March 17, 2025 4:37 am

ആയുസ്സ് കൂട്ടാൻ ജപ്പാൻകാരെ അനുകരിച്ചാലോ ?

കൊച്ചി: ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള ജപ്പാന്‍കാരുടെ ഭക്ഷണക്രമം, നമുക്കും പരീക്ഷിച്ചാലോയെന്ന്
ഐക്യരാഷ്ടസഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ചോദിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഉള്ള ആളുകള്‍ ജപ്പാനിലാണ്.അവരുടെ ഭക്ഷണശൈലി നമ്മൾക്കും
അനുകരിക്കാവുന്നതാണെന്ന് അദ്ദേഹം ശുപാർശ ചെയ്യുന്നു.

മലയാളികളേതിനേക്കാള്‍ നാലിലൊന്ന് അരിയാഹാരം മാത്രമാണ് അവര്‍ ഭക്ഷിക്കുന്നത്. സമീകൃത ആഹാര രീതിയാണ് ജപ്പാന്‍കാരുടേത്. മലയാളികളും അരിയാഹാരം കുറയ്ക്കാന്‍ സമയമായെന്നും മുരളി തുമ്മാരുകുടി
പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ജപ്പാന്‍, കെ റെയില്‍, അരിയാഹാരം !

‘ഓ ഇനിയിപ്പോ ജപ്പാന്റെ എഫിഷ്യന്‍സിയെ പറ്റി കേള്‍ക്കേണ്ടി വരും’
ജപ്പാനിലേക്ക് വരുന്ന കാര്യം ഒരു പോസ്റ്റായി ഇട്ടിരുന്നു. അതിന് ഒരു സുഹൃത്ത് നല്‍കിയ കമന്റാണ്.
അദ്ദേഹത്തിന് നല്ലത് മാത്രം വരണേ !

എന്നാലും പുള്ളിയെ കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ പോകുന്നിടത്തു നിന്നൊക്കെ എന്തെങ്കിലും പഠിക്കാന്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ ഇവിടെ പറയാറുണ്ട്.

(ഞാന്‍ പോകുന്നിടത്തൊക്കെ കേരളത്തില്‍ നിന്നും അവര്‍ക്ക് എന്ത് പഠിക്കാന്‍ പറ്റുമെന്നും പറയാറുണ്ട്, അത് ഫേസ്ബുക്കില്‍ വരാത്തത് കൊണ്ടാണ് ഞാന്‍ നമ്മുടെ നാട്ടിലെ നല്ല കാര്യങ്ങള്‍ കാണുന്നില്ല എന്നുള്ള ഒരു ചിന്ത ആളുകള്‍ക്ക് ഉള്ളത്).

ഇന്ന് ഞാന്‍ ജപ്പാനിലെ എഫിഷ്യന്‌സിയെ പറ്റി പറയുന്നില്ല. അതൊക്കെ ഏറെ പറഞ്ഞിട്ടുണ്ടല്ലോ.
ഇന്ന് മലയാളികള്‍ക്ക് ജപ്പാനില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന ഒരു കാര്യം പറയാം.
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഖ്യം ഉള്ള ആളുകള്‍ ജപ്പാനിലാണ്. ശരാശരി എണ്‍പത്തി നാലു വയസ്സ്. മലയാളികളേക്കാള്‍ പത്തു വയസ്സ് കൂടുതല്‍.

ഇതിന് പല കാരണങ്ങള്‍ ഉണ്ട്, പക്ഷെ അതില്‍ പ്രധാനമായ ഒന്നാണ് അവരുടെ ഭക്ഷണരീതി.
മലയാളികളെ പോലെ താനെന്ന അരി ആഹാരം ആയി കഴിക്കുന്നവര്‍ ആണ്. കൂട്ടത്തില്‍ മീനും.
പക്ഷെ അവര്‍ അരി കഴിക്കുന്നത് ഏറെ കുറവാണ്. ശരാശരി നമ്മള്‍ കഴിക്കുന്ന അരിയാഹാരത്തിന്റെ നാലിലൊന്ന്.

ബാക്കി മീന്‍, പച്ചക്കറികള്‍, സൂപ്പുകള്‍, മാംസം ഒക്കെയാണ്. അരികൊണ്ടുള്ള ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ലെന്ന് നമ്മുടെ ഡോക്ടര്‍മാരും ഡയറ്റീഷ്യന്‍സും ഒക്കെ സ്ഥിരമായി നമുക്ക് പറഞ്ഞു തരാറുണ്ട്. നമ്മള്‍ ഒക്കെ അരിയാഹാരം കഴിക്കുന്നവര്‍ ആയത് കൊണ്ട് ഇക്കാര്യം വേഗത്തില്‍ മനസ്സിലാക്കേണ്ടതും ആണ്.പക്ഷെ എന്തുകൊണ്ടോ നമ്മള്‍ അത് മനസ്സിലാക്കുന്നില്ല.

പണ്ടൊക്കെ അരിക്ക് വലിയ വിലയുണ്ടായിരുന്നതിനാല്‍ ഹോട്ടലുകളില്‍ പോലും നിശ്ചിത അളവ് ചോറ് മാത്രമേ തരാറുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് ഊണ് എന്ന വാക്ക് പുതിയ തലമുറ കേട്ടിട്ടുണ്ടാവില്ല.ഇന്നിപ്പോള്‍ ഊണാണെങ്കിലും കുഴിമന്തി ആണെങ്കിലും സാധനം അണ്‍ലിമിറ്റഡ് ആണ്.

അതൊക്കെയാണ് നമ്മുടെ ആയുസ്സിനെ ലിമിറ്റഡ് ആക്കുന്നത്.അരിയാഹാരം പകുതിയാക്കാന്‍ ഒരു ആരോഗ്യ പ്രചാരണ പദ്ധതി തുടങ്ങണം.

ജപ്പാന്‍ സഹായത്തോടെ ആണ് കെ റെയില്‍ വരാനിരുന്നത്. അത് നമ്മള്‍ ഉടക്കി വച്ചിരിക്കയാണ്. ആര്‍ക്കാണിത്ര ധൃതി ?

അതവിടെ നില്‍ക്കട്ടെ, നമുക്ക് അല്പം ആരോഗ്യകരമായ ശീലങ്ങള്‍ എങ്കിലും പങ്കുവക്കാമല്ലോ. അല്പം ധൃതിയാകാം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News