നയാപൈസ ഇല്ലാ, കയ്യിൽ നയാപൈസ ഇല്ലാ…… 

ക്ഷത്രിയൻ 
യ്യിൽ നാല് കാശ് ഇല്ലാ എന്ന് വിളിച്ചു പറയൽ ദാദിദ്ര്യത്തെക്കുറിച്ചുള്ള വിളംബരമാണ്. ഖജനാവിൽ കാശില്ലെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയിൽ കാശില്ലാത്തത്  കൊണ്ടാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞാലും ഇരുവരും വിളിച്ചുപറയുന്നത്  ദാരിദ്ര്യത്തെക്കുറിച്ചാണെന്ന് തന്നെയാണ് മലയാളം.
ഖജനാവിലെ കാശിനെക്കുറിച്ച് സംസ്ഥാന ധനമന്ത്രി വിളിച്ചുപറഞ്ഞത് അറയ്ച്ചറച്ചാണെന്ന വസ്തുതയുണ്ട്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞാൽ അത് ഭരണപരാജയമാണെന്ന് വിലയിരുത്തിയേക്കുമെന്ന ഭയത്താലായിരുന്നു സംഗതി ഘട്ടംഘട്ടമായി സൂചിപ്പിച്ചത്. അപ്പോഴേക്കും ജനങ്ങൾക്ക് കാര്യം മനസിലായി എന്ന കാര്യം വേറെ.
ഒന്നാം തീയതി പിറക്കും മുൻപ് കയ്യിൽ പണം ലഭിച്ചിരുന്നവരാണ് സർക്കാർ ജീവനക്കാർ. കേരളമുണ്ടായ കാലം തൊട്ട് അതിൽ മാറ്റമുണ്ടായിട്ടില്ല. മാസം പിറന്ന് ദിവസങ്ങളോളം സ്വന്തം അക്കൗണ്ടിൽ നിന്ന് നാൽ കാശ് പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് കയ്യിൽ കാശില്ലെന്ന കാര്യം അവർ മനസിലാക്കിയത്.
ഖജനാവിൽ കാശില്ലാത്തതാണ് ബാലഗോപാലന് വിനയായതെങ്കിൽ കയ്യിൽ കാശില്ലാത്തത്  കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത അവസ്ഥയിലാണത്രെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അവർ തന്നെയാണ് അക്കാര്യം മാലോകരെ അറിയിച്ചതും.
നയാപൈസയില്ലാ കയ്യിൽ 
നയാപൈസയില്ലാ…..
നഞ്ചുവാങ്ങിത്തിന്നാൻ പോലുമൊരു 
നയാപൈസയില്ലാ ……… 
എന്നൊരു സിനിമാപാട്ടുണ്ട്. കാലങ്ങൾക്ക് മുൻപ് മലയാളികൾ മൂളിനടന്ന പാട്ടാണത്. അതിനുശേഷം കയ്യിൽ നയാപൈസയില്ലാത്ത കാര്യം ഇത്ര തെളിമയോടെ വിളിച്ചുപറഞ്ഞത് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ്.
രാജ്യത്ത് മത്സരിക്കുന്ന സ്ഥാനാർഥികളെല്ലാം തിരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള കോടികൾ കയ്യിൽ കരുതിവച്ചാണ് ഗോദയിൽ ഇറങ്ങുന്നതെന്ന് സംശയിക്കാൻ മാത്രം സ്കോപ്പുണ്ട് ധനമന്ത്രിയുടെ മൊഴിയിൽ. 
ഓരോ സ്ഥാനാർഥികൾക്കും കോടികൾ ചെലവാകുന്ന പ്രകിയയാണ് തിരഞ്ഞെടുപ്പ്. എന്നുവച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൻറെ പേരിൽ ഏതെങ്കിലുമൊരു പ്രമുഖ പാർട്ടിയുടെ സ്ഥാനാർഥി കടംകയറി ആത്മഹത്യ ചെയ്തതായി രേഖയൊന്നുമില്ല. മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൻറെ പേരിൽ ജീവനൊടുക്കിയവരുണ്ട് താനും. 
മത്സരിക്കാൻ കയ്യിൽ കാശില്ലായെന്ന്  പറഞ്ഞ നിർമലയുടെയും ക്ഷേമ പെൻഷൻ ലഭിക്കാത്തതിനാൽ മൺചട്ടിയുമായി  ഭിക്ഷാടനത്തിനിറങ്ങിയ അടിമാലിയിലെ മറിയക്കുട്ടിയുടെയും സാമ്പത്തികാവസ്ഥ സമാസമമാണെന്നൊന്നും ആരും ധരിച്ചേക്കരുത്. കുടുംബത്തിൽ നിന്ന് കാശ് ലഭിക്കാനിടയില്ലെന്നേ നിർമല പറഞ്ഞതിന് അർഥമാക്കേണ്ടൂ.
