ഗസയിലെ കൂട്ടശിക്ഷ ന്യായീകരിക്കാനാവുമോ ?

കൊച്ചി : ഹമാസിനെ തുരത്താനായി ഇസ്രായേല്‍ ഗസയില്‍ ബോംബിടുന്നത് ഗാസക്കാര്‍ക്കെല്ലാം കൂട്ടശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഇ.ആർ.പരമേശ്വരൻ. എല്ലാ ഗാസാക്കാരും ഹമാസല്ല, അവരെല്ലാം ഹമാസിന്റെ ഭീകരതയോട് യോജിക്കുന്നില്ല. എന്തിനേറെ ഹമാസിനെ എതിര്‍ക്കുന്നവര്‍ പോലും അവരിലുണ്ടാകും- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം :

ഗോത്രീയതയും ഇസ്ലാമോഫോബിയയും

ദേ അത് ചെയ്തത് മുസ്ലിങ്ങളാണ്, അല്ലെങ്കില്‍ ആയിരിക്കും, അവര്‍ പണ്ടും ഇങ്ങനെ ചെയ്തിട്ടുണ്ട്….ഇങ്ങനെയാണ് ‘ചിലര്‍’ പറയുന്നത്. എന്നാല്‍ സത്യമതല്ല. മുസ്‌ളിം വിരുദ്ധരായത് കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത് ‘-കേരളത്തില്‍ ഇസ്ലാമിക കമ്മ്യൂണലിസം പയറ്റുന്ന രാഷ്ട്രീയക്കാരും ജാതി യുക്തിവാദികളുമൊക്കെ സ്ഥിരമായി നടത്തിപോരുന്ന മതപ്രചരണത്തിലെ ഒരു പ്രധാന അവകാശവാദമാണ് മേല്‍ ഉദ്ധരിച്ചത്.

മുസ്ലിങ്ങള്‍ക്കെതിരായി ഒരു പൊതുബോധം ഉണ്ടെന്നും അത് പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ‘ചിലര്‍’ അല്ലെങ്കില്‍ തങ്ങള്‍ ഒഴികെയുള്ളവരെല്ലാം എന്നാണ് ഇവര്‍ പറഞ്ഞുവെക്കുന്നത്. ചുരുക്കത്തില്‍, ‘മറ്റുള്ളവര്‍ക്ക്’ എതിരെയുള്ള വെറുപ്പില്‍ കുതിര്‍ന്ന കൊലവിളിയാണ് ഈ അധിക്ഷേപത്തിന്റെ ഹൈലൈറ്റ്.

ഇങ്ങനെയൊരു പ്രചരണം നടത്തിയാല്‍ ബന്ധപെട്ട മതത്തിന്റെ ഹോള്‍സെയില്‍ പ്രീതി വോട്ടായും നോട്ടായും വ്യൂസായും ലൈക്കായും സ്വന്തമാക്കാമെന്നും ഇവര്‍ വല്ലാതെ പ്രത്യാശിക്കുന്നു. ഏതെങ്കിലും മോശം സംഭവം ഉണ്ടായാല്‍ അതില്‍ മുസ്ലിങ്ങളല്ല പ്രതിസ്ഥാനത്ത് എന്നുവന്നാല്‍ നിശബ്ദരായിരിക്കുന്ന പൊതുജനത്തിന്റെ പിന്നാലെ ചെന്ന് അവര്‍ പരിഹസിക്കും: “നീ മിണ്ടാതിരിക്കുന്നത് പ്രതി മുസ്ലിം അല്ലാത്തത് കൊണ്ടല്ലേ, ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു…മുസ്‌ളിം അല്ലാത്തത് കൊണ്ട് രക്ഷപെട്ടു, അതിന് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്‌, അല്ലായിരുന്നെങ്കിലോ….ആലോചിക്കാന്‍കൂടി വയ്യ, ഹോ ഹോഹോ!”- ഈ മുറവിളിയും പ്രചരണത്തിന്റെ പ്രധാന സെഗ്മന്റാണ്. പ്രചാരകരെ സംബന്ധിച്ചിടത്തോളം ഇതൊരു സുന്നത്താണ്. ചെയ്താല്‍ പ്രതിഫലം, ഇല്ലെങ്കില്‍ ഇല്ല.

