May 11, 2025 10:17 am

കള്ളപ്പണക്കേസിൽ സി പി എം കമ്മീഷൻ വാങ്ങിയെന്ന് ഇ ഡി

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ സി പി എം നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇൻഫോഴ്സമെൻ്റ് ഡയറക്ടറേററ് ( ഇ ഡി) കരുതുന്നു.സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്നാണ് അവർ പറയുന്നത്.

ഇതിനിടെ കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ബാങ്കിലെ സി പി എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് പാർട്ടി വർഗീസിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. 5 അക്കൗണ്ടുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഒരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി പറയുന്നു.

പാര്‍ട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബെനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയ്യാറായില്ല.

നേരത്തെ ചോദ്യംചെയ്യലിനിടെ അക്കൗണ്ടിലെ പണത്തിന്റെ വിവരം കൈമാറാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ചോദിക്കണമെന്നാണ് മൊഴി നൽകിയത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News