ്ടത്, ഞങ്ങൾ നൽകാമെന്ന് ധൂർത്തപുത്രന്മാർ നന്മവൃക്ഷങ്ങളാകുന്നു. എവിടെ നിന്ന് എടുത്തുകൊടുക്കുമെന്ന് അമ്മമാർ. പുര കത്തുമ്പോൾ ഊരിയ ചില കഴുക്കോലുകളുണ്ടെന്ന് ധീര യുവാക്കൾ.അവർ തറവാടിന്റെ മാനം കാക്കുന്നു.

ഞങ്ങൾക്ക് വയലുകൾ വേണം കൃഷി ചെയ്യാൻ, മണ്ണ് വേണം കൂര കെട്ടാൻ, തൊഴിൽ വേണം ജീവിക്കാൻ, തന്നേതീരൂ, തന്നേ തീരൂ, അധികാരികളേ തന്നേ തീരൂ എന്ന് അമറി നടന്ന കൂട്ടരാണ്. ഇപ്പോൾ അവർ കൊടുക്കുന്നവരാണ്. അന്നം നൽകും. മണ്ണ് നൽകും. മരുന്ന് നൽകും. സംരക്ഷണം നൽകും. കലഹികൾ ദൈവങ്ങളായി. ദാനകർമ്മം തൊഴിലായി. അന്യന്റെ വയലിൽ വിളയുന്നത് ഉദാരമായി ദാനം ചെയ്യപ്പെടും! സമരയുവജന സംഘം ദാനയുവജന സംഘമായി.

തറവാട് പുരോഗമിക്കുകയാണ്.പടിവാതിൽക്കൽ കാരണവർ കൈ പൊക്കി വിളിക്കുന്നു. മകൾ മാസപ്പടിക്ക് വകയുണ്ടോ അച്ഛാ എന്നു തിരക്കുന്നു. കാരണവരുംകൂട്ടാളികളും ഹാപ്പിയാണ്. വാങ്ങിക്കൂട്ടേണ്ടതിനെപ്പറ്റി മാത്രമാണ് ചർച്ച.കോടികളുടെ വികസനമാണ്

പിൻവാതിലിൽ വല്ലതും തരണേ എന്ന അമ്മമാരുടെ നിലവിളി. അകത്തെ മുറിയിൽ ധൂർത്തപുത്രരുടെ ആനന്ദനൃത്തം.തറവാട്ടിലെ കാര്യസ്ഥരും ശിങ്കിടികളും വീശിയും സ്തുതിച്ചും സാഹിത്യ സമ്മേളനത്തിൽ. അകത്തമ്മമാരുടെ തിരുവാതിരക്കളി നടുമുറ്റത്ത്.വീടു പോയാലെന്താ പോകുംവരെ ആഘോഷിക്കാമെന്ന് തമ്പുരാൻ. വെടിക്കെട്ടിൽ കടൽ നിശ്ശബ്ദമാകുന്നു.

സീനിൽ ഒരമിട്ട് പൊലിഞ്ഞു തീരുന്നു. ഇരുട്ടാവുന്നു,