സി.ആര്‍. പരമേശ്വരന്‍ എഴുതിയ നോവല്‍ 'പ്രകൃതി നിയമ'ത്തിന്റെ മാതൃഭൂമി പതിപ്പ് പുറത്തിറങ്ങി, Prakrithi niyamam novel by C.R. Parameswaran, Mathrubhumi books

എന്താണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനം? അവര്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രയേ ഉള്ളൂ- മുസ്‌ളിങ്ങള്‍ ആരും ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. അല്ലെങ്കില്‍ അവര്‍ ചെയ്യാത്തതിനും അവരുടെ മേല്‍ കുറ്റമാരോപിക്കുന്നത് മറ്റുള്ളവര്‍ക്ക്/ചിലര്‍ക്ക് ഹരമാണ്. ഈ അവകാശവാദം ശരിയാണോ? അല്ല എന്നതാണ് വസ്തുത. മുസ്ലിങ്ങളില്‍ ചിലര്‍ ചിലപ്പോള്‍ അങ്ങനെ ചെയ്യാറുണ്ട് എന്നാല്‍ എല്ലാവരും എല്ലായ്‌പ്പോഴും ഇല്ല. ചെയ്യാത്തപ്പോഴും ആരോപണം ഉയര്‍ത്തുന്നത് അധാര്‍മ്മികതയാണ്, മുസ്‌ളിം വിരുദ്ധതയാണ്-അതാണ് വസ്തുതാപരമായ നിലപാട്. ബാക്കിയൊക്കെ മതപ്പണി.

എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമാകുന്നുത് എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. കളക്റ്റിവിസ്റ്റ്-ഗോത്രീയ രാഷ്ട്രീയമാണ് (Tribal-collectivist politics) ഇതിന് പിന്നിലുള്ളത്. സംഗതി പക്കാ ട്രൈബലിസം തന്നെ. കളക്റ്റിവിസം എന്നൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ വിളിക്കും. ജാതിവാദം എന്ന് ജാതി യുക്തിവാദികള്‍ പറയും. ജൂതന്‍മാര്‍ക്കെതിരെ ഹിറ്റ്‌ലര്‍ ഉപയോഗിച്ചതും ഇതേ സോഫ്റ്റ് വെയറാണ്. ജൂതരെല്ലാം കുഴപ്പക്കാരാണ്, ദേശീയബോധമില്ലാത്തവരാണ്, വഞ്ചകരാണ്, ക്രിസ്തുഘാതകരാണ്…എന്നായിരുന്നു ഹിറ്റ്‌ലര്‍ പ്രസംഗിച്ചിരുന്നത്.

ജൂതരെല്ലാം ഒന്നാണ്, അതിലാരെയും മാറ്റിനിര്‍ത്താനില്ല. ഏതെങ്കിലും വ്യക്തിക്കോ ചെറു കൂട്ടങ്ങള്‍ക്കോ വ്യത്യസ്തരാവാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അങ്ങനെയാകാന്‍ ഒരു ജൂതനും അവകാശമില്ല എന്നാണ് ആ പറയുന്നതിന്റെ അര്‍ത്ഥം. ie the individual has no right to be individualistic or different. മാര്‍ക്‌സും സമാനമായി ജൂതര്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട്. ഇവയൊക്കെ ജൂതവിരുദ്ധത. ജൂതവിരോധം എന്ന് തന്നെ സംബോധന ചെയ്യണം. ഹിറ്റ്‌ലറും മാര്‍ക്‌സും ജൂതവിരോധികളായത് തങ്ങളുടെ ഗോത്രീയ-കളക്റ്റിവിസ്റ്റ് അന്ധവിശ്വാസങ്ങള്‍ മൂലമാണ്.

ഹമാസിനെ തുരത്താനായി ഇസ്രായേല്‍ ഗസയില്‍ ബോംബിടുന്നത് ഗാസക്കാര്‍ക്കെല്ലാം കൂട്ടശിക്ഷ(collective punishment) വിധിക്കുന്നതിന് തുല്യമാണെന്ന് അന്താരാഷ്ട്ര ഹ്യൂമന്‍ റൈറ്റ് ഏജന്‍സികള്‍ പറയുന്നത് അതുകൊണ്ടാണ്. കളക്റ്റീവ് പണിഷ്‌മെന്റ് ഒരു യുദ്ധക്കുറ്റമാണ്, മനുഷ്യാവകാശ ലംഘനമാണ്. എല്ലാ ഗാസാക്കാരും ഹമാസല്ല, അവരെല്ലാം ഹമാസിന്റെ ഭീകരതയോട് യോജിക്കുന്നില്ല. എന്തിനേറെ ഹമാസിനെ എതിര്‍ക്കുന്നവര്‍ പോലും അവരിലുണ്ടാകും.

