പല്ല് പോയ കടുവകൾ  പെരുകിക്കോണ്ടേയിരിക്കും

ക്ഷത്രിയൻ 

രോ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ടവരെയാണ് നേതാക്കളായി ലഭിക്കുക എന്നൊരു മൊഴിയുണ്ട്. എന്നാൽ ഓരോ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ടതാണ് മൃഗമായി ലഭിക്കുക എന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല. 

ഇതിപ്പോൾ അങ്ങനെയും സംഭവിച്ചിരിക്കുന്നു. വയനാട്ടിൽ നിന്ന് പിടികൂടി തൃശൂരിൽ എത്തിച്ച കടുവയ്ക്ക് പല്ലില്ലത്രെ. പല്ലില്ലാത്ത കടുവയെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന വനപാലകരെങ്കിലും ചുരുങ്ങിയത് നാണിച്ചുകാണണം.

കടുവയ്ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിൽ പലതിനും പല്ലില്ല എന്നിടത്താണ് കാര്യങ്ങൾ. അഥവാ പല്ലുണ്ടെങ്കിൽ തന്നെ അവ കൊഴിച്ചുകളയാനും അധികാരികൾ റെഡി. ഇ.കെ.നായനാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ലോകായുക്ത സംവിധാനം ഒന്നാന്തരം പല്ലുള്ളതായിട്ടാണ് ജനം മനസിലാക്കിയിരുന്നത്.

ലോകായുക്തയെന്ന കടുവയുടെ പല്ലിൻറെ ശൗര്യം കെ.ടി.ജലീൽ എന്ന മന്ത്രി അനുഭവിച്ചറിഞ്ഞതോടെ ബേജാറിലായതാണ് പിണറായിയും കൂട്ടരും. അങ്ങനെയാണ് ജലീലിന് ലഭിച്ചത് തങ്ങൾക്കും ലഭിച്ചുകൂടായ്കയില്ലെന്ന തിരിച്ചറിവിൽ ലോകായുക്തയുടെ പല്ല് കൊഴിക്കാൻ നിയമഭേദഗതിയുമായി സർക്കാർ വന്നത്. 

മുഖ്യമന്ത്രിയുമായി പാമ്പും കോണിയും കളിയിൽ ഏർപ്പെട്ട ഗവർണർ കൈയിൽ കിട്ടിയ നിയമഭേദതിയും വച്ച് കളിയൊന്ന് ഉഷാറാക്കാൻ ശ്രമിച്ചുവെങ്കിലും രാഷ്ട്രപതിയുടെ മേലൊപ്പോടുകൂടി വിജയശ്രീലാളിതനായത് മുഖ്യൻ. ലോകായുക്തയുടെ പല്ല് കൊഴിഞ്ഞുവെന്നത് അന്തിമഫലം.

ലോകത്തിൻറെ ഒരു മൂലയിൽക്കിടക്കുന്ന കേരളത്തിലെ ലോകായുക്തയുടെ മാത്രമല്ല രാജ്യാന്തര തലത്തിൽ വരെ പല സംവിധാനങ്ങളുടെയും അവസ്ഥ അതുതന്നെയാണ്. ദേശീയ തലത്തിലാണെങ്കിൽ നിയമങ്ങൾ പലതിനും പല്ലില്ലാതായെന്ന് നീതിപീഠം വരെ സാക്ഷ്യപ്പെടുത്തുന്നു. 

ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് 1992ൽ പാസാക്കിയ നിയമത്തിന് വിലയില്ലെന്ന മട്ടിൽ നീതിപീഠങ്ങളിൽ നിന്ന് വിധികൾ വരുന്നു. ഇന്ത്യയിലെ നീതിപീഠങ്ങൾ വരെ അങ്ങനെയാണെങ്കിൽ രാജ്യാന്തര തലത്തിൽ രാജ്യങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും പല്ല് കൊഴിഞ്ഞ രീതിയിൽ തന്നെ. ജീവിക്കാനായി പൊരുതുന്ന പലസ്തീൻ ജനതക്കെതിരെ ശബ്ദിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പോലും കഴിയുന്നില്ല. യു.എൻ സുരക്ഷാ സമിതിയും പല്ലുപോയ കടുവയെപ്പോലെ ആയിരിക്കുന്നു.

കേരളത്തിലേക്ക് വീണ്ടും വന്നാൽ തനിക്കെതിരായ വധശ്രമം കൈകാര്യം ചെയ്ത പ്രോസിക്യൂഷനും ‘പല്ലില്ലാത്ത’ അവസ്ഥയിൽ ആയെന്നാണ് കേസിലെ പ്രതികളിൽ ഒരാളൊഴികെയുള്ളവരെയെല്ലാം വെറുതെ വിട്ട കോടതി വിധി സംബന്ധിച്ച് പി.ജയരാജൻറെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്ന വിവരം. പാർട്ടിക്കകത്ത് പല്ല് നഷ്ടപ്പെട്ടയാൾക്ക് പ്രോസിക്യൂഷന് ‘പല്ലില്ലാതായതിനെ’ക്കുറിച്ച് പരിതപിക്കുകയേ വഴിയുള്ളൂ.

ആരിഫ് മുഹമ്മദ് ഖാൻ ചെക്ക് വച്ച കളികളിൽ ജയിക്കാൻ രാഷ്ട്രപതിയുടെ ഒപ്പ് സമ്പാദിക്കാനായത് കാവി- ചുവപ്പ് അന്തർധാരയുടെ ഫലമെന്ന് വി.ഡി.സതീശൻ പ്രതികരിച്ചിട്ടുണ്ട്. കണ്ണൂരിലെ ചെന്താരകത്തെ വകവരുത്താൻ ശ്രമിച്ചവർക്കെതിരായ കേസ് പ്രോസിക്യൂഷൻറെ പരാജയം കാരണം പ്രതികൾക്ക് അനുകൂലമായതും അങ്ങനെ വല്ല അന്തരധാരയുടെയും ഫലമാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാകില്ല.

പല്ല് കൊഴിഞ്ഞ കടുവകൾ ഇനിയും സമൂഹത്തിൽ വർധിച്ചുകൊണ്ടേയിരിക്കും.