നിർമലയുടേതെന്നല്ല, നിർമലയുടെ പാർട്ടിയുടെ തന്നെ ധനകാര്യ മാനേജ്മെൻറ് ശരിയല്ലെന്ന് ഇടക്കിടെ വിളിച്ചുപറയുന്ന സാമ്പത്തിക വിദഗ്ധനാണ് നിർമലയുടെ ഭർത്താവ് പരകാല പ്രഭാകർ. അതുകൊണ്ടുതെന്ന് മത്സരത്തിനിറങ്ങാൽ പ്രഭാകർ ഭാര്യക്ക് കാശ് നൽകാനുള്ള സാധ്യതയേ ഇല്ല.
കുടുംബത്തിൽനിന്നുള്ള കാശ് കിട്ടില്ലെന്ന് വച്ച് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ മാത്രം കാശ് കയ്യിലില്ലെന്ന് വിളിച്ചുപറയാൻ ചില്ലറ ധൈര്യമൊന്നും പോരാ.  കോടികൾ കൊണ്ട് അമ്മാനമാടുന്ന പാർട്ടിയുടെ സ്ഥാനാർഥി സ്വന്തം കയ്യിൽനിന്ന് കാശിറക്കണമെന്ന് പറയുന്നത് പാർട്ടിക്ക് തന്നെ നാണക്കേടാണ്.
ഏതായാലും ആദായനികുതിക്കാരുടെ നിരന്തര ഇണ്ടാസ് കാരണം വട്ടം കറങ്ങുന്ന കോൺഗ്രസിനോളം പരിതാപകരമൊന്നുമാകില്ലല്ലോ ഇലക്ടറൽ ബോണ്ട് വഴി സഹസ്രകോടികൾ വാരിക്കൂട്ടിയ ബിജെപിയുടെ അവസ്ഥ.
കയ്യിൽ കാശില്ലാത്ത വിവരം പരസ്യമാക്കി സ്ഥാനാർഥിത്വം വേണ്ടെന്നുവക്കാനാണ്  നിർമല തയാറായതെങ്കിൽ വെറും ആയിരം രൂപയുമായി തിരഞ്ഞെടുപ്പിനിറങ്ങിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. കയ്യിൽ കാശില്ലെന്ന് പറയുന്നതും ആയിരം രൂപ മാത്രമാണ് കയ്യിരിപ്പ് എന്ന് പറയുന്നതും തമ്മിൽ ഇന്നത്തെക്കാലത്ത് വ്യത്യാസമൊന്നുമില്ല. ആയിരം രൂപ മാത്രം കയ്യിലുള്ള വി.മുരളീധരന് മത്സരിക്കാമെങ്കിൽ കയ്യിൽ ഒന്നുമില്ലാത്ത നിർമലയ്ക്കും തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാമായിരുന്നു.
കയ്യിൽ കാശുള്ളവരാണ് മത്സരിക്കുക എന്നാണെങ്കിൽ ഒരു തിരഞ്ഞെടുപ്പിൽ തന്നെ ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ ജനവിധി തേടാനിറങ്ങിയ കെ.സുരേന്ദ്രനെപ്പോലുള്ളവർ എത്രമാത്രം കാശുകാരനായിരിക്കണം. ഒന്നിന് പിറകെ മറ്റൊന്നായി തിരഞ്ഞെടുപ്പായ തിരഞ്ഞെടുപ്പുകളിലെല്ലാം മത്സരിക്കാനും വേണ്ടേ കയ്യിൽ ഇഷ്ടം പോലെ പണം. കൊടകരയും മറ്റും പ്രസക്തമാകുന്നത് ഈ സംശയത്തിന് മുൻപിലാണ്. മത്സരിക്കാൻ താത്പര്യമുണ്ടെങ്കിൽ നിർമല മേഡത്തിന് സുരേന്ദ്രനോടെങ്കിലും പണം ആവശ്യപ്പെടാവുന്നതാണ്. 
ഒരിടത്ത് മത്സരിക്കാൻ വേണ്ട വിഹിതമൊക്കെ ഇലക്ടറൽ ബോണ്ട് വഴി സമ്പാദിച്ചതിൽ നിന്ന് പാർട്ടി അനുവദിക്കുകയും ചെയ്തേനെ. സ്വിസ് ബാങ്കിൽ കിടക്കുന്ന കള്ളപ്പണമൊക്കെ കണ്ടുകെട്ടി രാജ്യത്തെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന ഉറപ്പ് പരിഗണിച്ചാൽ തന്നെ നിർമലയുടെയും മുരളീധരൻ്റെയുമൊക്കെ അക്കൗണ്ടിൽ കാര്യമായ തുക വേണ്ടതാണ്. ഇനി അതൊക്കെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ പറഞ്ഞിട്ട് ഫലമില്ല.