പക്ഷെ ബോംബ് നിരപരാധികളെയും ക്രിമിനലുകളെയും വേര്‍തിരിച്ച് കാണുന്നില്ല. ഹമാസ് ഹ്യൂമന്‍ ഷീല്‍ഡ് ഉപയോഗിക്കുന്നു എന്നത് ഇസ്രായേല്‍ നടത്തുന്ന ബോംബിഗിംനെ ന്യായീകരിക്കില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞുകൊണ്ടിരിക്കും. അതാണ് ആധുനിക ജനാധിപത്യരാഷ്ട്രീയം.

സ്റ്റാലിനും പോള്‍പോട്ടും മാവോയും കിരാതമായ കമ്മ്യൂണിസ്റ്റ് സാഹിത്യം വിളമ്പി സ്വന്തം ജനതയെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയതും ഗോത്രീയ-കളക്റ്റിവിസ്റ്റ് വാദം ഉന്നയിച്ചാണ്. ബൂര്‍ഷ്വ-തൊഴിലാളിവര്‍ഗ്ഗം, ഉള്ളവന്‍-ഇല്ലാത്തവന്‍ എന്നൊക്കെ കൃത്രിമ ദ്വന്ദങ്ങളുണ്ടാക്കി ഉള്ളവരെയും ബൂര്‍ഷ്വകളെയും കൂട്ട ശിക്ഷയ്ക്ക് വിധിക്കണമെന്ന് തീരുമാനിച്ചപ്പോഴാണ് ഗുലാഗുകളും കില്ലിംഗ് ഫീല്‍ഡുകളും സാംസ്‌കാരിക വിപ്‌ളവവുമൊക്കെ പിറന്നത്. ‘നല്ല ബൂര്‍ഷ്വാ’എന്നൊന്നില്ല എന്ന മാര്‍ക്‌സിയന്‍ സങ്കല്‍പ്പം തന്നെയാണ് ജാതിവാദികളും പിന്തുടരുന്നത്.

അവര്‍ സമൂഹത്തെ അവര്‍ണ്ണനും സവര്‍ണ്ണനുമായി വിഭജിക്കുന്നു. അവര്‍ണ്ണരെല്ലാം ഇരകളും നല്ലവരും സവര്‍ണ്ണരെല്ലാം മോശപെട്ട വ്യക്തികളും ശിക്ഷക്കപെടേണ്ടവരുമാണെന്ന് അവര്‍ സ്ഥാപിക്കുന്നു. വ്യക്തിയുടെ സവിശേഷതകളൊന്നും പരിഗണിക്കില്ല. കൂട്ടത്തിന്റേതെന്ന് അവര്‍ ആരോപിക്കുന്ന പൊതുഗുണങ്ങള്‍(tribe qualities) ആ കൂട്ടത്തിലെ എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ ഉണ്ടെന്ന വാദമാണിത്. അതായത് ഉപ്പിന്റെ ഓരോ കണികയിലും ഉപ്പുണ്ട്. വൈവിധ്യം, വ്യതിരിക്തത തുടങ്ങിയ ജൈവഗുണങ്ങളെ തിരസ്‌കരിക്കുന്ന യാന്ത്രിക കാഴ്ചപാടാണിത്.

കൂട്ടശിക്ഷ, കൂട്ട അനുഗ്രഹം (collective punishment, collective reward) എന്ന കളക്റ്റീവിസ്റ്റ്-ഗോത്രീയ വാദത്തില്‍ തന്നെയാണ് ജാതിവാദവും പടുത്തുയര്‍ത്തിയിരിക്കുന്നത്. വ്യക്തിയുടെ സ്വാത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും തൃണസമാനമായാണ് ജാതിവാദികളും കമ്മ്യൂണിസ്റ്റുകാരും മതവാദികളും കാണുന്നത്. അവരുടെ മുന്നില്‍ വ്യക്തിയില്ല, കൂട്ടങ്ങളും ഗോത്രങ്ങളും മാത്രം. കൂട്ടശിക്ഷകളും കൂട്ടപ്രതിഫലവും മാത്രം. അതിനായി മാത്രം ഉപകരിക്കുന്ന രാഷ്ട്രീയവും ചരിത്രവും മാത്രമായിരിക്കും അവര്‍ ഉന്നയിക്കുക.

