വരിക വരിക സഹജരേ, സഹന സമര സമയമായി

 

ആർ. ഗോപാലകൃഷ്ണൻ🔸

രിക വരിക സഹജരേ, സഹന സമര സമയമായി…. കരളുറച്ചു, കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം!❞

സ്വാതന്ത്ര്യ സമരകാലത്ത് കേരളജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനം…. ഇന്നും സ്വാതന്ത്ര്യ ദിനത്തിന് പലപ്പോഴും ഇത് നാം ആലപിക്കാറുമുണ്ട്… ഈ ദേശഭക്തിഗാനം നാമെല്ലാം ഓർക്കുന്നുവെങ്കിലും, പക്ഷേ, അതെഴുതിയ അംശി നാരായണപ്പിള്ള വിസ്മൃതിയിലായി കഴിഞ്ഞിട്ടുണ്ട്…

കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

‘വീരപുത്രൻ’ എന്ന സിനിമയിൽ, രമേഷ് നാരായൺ സംഗീതം കൊടുത്ത്  എം ജി ശ്രീകുമാർ ഈ ഗാനം  പാടുന്നുണ്ട്….

https://www.youtube.com/watch?v=buPLvUwoYiI

അംശി നാരായണപ്പിള്ളയുടെ 42-ാം ചരമവാർഷിക ദിനം കടന്നു പോകുന്നു….

🌍

ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ (അന്ന് തിരുവിതാംകൂറിൽ) തേങ്ങാപട്ടണത്തിന് സമീപത്തെ അംശിയിൽ 1896-ൽ നാരായണപിള്ള ജനിച്ചു. തിരുവിതാംകൂർ പോലീസ് വകുപ്പിലെ ക്ലാർക്ക് ജോലി ഉപേക്ഷിച്ചാണ് സ്വാതന്ത്ര്യ സമരത്തിലേക്ക് കുതിച്ചത്.

ഏ.കെ. പിള്ളയുടെ ‘സ്വരാജ്’ വാരികയിൽ സഹപത്രാധിപരായിരുന്നു; പിന്നീട്, 1924-ൽ അദ്ദേഹം ഗാന്ധിയൻ ആദർശം പ്രചരിപ്പിക്കാനായി തിരുവനന്തപുരത്തു നിന്ന് ‘മഹാത്മാ’ എന്ന വാർത്താവാരിക തുടങ്ങി; ഈ വാരികയ്ക്ക് ഗാന്ധിജിയുടെ ആശയാനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. പി. കേശവദേവുമായി ചേർന്ന് പിന്നീട് തൃശ്ശൂരിൽനിന്നും ‘മഹാത്മാ’ ദിനപത്രമായി പ്രസിദ്ധീകരിച്ചിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിന് ‘മഹാത്മ’ ശക്തമായ പിന്തുണ നൽകി. അംശിയുടെ ആദ്യ കാല കവിതകൾ ‘മഹാത്മ’യിലാണ് പ്രസിദ്ധീകരിച്ചത്.

സ്വാതന്ത്ര്യവാഞ്ഛ തുടിക്കുന്ന, വരികളായിരുന്നു അംശിയുടെ രചനാ ശൈലിയുടെ പ്രത്യേകത. കേളപ്പജിയുടെ നേതൃത്വത്തിൽ യൂത്ത്‌ലീഗ് എന്ന ആദ്യകാല സോഷ്യലിസ്റ്റ് സംഘടന അംശിയുടെ വിപ്ലവഗാനത്തോടെയായിരുന്നു ആരംഭിച്ചത്.

1930-ൽ കോഴിക്കോട്ട് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പൊന്നറ ശ്രീധർ, എൻ.സി. ശേഖർ, അംശി നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട 25 അംഗ ജാഥ ‘വരിക വരിക സഹജരേ’ വഴിനീളെ പാടി. തിരുവതാംകൂർ, കൊച്ചി, മലബാർ ജില്ലാ (ബ്രട്ടീഷ്) ഭരണകൂടം – അങ്ങനെ, മൂന്ന് സർക്കാരും ആ ഗാനം നിരോധിച്ചു.

‘പടയാളിയുടെ പാട്ടുകൾ’ എന്ന കൃതിയിൽ ഈ ഗാനമുണ്ട്. നിരോധന ലംഘനത്തിന്റെ പേരിൽ അംശിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ആറര മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവഗാനരചനയ്ക്കും തൃശ്ശൂർ മജിസ്‌ട്രേട്ട് കോടതി അംശിയെ വിചാരണ ചെയ്തിട്ടുണ്ട്.

മഹാത്മാഗാന്ധിയെ ശ്രീരാമനായും ഭാരതത്തെ സീതയായും ബ്രിട്ടീഷുകാരനെ രാവണനായും ചിത്രീകരിക്കുന്ന ‘ഗാന്ധി രാമായണം’, ‘രണ്ടാം ഭാരതയുദ്ധം’, ‘ഭഗത്‌സിങ്’, ‘ജാലിയൻ വാലാബാഗ്’ എന്നീ കവിതകൾ മദ്രാസ് പ്രെവിൻഷ്യൽ ബ്രട്ടീഷ് ഭരണകൂടം നിരോധിച്ചു.

🌍

44-ാം വയസ്സിലാണ് കുടുംബ ജീവിതം തുടങ്ങുന്നത്.  1941-ൽ അംശി നാരായണപിള്ള, തിരുവനന്തപുരം കരമന സ്വദേശിയായ തങ്കമ്മയെ വിവാഹം കഴിച്ചത്. 1941-ൽ പാഠപുസ്തകത്തിന് തെരഞ്ഞെടുത്ത ഒരു ഗ്രന്ഥത്തിന് ലഭിച്ച 1000 രൂപ കൊണ്ട് അദ്ദേഹം അംശിയിൽ ഒരു സ്‌കൂൾ ആരംഭിച്ചു. 85-ാം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം അംശി സ്‌കൂളിന്റെ മാനേജരായിരുന്നു.
1981 ഡിസംബർ ഒൻപതിനാണ് അംശി അന്തരിച്ചത്‌.

========================================

🌍

വരിക വരിക സഹജരേ’

🔸
വരിക വരിക സഹജരേ
സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കു പോകനാം
പോക നാം .. വരിക വരിക…
വരിക വരിക …
വരിക വരിക സഹജരേ..
ബ്രിട്ടനെ വിരട്ടുവിൻ …
വിരട്ടുവിൻ വിരട്ടുവിൻ
ചട്ടമൊക്കെ മാറ്റുവിൻ ..
മാറ്റുവിൻ .. മാറ്റുവിൻ ..
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിനച്ചിടാ
വരിക വരിക സഹജരേ…
ഉപ്പുകള്ളൻ ഉപ്പുകള്ളൻ ഉപ്പുകള്ളനേ ജയ
സൽക്കുമാനേ സൽക്കുമാനേ …
സത്യമൂർത്തി നീ ജയ
വിജയമെങ്കിൽ വിജയവും
മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാശ്വസിച്ചിറങ്ങണം
ആശ്വസിച്ചിറങ്ങണം ആശ്വസിച്ചിറങ്ങണം…
വരിക വരിക സഹജരേ..
സഹജരേ.. സഹജരേ…
സഹനസമരസമയമായ് ..
സമരമായ്.. സമരമായ് ..
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കു പോകനാം
പോകനാം..