ഉള്ളവനും ഇല്ലാത്തവനും സവര്‍ണ്ണനും അവര്‍ണ്ണനും ഹിന്ദുവും മുസ്‌ളിമും ഒക്കെ അവര്‍ക്ക് തമ്മിലടിക്കേണ്ട, പരസ്പരം വെറുക്കേണ്ട ഗോത്രങ്ങള്‍ മാത്രമാണ്. അവയില്‍ പെട്ട ഓരോ അംഗത്തിനും അതിനുപരിയായ രമ്യതയോ സാധ്യതയോ പാടില്ലെന്ന് അവര്‍ പ്രത്യക്ഷമായും പരോക്ഷമായും വാദിക്കും. അതിനായി ചരിത്രം ഉദ്ധരിക്കും, വര്‍ത്തമാനത്തെ നിരാകരിക്കും, കളവ് പറയും.

വ്യക്തിവിരുദ്ധവും ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ഈ അമാനവികമായ രാഷ്ട്രീയ നിലപാടാണ് മുസ്‌ളിം വിരുദ്ധത എന്നവര്‍ മറ്റുള്ളവരില്‍ ആരോപിക്കുന്ന കുറ്റത്തിലും പ്രകടമാകുന്നത്. അതായത് മുസ്ലിം വിരുദ്ധത എന്ന സങ്കല്‍പ്പം ഇസ്ലാമിസ്റ്റുകളും ജാതിവാദികളും കമ്മ്യൂണിസ്റ്റുകാരും സ്വന്തം രാഷ്ട്രീയബോധ്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചുണ്ടാക്കുന്ന ഒരു കളക്റ്റിവിസ്റ്റ് ആരോപണമാണ്. മുസ്ലിങ്ങളില്‍ ഭീകരവാദം കൊണ്ടു നടക്കുന്നവരുണ്ടാകാം, പക്ഷെ മുസ്‌ളിങ്ങളെല്ലാം ഭീകരവാദികളല്ല-ഇതാണ് ആധുനിക ജനാധിപത്യ സമൂഹം പിന്തുടരുന്ന വാദം.

മുസ്‌ളിങ്ങളെന്നല്ല ഏതൊരു സമുദായത്തെ സംബന്ധിച്ചും സാധുവായ വാദം അത് മാത്രമാണ്. പക്ഷെ കളക്റ്റിവിസ്റ്റ്-ഗോത്രീയ വാദികള്‍ക്ക് ഇത് സ്വീകാര്യമാകില്ല. സ്വീകരിച്ചാല്‍ അവരുടെ പ്രതിലോമ രാഷ്ട്രീയം നിലംപൊത്തും. ജാതിസംവരണം മുതല്‍ കള്‍ച്ചറല്‍ റവല്യൂഷന്‍വരെ പ്രതിക്കൂട്ടിലാവും. ഗുലാഗും ഗ്യാസ് ചേമ്പറുകളും എത്ര ഭീകരമായിരുന്നുവെന്ന് മനുഷ്യരാശിക്ക് ബോധ്യപ്പെടും.

ഗോത്രീയതയും കളക്റ്റിവിസവും തീവ്ര വലതുപക്ഷ ആശയങ്ങളാണ്. ഇവിടെയാണ് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും ഗുണഗണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സ്വതന്ത്രചിന്താ സമീപനം വ്യതിരിക്തമാകുന്നത്. വ്യക്തിയെ അല്ല ആശയങ്ങളെയാണ് എതിര്‍ക്കേണ്ടത്. ആശയം കയ്യൊഴിയുന്ന വ്യക്തിയെ വേറൊരാളായി കാണണം. വ്യക്തിയെ ഗോത്രവല്‍ക്കിരിച്ച് അനുഗ്രഹിക്കുന്നതും ശിക്ഷിക്കുന്നതും അധാര്‍മ്മികമാണ്. കുറ്റം ചെയ്ത വ്യക്തിക്കാണ് ശിക്ഷ വിധിക്കേണ്ടത്,വീണ് കിടക്കുന്ന വ്യക്തിയെ ആണ് സഹായിക്കേണ്ടത്.

പട്ടിണിക്കാരന് ആഹാരം കൊടുക്കണം, രോഗിയെ ചികിത്സിക്കണം. ചരിത്രവും പുരാണകഥകളും എഴുന്നെള്ളിച്ച് ഒരു ഗോത്രത്തെ മുഴുവന്‍ പിടിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യരുത്. കളക്റ്റീവ് പണിഷ്‌മെന്റും കളക്റ്റീവ് റിവാഡും ഫാഷിസം തന്നെ. വ്യക്തി ചെയ്ത കുറ്റത്തിന് അയാള്‍ ഉള്‍പ്പെടുന്ന കൂട്ടത്തെ മുഴുവന്‍ ശിക്ഷിക്കുന്നത് ഭീകരവാദമാണ്.

വ്യക്തിയുടെ പീഡനത്തിന് ഗോത്രത്തിന് മുഴുവന്‍ ചികിത്സ കൊടുക്കുന്നതും അനീതിയാണ്. ക്രിസ്തുവിന്റെ ഘാതകരെന്നോ മുഹമ്മദിന് വിഷം കൊടുത്തവരെന്നോ വിശേഷിപ്പിച്ച് അത്തരം കഥകളുമായി യാതൊരു ബന്ധവുമില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജൂതരെ ഒന്നാകെ വെറുക്കുന്നത് ഭീകരതയാണ്. അത്തരം വെറുപ്പിന് അനുസരണമായി രാഷ്ട്രീയം എതിര്‍ക്കപെടേണ്ടതാണ്.

ഗോത്രീയ-കളക്റ്റിവിസ്റ്റ് രാഷ്ട്രീയമാണ് പൊതുശത്രുക്കളെയും വര്‍ഗ്ഗശത്രുക്കളെയും മതശത്രുക്കളെയും ഉണ്ടാക്കുന്നത്. ശത്രുപക്ഷം മുഴുവന്‍ തിന്മയുടെ കേന്ദ്രമാണ് എന്ന വാദമണതില്‍ പ്രധാനം. പണ്ട് യൂറോപ്പില്‍ ഏതൊരു അനിഷ്ടസംഭവം നടന്നാലും അതിന് പിന്നില്‍ ജൂതരാണെന്ന ആരോപണം വരുമായിരുന്നു. സമാനമാണ് ഇവിടെയും. സംശയവും ആരോപണവും മുഴുവന്‍ മുഖ്യ ശത്രുവിനെതിരെ തിരിയുന്നു. അത് മുസ്‌ളിങ്ങളാകാം സംഘപരിവാറാകാം ജൂതരാകാം.

ശ്രത്രു എല്ലാ മോശം കാര്യങ്ങളുടെയും സ്രോതസ്സായി ചിത്രീകരിക്കപെടുന്നു. അക്കാര്യത്തില്‍ അന്വേഷണമോ തെളിവോ പ്രസക്തമല്ല. എല്ലാ നന്മകളും സ്വന്തം അക്കൗണ്ടിലിടും. ഇസ്ലാമിക പ്രൊപ്പഗാന്‍ഡ സ്രോതസ്സുകളും ടൂളുകളും സമൃദ്ധമായി ഉപയോഗിച്ച് ‘മുസ്‌ളീമാണ് അത് ചെയ്തത് ‘ എന്ന കൃത്രിമ പരാതി ഉയര്‍ത്തി കുളത്തില്‍ നഞ്ച് കലക്കി മീന്‍ പിടിക്കുന്നതും ഇതേ ഗോത്രീയ-കളക്റ്റിവിസ്റ്റ് നിലപാടുകളില്‍ ഊന്നി നിന്നുകൊണ്ടാണ്.

പ്രതി മുസ്‌ളീമല്ലെന്ന് തെളിയുമ്പോള്‍ ഉന്മാദബോധത്തോടെ പൊതുസമൂഹത്തിന് പിന്നാലെ വേട്ടപ്പട്ടികളെപോലെ പാഞ്ഞുചെല്ലുന്നതിന് പിന്നിലെ മാനസികാവസ്ഥയും മറ്റൊന്നല്ല. വ്യക്തിയാണ് ഏറ്റവും വലിയ ന്യൂനപക്ഷം. വ്യക്തിയെ ഗോത്രവല്‍ക്കരിച്ച് അനുഗ്രഹിക്കുന്നതും ശിക്ഷിക്കുന്നതും മാനവരാശിക്കെിരെയുള്ള കുറ്റകൃത്യമാണ്.